എക്‌സ്‌പോ 2020-യുമായി കൈകോര്‍ത്ത് നിസാന്‍

എക്‌സ്‌പോ 2020-യുമായി കൈകോര്‍ത്ത് നിസാന്‍

റീട്ടെയ്ല്‍ മാമാങ്കത്തിന്റെ ഔദ്യോഗിക ഓട്ടോമോട്ടിവ് പങ്കാളിയാകും നിസാന്‍

ദുബായ്: നിക്ഷേപാവസരങ്ങളുടെ കലവറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എക്‌സ്‌പോ 2020യുടെ ഔദ്യോഗിക ഓട്ടോമോട്ടീവ് പങ്കാളിയായി ഓട്ടോമൊബീല്‍ ഭീമന്‍ നിസാന്‍. എക്‌സ്‌പോ സൈറ്റില്‍ വച്ചു നടന്ന ചടങ്ങിലാണ് കമ്പനി ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത്.

ഇതോടെ, ഇലക്ട്രിക് വാഹനങ്ങള്‍, നൂതനസാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള അടുത്ത തലമുറയില്‍പ്പെട്ട കാറുകള്‍ എന്നിവയുള്‍പ്പടെ എക്‌സ്‌പോയ്ക്ക് വേണ്ടി ജാപ്പനീസ് കമ്പനി അണിനിരത്തും.

ആയിരത്തിലധികം വാഹനങ്ങളാണ് എക്‌സ്‌പോയുടെ മാറ്റുകൂട്ടാന്‍ നിസാന്‍ അവതരിപ്പിക്കുക. സെഡാന്‍, എസ്‌യുവി മുതല്‍ പിക്കപ്പ് ട്രക്കുകള്‍, ബസുകള്‍ എന്നിവ വരെ ഈ ശ്രേണിയിലുണ്ടാകും. നിര്‍മാണം, വിഐപി സന്ദര്‍ശനം പങ്കെടുക്കുന്നവര്‍ക്കും സംഘാടകര്‍ക്കുമുള്ള യാത്രാ സൗകര്യം തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗപ്പെടുത്തും.

മെയ്ന്റ്‌നന്‍സ്, റോഡ്‌സൈഡ് അസിസ്റ്റന്‍സ്, ഇന്‍ഷുറന്‍സ്, എക്‌സ്‌പോ 2020 ഫഌറ്റ് ബ്രാന്‍ഡിംഗ് എന്നിവയിലും നിസാന്‍ പിന്തുണ നല്‍കും. മിഡില്‍ ഈസ്റ്റില്‍ വച്ചു നടന്ന ചടങ്ങില്‍ ആദ്യമായി പുറത്തിറക്കിയ നിസാന്റെ ടോപ്പ് സെല്ലിംഗ് ഇലക്ട്രിക് കാറായ നിസാന്‍ ലീഫും എക്‌സ്‌പോയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

നിസാന്‍ ലീഫ് ഉപയോഗപ്പെടുത്താന്‍ പോകുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ പ്രധാന സംരംഭമാണ് എക്‌സ്‌പോ 2020. മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കാന്‍ ഇത് സഹായകമാകുമെന്നാണ് കരുതുന്നത്.

നിസാനൊപ്പം എമിറേറ്റ്‌സ് എയര്‍ലൈന്‍, അക്‌സെഞ്ചര്‍, ഡിപി വേള്‍ഡ്, എമിറേറ്റ്‌സ് എന്‍ബിഡി, എത്തിസലാത്ത്, സാപ്, സീമെന്‍സ് തുടങ്ങിയ സ്ഥാപനങ്ങളും എക്‌സ്‌പോ 2020 ദുബായുടെ പ്രീമിയര്‍ പാര്‍ട്ണര്‍മാരാണ്

യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രിയും ദുബായ് എക്‌സ്‌പോ 2020ന്റെ ഡയറക്റ്റര്‍ ജനറലുമായ റീം അല്‍ ഹാഷിമി, നിസാന്‍ മിഡില്‍ ഈസ്റ്റ് പ്രസിഡന്റ്് കല്യാണ ശിവജ്ഞാനം എന്നിവര്‍ ചേര്‍ന്നാണ് കരാരില്‍ ഒപ്പുവച്ചത്.

മനുഷ്യന്റെ നൈപുണ്യം ആഘോഷിക്കുകയാണ് ഓരോ ലോക എക്‌സ്‌പോയുമെന്ന് അല്‍ ഹാഷിമി പറഞ്ഞു. ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ ഉപയോഗിച്ച് ഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥാപനമാണ് നിസാനെന്നും അതുകൊണ്ടുതന്നെ അവരുമായുള്ള പങ്കാളിത്തത്തില്‍ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്കു മുന്നില്‍ ഈ സാങ്കേതികവിദ്യകള്‍ പ്രദേശിപ്പിക്കുന്നതിനുള്ള വേദിയായി എക്‌സ്‌പോ 2020 ദുബായ് ഉപയോഗപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

നിസാനൊപ്പം എമിറേറ്റ്‌സ് എയര്‍ലൈന്‍, അക്‌സെഞ്ചര്‍, ഡിപി വേള്‍ഡ്, എമിറേറ്റ്‌സ് എന്‍ബിഡി, എത്തിസലാത്ത്, സാപ്, സീമെന്‍സ് തുടങ്ങിയ സ്ഥാപനങ്ങളും എക്‌സ്‌പോ 2020 ദുബായുടെ പ്രീമിയര്‍ പാര്‍ട്ണര്‍മാരാണ്. കൂടുതല്‍ പാര്‍ട്ണര്‍ഷിപ്പുകള്‍ വരും മാസങ്ങളില്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Arabia