ഇന്ത്യന്‍ ടെലികോം രംഗത്തും വന്‍ തൊഴില്‍ നഷ്ടം

ഇന്ത്യന്‍ ടെലികോം രംഗത്തും വന്‍ തൊഴില്‍ നഷ്ടം

നടപ്പുവര്‍ഷം ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഏകദേശം 1.5 മില്യണ്‍ തൊഴില്‍ നഷ്ടമാണ് രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്

മുംബൈ: ഇന്ത്യന്‍ ടെലികോം മേഖലയില്‍ നടന്നിട്ടുള്ള ലയന നീക്കങ്ങളുടെ ഫലമായി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ടെലികോം മേഖലയിലെ 75,000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ കണ്ടെത്തല്‍. കടുത്ത മത്സരം നേരിടുന്ന ടെലികോം വിപണിയില്‍ നില്‍നില്‍പ്പ് ഉറപ്പിക്കുന്നതിനു വേണ്ടി ടെലികോം സേവനദാതാക്കളും ടവര്‍ കമ്പനികളും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് സംരംഭങ്ങളുമെല്ലാം ഏകീകരണ നടപടികളിലേക്കും ഏറ്റെടുക്കലുകളിലേക്കും കടന്നതോടെ തൊഴില്‍ ശക്തിയുടെ നാലിലൊന്ന് ഭാഗം നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ടെലികോം വ്യാവസായിക രംഗത്തെ മൊത്തം ചെലവിടലില്‍ നാല് മുതല്‍ അഞ്ച് ശതമാനം വരെ ചെലവ് കണക്കാക്കിയിട്ടുള്ളത് ജീവനക്കാരുടെ വിഭാഗത്തിലാണ്. എന്നാല്‍, കുറച്ചുവര്‍ഷങ്ങളായി ഇവരുടെ വേതനത്തില്‍ യാതൊരു വിധത്തിലുള്ള പരിഷ്‌കരണവും ഉണ്ടായിട്ടില്ല. മാത്രമല്ല, ഇപ്പോള്‍ തൊഴിലാളികളുടെ എണ്ണം കുറച്ചുകൊണ്ട് ചെലവ് ചുരുക്കാനാണ് ടെലികോം കമ്പനികള്‍ ശ്രമിക്കുന്നത്. അനുബന്ധ ബിസിനസുകള്‍ അടച്ചുപൂട്ടിയും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ചുരുക്കിയും സ്ഥിരം തൊഴിലാളികളുടെയും കരാര്‍ തൊഴിലാളികളുടെയും എണ്ണം കുറച്ചും ചെലവ് ചുരുക്കാനുള്ള നടപടികളിലാണ് ടെലികോം കമ്പനികളെന്നും ഒരു വര്‍ഷം മുന്‍പുണ്ടായിരുന്നതില്‍ 75 ശതമാനം മാത്രം തൊഴില്‍ശക്തിയാണ് ഇപ്പോള്‍ ഈ രംഗത്ത് നിലനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. കൂടുതല്‍ പിരിച്ചുവിടലിനുള്ള സാധ്യതകളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഏകദേശം ഒരു വര്‍ഷം മുന്‍പ് മൂന്ന് ലക്ഷം ജീവനക്കാരാണ് ഇന്ത്യന്‍ ടെലികോം മേഖലയുടെ ഭാഗമായുണ്ടായിരുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ ഇതില്‍ 25 ശതമാനത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് റിസര്‍ച്ച് സംരംഭമായ ഇമ പാട്‌ണേഴ്‌സില്‍ നിന്നുള്ള എ രാമചന്ദ്രന്‍ പറഞ്ഞു. ഇതില്‍ മിക്കതും നിര്‍ബന്ധിച്ചുള്ള പിരിച്ചുവിടല്‍ പ്രക്രിയയിലൂടെ ഉണ്ടായിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറച്ച് മാസത്തെ നോട്ടീസ് പിരീഡിനുള്ളില്‍ ജീവനക്കാരോട് കമ്പനി വിടാന്‍ ആവശ്യപ്പെടുകയാണ് ചെയ്തിട്ടുള്ളത്. മൂന്ന് മുതല്‍ ആറ് മാസത്തെ ശമ്പളവും വിരമിക്കല്‍ പാക്കേജിന്റെ ഭാഗമായി ചില കമ്പനികള്‍ വാഗ്ദാനം ചെയ്യാറുണ്ട്.

ടെലികോം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റുകളില്‍ (വെണ്ടര്‍ കമ്പനികള്‍) നിന്നും ഒരു വര്‍ഷത്തിനുള്ളില്‍ 35 മുതല്‍ 40 ശതമാനം വരെ ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായതെന്നും രാമചന്ദ്രന്‍ പറഞ്ഞു. സമാനകാലയളവില്‍ ടെലികോം ഓപ്പറേറ്റര്‍മാരുടെ തൊഴില്‍ശക്തിയില്‍ 25-30 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ പിരിച്ചുവിടുന്നവരില്‍ സ്‌പെഷലൈസ്ഡ് വിഭാഗങ്ങളില്‍ മാത്രം വൈദഗ്ധ്യമുള്ളവരെ സംബന്ധിച്ചിടത്തോളം മറ്റ് മേഖലകളില്‍ തൊഴില്‍ കണ്ടെത്തുന്നത് പ്രയാസമായിരിക്കുമെന്നാണ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ പറയുന്നത്. ഇത് മിഡില്‍-സീനിയര്‍ തലത്തിലുള്ള ജീവനക്കാരെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും അവര്‍ വിശദീകരിച്ചു.

ടെലികോം രംഗത്തെ ഏകദേശം 50 ശതമാനത്തോളം ജീവനക്കാര്‍ മിഡില്‍ ലെവല്‍ മാനേജര്‍മാരാണ്. ഇതില്‍ തൊഴില്‍ നഷ്ടപ്പെട്ട 25 മുതല്‍ 30 ശതമാനം പേര്‍ സ്‌പെഷലൈസ്ഡ് വിഭാഗത്തില്‍ പ്രാവിണ്യമുള്ളവരാണെന്ന് എബിസി കണ്‍സള്‍ട്ടന്റ്‌സ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ വിവേക് മെഹ്ത പറഞ്ഞു. അതായത് ഈ വിഭാഗത്തിലുള്ള 20,000 ജീവനക്കാര്‍ക്ക് മറ്റ് മേഖലകളില്‍ തൊഴില്‍ കണ്ടെത്തുന്നത് പ്രയാസാമാകും. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയില്‍ നിന്നുള്ള കണക്ക് പ്രകാരം നടപ്പുവര്‍ഷം ജനുവവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഏകദേശം 1.5 മില്യണ്‍ തൊഴില്‍ നഷ്ടമാണ് രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്.

Comments

comments

Categories: More