ഫ്‌ളൈറ്റ് ട്രെയ്‌നിംഗ് അക്കാദമിയുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ഫ്‌ളൈറ്റ് ട്രെയ്‌നിംഗ് അക്കാദമിയുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ആഗോളതലത്തില്‍ വിദഗ്ദ്ധരായ പൈലറ്റുമാരുടെ ആവശ്യം വര്‍ധിക്കുന്നത് പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് എമിറേറ്റ്‌സ് ലോകോത്തര പരിശീലന സൗകര്യം ഒരുക്കുന്നത്

ദുബായ്: തുടക്കക്കാരായ പൈലറ്റുകളുടെ വൈദഗ്ധ്യ വികസനത്തിനും പരിശീലനത്തിനുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് ട്രെയ്‌നിംഗ് അക്കാദമി സ്ഥാപിച്ചു. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം ദുബായ് എയര്‍ ഷോയില്‍ വെച്ച് അക്കാദമി ഉദ്ഘാടനം ചെയ്തു. 39 ദശലക്ഷം യുഎസ് ഡോളര്‍ ആണ് മുതല്‍മുടക്ക്.

സൗത്ത് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് ഫ്‌ളൈറ്റ് ട്രെയ്‌നിംഗ് അക്കാദമിയില്‍ നിന്നും പരിശീലനം നേടാന്‍ യുഎഇ യില്‍ മാത്രമല്ല ലോകത്തില്‍ എവിടെ നിന്നും ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഉണ്ടായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കേഡറ്റുകളില്‍ പരിശീലന സമയത്തു തന്നെ ഒരു എയര്‍ലൈന്‍ സംസ്‌കാരം വളര്‍ത്തി എടുക്കുന്നതിനും വ്യോമയാന വ്യവസായത്തിന്റെ ഭാവി ആവശ്യങ്ങള്‍ക്കായി അവരെ പരിശീലിപ്പിക്കുന്നതിനും അക്കാദമി പ്രാമുഖ്യം നല്‍കും. ഇതോടെ വ്യോമയാന വ്യവസായമേഖലയില്‍ നിലനില്‍ക്കുന്ന വിദഗ്ദ്ധരായ പൈലറ്റുകളുടെ അഭാവത്തിനും പരിഹാരം ആകും. വിജയകരമായി പരിശീലനം പൂര്‍ത്തി ആക്കുന്ന കേഡറ്റുകളെ ആവശ്യം അനുസരിച്ചു എമിറേറ്റ്‌സ് എയര്‍ലൈന്‍സിലേക്കു റിക്രൂട്ട് ചെയ്യുന്നതിനും പദ്ധതി ഉണ്ട്. ഫ്‌ളൈയിംഗില്‍ മുന്‍പരിചയം ഇല്ലാത്ത കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിനായി അത്യാധുനികമായ ഉന്നത നിലവാരത്തിലുള്ള പഠന സാങ്കേതിക വിദ്യയും പരിശീലന വിമാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രാരംഭ ഘട്ടത്തില്‍ സിമുലേറ്ററുകളിലും പിന്നീട് സിംഗിള്‍, മള്‍ട്ടി എന്‍ജിന്‍ എയര്‍ ക്രഫ്റ്റുകളിലും പരിശീലിപ്പിക്കും.

ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം ദുബായ് എയര്‍ ഷോയില്‍ വെച്ച് അക്കാദമി ഉദ്ഘാടനം ചെയ്തു. 39 ദശലക്ഷം യുഎസ് ഡോളര്‍ ആണ് മുതല്‍മുടക്ക്.

പ്രായോഗിക പരിശീലത്തിനു പുറമെ വ്യോമയാന വ്യവസായത്തെ സംബന്ധിച്ച് സൈദ്ധാന്തികമായ കൂടുതല്‍ അറിവുകള്‍ നേടുന്നതിനുള്ള ക്ലാസ്സുകളും പരിശീലനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത് കേഡറ്റുകള്‍ക്ക് എയര്‍ലൈന്‍ വ്യവസായത്തിലേക്കുള്ള അവരുടെ പരിവര്‍ത്തനത്തെ സുഗമമാക്കുമെന്ന് എമിറേറ്റ്‌സ് അധികൃതര്‍ വ്യക്തമാക്കി.

2011 ലെ ദുബായ് എയര്‍ഷോയില്‍ ആണ് എമിറേറ്റ്‌സ് ഫ്‌ളൈറ്റ് ട്രെയ്‌നിംഗ് അക്കാദമി എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. 2015ല്‍ നിര്‍മാണം ആരംഭിച്ച അക്കാദമിയുടെ ആദ്യ ഘട്ടം ഈ വര്‍ഷം ആദ്യത്തോടെ പൂര്‍ത്തിയായിരുന്നു. 1,64,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള എമിറേറ്റ്‌സ് ഫ്‌ളൈറ്റ് ട്രെയ്‌നിംഗ് അക്കാദമിയില്‍ 36 ഗ്രൗണ്ട് സ്‌കൂള്‍ ക്ലാസ് മുറികള്‍, ഗ്രൗണ്ട് ബേസ്ഡ് സിമുലേറ്റഴ്‌സ്, 27 പരിശീലന വിമാനങ്ങള്‍, അത്യാധുനിക നാവിഗേഷന്‍ ലൈറ്റിംഗ് സൗകര്യങ്ങളോടു കൂടിയ 1,800 മീറ്റര്‍ പ്രത്യേക റണ്‍വേ, ഒരു സ്വതന്ത്ര എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, അത്യാധുനിക അഗ്‌നിശമന രക്ഷാ സേവനങ്ങള്‍, വിമാനങ്ങളുടെ മെയിന്റനന്‍സ് കേന്ദ്രം എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരേ സമയം 6,00 കേഡറ്റുകളെ വരെ പരിശീലിപ്പിക്കാവുന്ന അക്കാദമിയില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രവേശനം സാധ്യമാണ്.

Comments

comments

Categories: Arabia