ദുബായ് എയര്‍ ഷോ: നേട്ടമുണ്ടാക്കാതെ എയര്‍ബസ്

ദുബായ് എയര്‍ ഷോ: നേട്ടമുണ്ടാക്കാതെ എയര്‍ബസ്

ബോയിംഗ് നേട്ടമുണ്ടാക്കുന്നത് എയര്‍ബസിന് മേല്‍ സമ്മര്‍ദ്ദം ശക്തിപ്പെടുത്തുന്നുണ്ട്

ദുബായ്: ദുബായ് എയര്‍ ഷോ തുടങ്ങി മൂന്നു ദിവസം പിന്നിട്ടിട്ടും വലിയ ഓര്‍ഡറുകളൊന്നും ലഭിക്കാതെ എയര്‍ബസ്. പ്രധാന എതിരാളികളായ ബോയിംഗിന് ചില ഡീലുകള്‍ നേടാന്‍ സാധിച്ച സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കമ്പനിക്കു മേല്‍ സമ്മര്‍ദം വര്‍ധിക്കും. ഷോയുടെ അവശേഷിക്കുന്ന ദിനങ്ങളില്‍ നേട്ടമുണ്ടാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.

എ320 നിയോ സിംഗിള്‍ ഐല്‍ എയര്‍ക്രാഫ്റ്റിനായി ഈജിപ്ത് എയര്‍ എയര്‍ലൈന്‍സിന്റെ ഡീലാണ് വരാന്‍ പോകുന്ന പ്രധാന ഓര്‍ഡര്‍. കൂടാതെ ദുബായ് ആസ്ഥാനമാക്കിയുള്ള ഫ്‌ളൈദുബായ് 175 നാരോ ബോഡി പ്ലെയ്‌നുകള്‍ക്കായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ബന്ധപ്പെട്ട വ്യക്തികള്‍ പറയുന്നു.

എമിറേറ്റ്‌സില്‍ നിന്നും 36 അധിക എ380 സൂപ്പര്‍ ജമ്പോ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ സ്വന്തമാക്കാമെന്നുള്ള ആത്മവിശ്വാസത്തിലായിരുന്നു ഈ യൂറോപ്യന്‍ വിമാന നിര്‍മാതാക്കള്‍. എന്നാല്‍ ദുബായ് എയര്‍ഷോയില്‍ അമേരിക്കന്‍ കമ്പനിയായ ബോയിംഗിന്റെ 40 വിമാനങ്ങള്‍ വാങ്ങാനാണ് എമിറേറ്റ്‌സ് താല്‍പര്യപ്പെട്ടത്. കാര്യമായ ഇടപാടുകളൊന്നും എയര്‍ബസിന്റെ കാര്യത്തില്‍ നടന്നിട്ടില്ല. നിലവിലുള്ള സാഹചര്യത്തില്‍ ബോയിംഗിന് ശുഭപ്രതീക്ഷയാണുള്ളത്.

ഉല്‍പ്പാദകരെയും ഉപഭോക്താക്കളെയും ഒരുമിച്ചുകൊണ്ടുവന്ന് ഡീലുകള്‍ സ്വന്തമാക്കാനുള്ള അവസരങ്ങള്‍ ഒരുക്കുന്ന വേദിയാണ് എയര്‍ഷോകള്‍. സാധാരണ ഇത്തരം ഷോകളില്‍ പ്രതിയോഗികളായ ബോയിംഗിനേക്കാള്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്നത് എയര്‍ബസ് തന്നെയാണ്. എന്നാല്‍ ഇക്കുറി കമ്പനിക്ക് കണക്കുകൂട്ടലുകള്‍ ഏറെക്കുറെ പിഴച്ചു. ഷോ മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും ഒരു ബയറെപ്പോലും കണ്ടെത്താന്‍ എയര്‍ബസിന് സാധിച്ചിട്ടില്ല. ഒരു വലിയ ദുരന്തം ഒഴിവാക്കാന്‍ രണ്ടു ദിവസത്തിനുള്ളില്‍ ഇവര്‍ പരിശ്രിമിക്കേണ്ടതുണ്ട്.

സെയില്‍സ് ചീഫായ ജോണ്‍ ലേഹിയുടെ നേതൃത്വത്തില്‍ മികച്ച പ്രകടനമാണ് എയര്‍ഷോകളില്‍ കമ്പനി കാഴ്ച വയ്ക്കാറുള്ളത്. വരും മാസങ്ങളില്‍ അദ്ദേഹം എയര്‍ബസിന്റെ പടിയിറങ്ങാനിരിക്കെ അസ്ഥിരമായ ഭാവിയാണോ കമ്പനിയെ കാത്തിരിക്കുന്നതെന്ന വാദങ്ങളും ഉയരുന്നുണ്ട്.

കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും ഉല്‍പാദനം നിര്‍ത്തില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ എയര്‍ബസിന്റെ സൂപ്പര്‍ ജംബോജെറ്റ് എ380ന് കൂടുതല്‍ ഓര്‍ഡര്‍ നല്‍കാന്‍ കഴിയൂവെന്ന് എമിറേറ്റ്‌സ്

ഷോയുടെ ആദ്യ ദിവസമായ ഞായറാഴ്ചയാണ് പ്രവണതകള്‍ മാറുന്നതായി എയര്‍ബസിന് ബോധ്യമായത്. എ380 ഓര്‍ഡറുമായി മേളയില്‍ തങ്ങളുടെ അരങ്ങേറ്റം നടത്താമെന്നാണ് എയര്‍ബസ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പകരം എമിറേറ്റ്‌സ് ബോയിംഗിന്റെ 787 ഡ്രീം ലൈനറിനു വേണ്ടി 15.1 ബില്യണ്‍ ഡോളറിന്റെ കരാറിനു തയാറാവുകയായിരുന്നു.

കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും ഉല്‍പാദനം നിര്‍ത്തില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ എയര്‍ബസിന്റെ സൂപ്പര്‍ ജംബോജെറ്റ് എ380ന് കൂടുതല്‍ ഓര്‍ഡര്‍ നല്‍കാന്‍ കഴിയൂവെന്ന് എമിറേറ്റ്‌സ് വിശദീകരിച്ചു. ഇതിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലാര്‍ക്ക് പറഞ്ഞു. ലോകത്തില്‍ ഏറ്റവുമധികം എയര്‍ബസ് എ380 കള്‍ ഉപയോഗിക്കുന്ന വിമാന കമ്പനിയാണ് എമിറേറ്റ്‌സ്. എമിറേറ്റ്‌സ് ഉള്‍പ്പടെയുള്ള ഗള്‍ഫ് മേഖലയിലെ വിമാന കമ്പനികളാണ് എയര്‍ ബസിന്റെ ഈ മോഡലിന്റെ ഏറ്റവും പ്രധാന ഉപഭോക്താക്കള്‍. ഇത്തരം 100 മോഡലുകളാണ് നിലവില്‍ എമിറേറ്റ്‌സിന്റെ കൈവശമുള്ളത്.

Comments

comments

Categories: Arabia