അറവ് മാലിന്യങ്ങള്‍ ഇനി ഉപോല്‍പ്പന്നങ്ങള്‍

അറവ് മാലിന്യങ്ങള്‍ ഇനി ഉപോല്‍പ്പന്നങ്ങള്‍

31.2 കോടി രൂപയുടെ പ്ലാന്റ് ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ വരുമാനത്തില്‍ 25 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്ന് മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യ എംഡി എ എസ് ബിജുലാല്‍

അറവ്ശാല മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കാലങ്ങളായി കേരളം നേരിട്ടിരുന്ന ബുദ്ധിമുട്ടിന് ഉടന്‍ അവസാനമാകും. മാംസാഹാര വിപണിയെ കൂടുതല്‍ ഹൈടെക്ക് ആക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാര്‍, മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യ(എംപിഐ)യ്ക്ക് കീഴില്‍ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് രൂപം നല്‍കുന്നു. 31.2 കോടി രൂപ മുതല്‍മുടക്കില്‍ കൂത്താട്ടുകുളത്തെ ഇടയാറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മാലിന്യസംസ്‌കരണ പ്ലാന്റ്, ഇത്തരത്തില്‍ കേരളത്തില്‍ ആദ്യപൊതുമേഖല സംരംഭമാണ്.

മാംസാഹാര വിപണിയുടെ സാധ്യതകളെ കൂടുതല്‍ ഫലവത്തായി ഉപയോഗിക്കുക, ഇറച്ചി സംസ്‌കരണ രീതികള്‍ കൂടുതല്‍ ശാസ്ത്രീയമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ സര്‍ക്കാര്‍ ഹൈടെക്ക് സ്ലോട്ടറിംഗ് പ്ലാന്റിന് തുടക്കം കുറിക്കുന്നത്. 2018 ജനുവരിയില്‍ കമ്മീഷന്‍ ചെയ്യാന്‍ ലക്ഷ്യമിടുന്ന പ്ലാന്റിന്റെ നിര്‍മാണപ്രവര്‍ത്തങ്ങള്‍ അവസാനഘട്ടത്തിലാണ്.

അറവ് മാലിന്യം, നിലവിലെ അവസ്ഥയിങ്ങനെ

നിലവില്‍ പ്രതിദിനം ഒരു ടണ്‍ മാംസമാണ് എംപിഐക്ക് കീഴിലുള്ള വിവിധ പ്ലാന്റുകളിലായി ഉത്പാദിപ്പിക്കപ്പെടുന്നത്. 400ല്‍പരം നാല്‍ക്കാലികളെ ഇതിനായി കശാപ്പു ചെയ്യുന്നു. ഇവയുടെ എല്ലുകള്‍, ഭക്ഷ്യയോഗ്യമല്ലാത്ത അവയവങ്ങള്‍, തോല്‍ എന്നിവ മാലിന്യങ്ങളുടെ കൂട്ടത്തില്‍ പുറന്തള്ളപ്പെടുന്നു. വലിയ കുഴികള്‍ കുഴിച്ച് ഈ മാലിന്യങ്ങള്‍ മറവ് ചെയ്യുകയായിരുന്നു അറവ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി അവലംബിച്ചിരുന്ന ഒരു പദ്ധതി. ഈ രീതി ശാസ്ത്രീയമല്ല എന്ന് മനസിലാക്കിയാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് എന്ന ലക്ഷ്യത്തിലേക്ക് എംപിഐ തിരിഞ്ഞിരിക്കുന്നത്.

നമ്മുടെ നാട്ടില്‍ ഇപ്പോഴും മാംസാഹാര വിപണിയുടെ പ്രവര്‍ത്തനം ശാസ്ത്രീയമായല്ല നടക്കുന്നത്. കശാപ്പു മുതല്‍ പാചകം വരെ തീര്‍ത്തും അശാസ്ത്രീയമായ രീതിയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഈ അവസ്ഥയ്ക്ക് ഒരു പരിധിവരെ തടയിടാന്‍, അനധികൃത കശാപ്പ് നിരോധനം കൊണ്ട് കഴിഞ്ഞിട്ടുണ്ട്-എ എസ് ബിജുലാല്‍, മാനേജിംഗ് ഡയറക്റ്റര്‍, എംപിഐ

നമ്മുടെ നാട്ടില്‍ ഇപ്പോഴും മാംസാഹാര വിപണിയുടെ പ്രവര്‍ത്തനം ശാസ്ത്രീയമായല്ല നടക്കുന്നത്. കശാപ്പു മുതല്‍ പാചകം വരെ തീര്‍ത്തും അശാസ്ത്രീയമായ രീതിയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഈ അവസ്ഥയ്ക്ക് ഒരു പരിധിവരെ തടയിടാന്‍, അനധികൃത കശാപ്പ് നിരോധനം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ആ മാറ്റത്തിന്റെ രണ്ടാം ഘട്ടം എന്ന നിലയില്‍ വേണം എംപിഐക്ക് കീഴിലുള്ള അറവ്ശാല മാലിന്യ സംസ്‌കരണ പ്ലാന്റിനെ കാണാന്‍. ഇത് കശാപ്പിനെയും അനുബന്ധ പ്രവര്‍ത്തങ്ങളെയും കൂടുതല്‍ ശാസ്ത്രീയമാക്കുന്നു-മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ എ എസ് ബിജുലാല്‍ ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

ഉപോല്‍പ്പന്നങ്ങള്‍ക്ക് മുന്‍തൂക്കം

അറവ്ശാല മാലിന്യങ്ങളില്‍ നിന്നും ഉപോല്‍പ്പന്നങ്ങള്‍ നിര്‍മിക്കുക എന്നതാണ് കേരളത്തിലെ ആദ്യത്തെ അറവ്ശാല മാലിന്യ സംസ്‌കരണ പ്ലാന്റിലൂടെ എംപിഐ ലക്ഷ്യമിടുന്നത്. 8 മണിക്കൂര്‍ ഷിഫ്റ്റിനുള്ളില്‍ ഏകദേശം 200 കന്നുകാലികളെയാണ് ഇവിടെ കശാപ്പ് ചെയ്യുന്നത്. പ്രതിദിനം ടണ്‍ കണക്കിന് മാലിന്യം പുറന്തള്ളപ്പെടുന്നു. ഈ മാലിന്യങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ ശേഖരിച്ച്, എല്ലുകള്‍, തോല്‍, രക്തം, മറ്റു ശരീരഭാഗങ്ങള്‍ എന്നിവ പ്രത്യേകം വേര്‍തിരിച്ച് കാര്‍ഷിക രംഗത്തിന് ഉതകുന്ന രീതിയില്‍ ഉന്നത ഗുണനിലവാരമുള്ള ജൈവ വളങ്ങള്‍ നിര്‍മിക്കും.

രക്തം വേര്‍തിരിച്ച്, പ്രത്യേക ഊഷ്മാവില്‍ ശീതികരിച്ച് കാപ്പി, ഏലം തുടങ്ങിയ വിളകള്‍ക്കുള്ള വളമാക്കിയെടുക്കും. മറ്റു ശരീരഭാഗങ്ങളും പ്രോസസ് ചെയ്ത് ഇതേ രീതിയില്‍ വളമാക്കി മാറ്റും. മാലിന്യ സംസ്‌കരണ പ്ലാന്റിന് കീഴില്‍ വികസിപ്പിച്ചെടുത്ത ഉപോല്‍പ്പന്നങ്ങള്‍ എംപിഐക്ക് കീഴില്‍ തന്നെ വിറ്റഴിക്കുവാനും ഇത് വഴി സ്ഥാപനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. കന്നുകാലികളുടെ കണ്‍പീലികള്‍ ബ്രഷ് നിര്‍മാണത്തിനായി വേര്‍തിരിച്ചെടുക്കുന്നുമുണ്ട്.

ശേഷം വരുന്ന മാലിന്യങ്ങള്‍, നേരെ ബയോഗ്യാസ് പ്ലാന്റിലേക്ക് കടത്തിവിട്ട് ബയോഗ്യാസ് നിര്‍മിക്കുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മാലിന്യനിര്‍മാര്‍ജനം ഒരു പ്രശ്‌നമല്ലാതായി മാറുകയും ഉല്‍പാദനം വര്‍ദ്ധിക്കുകയും ചെയ്യും. നിലവില്‍ പ്രതിദിനം 1 ടണ്‍ മാംസം ഉത്പാദിപ്പിക്കുന്ന സ്ഥാനത്ത് 35 ടണ്‍ ഉല്‍പാദനമാണ് എംപിഐ ലക്ഷ്യമിടുന്നതെന്ന് ബിജുലാല്‍ വ്യക്തമാക്കുന്നു.

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായി പുതിയ പ്ലാന്റ്

13.50 കോടി രൂപ മുതല്‍മുടക്കില്‍ കൊല്ലം ജില്ലയിലെ എരൂരില്‍ മാംസത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായുള്ള പ്ലാന്റും ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. സോസേജ്, പ്രൊസസ്ഡ് റെഡി റ്റു കുക്ക് മീറ്റ് , അച്ചാറുകള്‍, മറ്റു ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് മുന്‍തൂക്കം നല്‍കി ഈ പ്ലാന്റ് പ്രവര്‍ത്തിക്കും.

ഇതിന് പുറമെ, നൂറു ശതമാനം ഭക്ഷ്യ സ്വയം പര്യാപ്തത എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ചാലക്കുടിയിലെ പരിയാരം വില്ലേജില്‍ 16 ഏക്കര്‍ സ്ഥലത്ത് ഫാം ഹൗസ് തുടങ്ങാനും എംപിഐക്ക് പദ്ധതിയുണ്ടെന്ന് ബിജുലാല്‍ പറഞ്ഞു. എരുമ, പോത്ത്, ആട്, പന്നി എന്നിവയെ കേന്ദ്രീകരിച്ചാകും ഇത്. കര്‍ഷകര്‍ക്ക് വളര്‍ത്താനായി കന്നു കുട്ടികളെ നല്‍കിയ ശേഷം അറക്കാന്‍ പ്രായമാകുമ്പോള്‍ എംപിഐ പണം നല്‍കി വാങ്ങുന്ന രീതി കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും എംപിഐ ലക്ഷ്യമിടുന്നു.

കൊല്ലം ജില്ലയിലെ എരൂരില്‍ 13.50 കോടി രൂപ മുതല്‍മുടക്കില്‍ മാംസത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായുള്ള പ്ലാന്റും ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

2018 ജനുവരിയില്‍ കമ്മീഷന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഈ മൂന്നു പദ്ധതികളും യാഥാര്‍ഥ്യമാകുന്നതോടെ ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ എം പിഐക്ക് സാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. മാത്രമല്ല, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷം 25 ശതമാനത്തിന്റെ വരുമാന വര്‍ദ്ധനവും എംപിഐ ലക്ഷ്യമിടുന്നു.

വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാളിയുടെ ഭക്ഷ്യ സംസ്‌കാരത്തിലെ വിശ്വസ്ത ബ്രാന്‍ഡാകാന്‍ എംപിഐക്ക് സാധിച്ചത് ഗുണമേന്മയിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ കൊണ്ട് മാത്രമാണെന്ന് ബിജുലാല്‍ പറയുന്നു. ഇ-ടെന്‍ഡര്‍ മുഖാന്തിരം അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കശാപ്പിനായി കന്നുകാലികളെ കൊണ്ട് വരുന്നത്. അതിനുശേഷം, എംപിഐക്ക് കീഴിലുള്ള ഡോക്ടര്‍മാര്‍ കന്നുകളെ പരിശോധിച്ചു കശാപ്പിന് യോഗ്യമാണോ എന്ന് വിലയിരുത്തുന്നു. പിന്നീട് കന്നുകള്‍ സ്ലോട്ടറിംഗ് യൂണിറ്റുകളില്‍ വച്ച് ശാസ്ത്രീയമായി കശാപ്പ് ചെയ്യപ്പെടുന്നു. അവിടെ നിന്നും ഡി ബോണ്‍ യൂണിറ്റിലേക്ക് പോകുന്ന മാംസം, എല്ലുകള്‍ വേര്‍തിരിച്ച്, ശീതീകരിക്കുന്നു. പിന്നീടാണ് ഫ്രോസണ്‍ യൂണിറ്റുകളാക്കി ഇത് വിപണിയില്‍ എത്തിക്കുന്നത്.

കന്നുകാലികളെ കശാപ്പ് ചെയ്താല്‍ മസിലുകള്‍ മാംസമായി മാറുന്നതിനു ഒരു നിശ്ചിത സമയവും ശാസ്ത്രീയ രീതിയും ഉണ്ട്. അനധികൃത കശാപ്പുശാലകളില്‍ ഇവ പാലിക്കപ്പെടുന്നില്ല. ഇത്തരത്തില്‍ വില്‍ക്കപ്പെടുന്ന മാംസം മനുഷ്യന്റെ ആരോഗ്യത്തിനു ദോഷമാണ്. പൂര്‍ണമായും ആരോഗ്യകരമായ മാംസാഹാരം എന്ന ഒരൊറ്റ ലക്ഷ്യത്തിലാണ് എംപിഐ പ്രവര്‍ത്തനങ്ങള്‍-ബിജുലാല്‍ പറയുന്നു.

നിലവില്‍ സംസ്ഥാനത്തിനകത്ത് 365 ഡീലര്‍മാരുള്ള എംപി ഐ പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാകുന്നതോടെ എല്ലാ ജില്ലകളിലും പുതിയ വിതരണക്കാരെ നിയമിക്കും. ഇന്ത്യയ്ക്ക് പുറത്തേക്ക് കയറ്റുമതി വ്യാപിപ്പിക്കാനും മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നു.

Comments

comments

Categories: FK Special, Slider