ഡബ്ല്യുപിഐ പണപ്പെരുപ്പം ആറുമാസത്തെ ഉയര്‍ച്ചയില്‍

ഡബ്ല്യുപിഐ പണപ്പെരുപ്പം ആറുമാസത്തെ ഉയര്‍ച്ചയില്‍

3.59 ശതമാനത്തിലേക്കാണ് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്നത്

ന്യൂഡെല്‍ഹി: ഒക്‌റ്റോബറില്‍ മൊത്തവില്‍പ്പന വില സൂചിക അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം 3.59 ശതമാനത്തിലേക്ക് ഉയര്‍ന്നതായി ഔദ്യോഗിക റിപ്പോര്‍ട്ട്. ഏപ്രില്‍ മുതലുള്ള ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. രാജ്യത്ത് ഭക്ഷ്യസാധനങ്ങളുടെ വിലയില്‍ അനുഭവപ്പെട്ട വര്‍ധനയാണ് മൊത്തവില്‍പ്പന വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം വര്‍ധിക്കാനിടയാക്കിയത്.

സെപ്റ്റംബറില്‍ ഡബ്ല്യുപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2.60 ശതമാനമായിരുന്നു. മുന്‍ വര്‍ഷം ഒക്‌റ്റോബറില്‍ ഇത് 1.27 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഉള്ളിയുടെയും പച്ചക്കറികളുടെയും വിലയില്‍ കാര്യമായ വര്‍ധനയാണ് ഒക്‌റ്റോബറിലുണ്ടായത്. ഭക്ഷ്യവിലക്കയറ്റം ഇരട്ടിയിലധികം ഉയര്‍ന്ന് 4.30 ശതമാനമായിട്ടുണ്ടെന്നും ഔദ്യോഗിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

പച്ചക്കറികളുടെ വില വര്‍ധന സെപ്റ്റംബറിലെ 15.48 ശതമാനത്തില്‍ നിന്നും ഒക്‌റ്റോബറില്‍ 36.61 ശതമാനമായി കുതിച്ചുകയറി. ഉള്ളിവിലയില്‍ 127.04 ശതമാനത്തിന്റെ അമിത വര്‍ധനയാണ് അനുഭവപ്പെട്ടത്. മുട്ട, മാംസം, മത്സ്യം തുടങ്ങിയ ആഹാരസാധനങ്ങളുടെ വിഭാഗത്തില്‍ സമാനകാലയളവില്‍ 5.76 ശതമാനം വിലക്കയറ്റമുണ്ടായി. എന്നാല്‍, ധാന്യങ്ങളുടെ വിലയില്‍ 31.05 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. നിര്‍മിതോല്‍പ്പന്നങ്ങളുടെ വിലക്കയറ്റം സെപ്റ്റംബര്‍ മാസത്തെ 2.72 ശതമാനത്തില്‍ നിന്നും 2.62 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്ധനം, വൈദ്യുതി എന്നിവയുടെ വിലയില്‍ 10.52 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. പെട്രോള്‍, ഡീസല്‍ വിലയിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് ഇന്ധന വിഭാഗത്തിലെ വിലക്കയറ്റം കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഉയര്‍ന്ന തലത്തിലാണ് തുടരുന്നത്.

Comments

comments

Categories: Slider, Top Stories