ഫോക്‌സ്‌വാഗണ്‍ ബീറ്റിലിന് ഇലക്ട്രിക് അഭിനിവേശം

ഫോക്‌സ്‌വാഗണ്‍ ബീറ്റിലിന് ഇലക്ട്രിക് അഭിനിവേശം

പുതിയ എംഇബി പ്ലാറ്റ്‌ഫോമില്‍ റിയര്‍ വീല്‍ ഡ്രൈവ് മോട്ടോര്‍ നല്‍കി ഇലക്ട്രിക് ബീറ്റില്‍ അവതരിപ്പിക്കും

വോള്‍ഫ്‌സ്ബര്‍ഗ് (ജര്‍മ്മനി) : ഫോക്‌സ്‌വാഗണ്‍ ബീറ്റിലിന് ഇലക്ട്രിക് പതിപ്പ് കൊണ്ടുവരുന്ന കാര്യം ജര്‍മ്മന്‍ കമ്പനി ആലോചിക്കുന്നു. പുതിയ എംഇബി (മോഡുലാര്‍ ഇലക്ട്രിഫിക്കേഷന്‍ ടൂള്‍കിറ്റ്) പ്ലാറ്റ്‌ഫോമില്‍ റിയര്‍ വീല്‍ ഡ്രൈവ് മോട്ടോര്‍ നല്‍കിയായിരിക്കും ഇലക്ട്രിക് ബീറ്റില്‍ അവതരിപ്പിക്കുന്നത്. 500 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന കൂപ്പെ സ്റ്റൈല്‍ ഇലക്ട്രിക് എസ്‌യുവികള്‍ 2020 ല്‍ പുറത്തിറക്കുമെന്ന് ഡിട്രോയിറ്റ് മോട്ടോര്‍ ഷോയില്‍ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

2022 ഓടെ ഐഡി ക്രോസ് എന്ന കാര്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ ഫോക്‌സ്‌വാഗണ്‍. ഐഡി ക്രോസ് ഉപയോഗിക്കുന്ന അതേ പ്ലാറ്റ്‌ഫോം തന്നെയായിരിക്കും ഫോക്‌സ്‌വാഗണ്‍ ഇലക്ട്രിക് ബീറ്റില്‍ ഉപയോഗിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ ഫോക്‌സ്‌വാഗണ്‍ ആസ്ഥാനമായ വോള്‍ഫ്‌സ്ബര്‍ഗിലെ ഫാക്ടറിയിലായിരിക്കും നിര്‍മ്മിക്കുന്നത്

മൈക്രോബസ്, ബീറ്റില്‍, കുബെല്‍വാഗണ്‍, ബഗ്ഗി എന്നിവയാണ് പുതിയ ഇലക്ട്രിക് മോഡലുകളെന്ന് ഫോക്‌സ്‌വാഗണ്‍ ചെയര്‍മാന്‍ ഹെര്‍ബെര്‍ട്ട് ഡീസ് പറഞ്ഞു. ഐഡി ക്രോസ് കണ്‍സെപ്റ്റ് കാറിലെ പല ഡിസൈന്‍ ആശയങ്ങളും ഇലക്ട്രിക് ബീറ്റിലില്‍ ഉപയോഗിക്കും. ബീറ്റിലിലെ റിയര്‍ ആക്‌സിലില്‍ ഘടിപ്പിക്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ 169 ബിഎച്ച്പി പവര്‍ ഉല്‍പ്പാദിപ്പിക്കും.

ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഇലക്ട്രിക് വാഹനങ്ങള്‍ ഫോക്‌സ്‌വാഗണ്‍ ആസ്ഥാനമായ വോള്‍ഫ്‌സ്ബര്‍ഗിലെ ഫാക്ടറിയിലായിരിക്കും നിര്‍മ്മിക്കുന്നത്. 2025 ഓടെ ഈ വാഹനങ്ങള്‍ വിപണിയിലെത്തിക്കും. 2030 ഓടെ എല്ലാ മോഡലുകളും ഇലക്ട്രിഫൈ ചെയ്യുകയെന്ന ലക്ഷ്യം ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇ-മൊബിലിറ്റി സാക്ഷാല്‍ക്കരിക്കുന്നതിനായി വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനും ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ബാറ്ററി സാങ്കേതികവിദ്യയ്ക്കുമായി ഫോക്‌സ്‌വാഗണ്‍ 20 ബില്യണ്‍ യൂറോയുടെ നിക്ഷേപം നടത്തും.

Comments

comments

Categories: Auto