യുബറിന്റെ ഇന്ത്യ, ദക്ഷിണേഷ്യ പബ്ലിക് പോളിസി മേധാവി രാജിവെച്ചു

യുബറിന്റെ ഇന്ത്യ, ദക്ഷിണേഷ്യ പബ്ലിക് പോളിസി മേധാവി രാജിവെച്ചു

തിരിച്ചടിയാകുമെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ വിലയിരുത്തുന്നു

ന്യൂഡെല്‍ഹി: ആഗോള ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കളായ യുബറിന്റെ ഇന്ത്യ, ദക്ഷിണേഷ്യ പബ്ലിക് പോളിസി മേധാവി ശ്വേത രാജ്പാല്‍ കോഹ്‌ലി രാജിവെച്ചു. ഇന്ത്യയിലെ മുന്‍ മാധ്യമമപ്രവര്‍ത്തകയായിരുന്ന ശ്വേത രാജ്പാല്‍ കഴിഞ്ഞ വര്‍ഷമാണ് യുബറില്‍ ചേര്‍ന്നത്. ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ സെയില്‍സ്‌ഫോഴ്‌സ് ഡോട്ട്‌കോം ഇന്‍കിനൊപ്പമാണ് അടുത്തമാസം മുതല്‍ ശ്വേത പ്രവര്‍ത്തിക്കുക.
റെഗുലേറ്ററി നിയന്ത്രണമടക്കമുള്ള കാര്യങ്ങളില്‍ കമ്പനി നിരവധി തടസങ്ങളെ അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ റെഗുലേറ്റര്‍മാരുമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും യുബറിന്റെ ബന്ധം കെട്ടിപ്പടുക്കുകയെന്നതായിരുന്നു ശ്വേതയുടെ മുഖ്യചുമതല. അവരുടെ രാജി യുബറിന് തിരിച്ചടിയാകുമെന്നാണ് കമ്പനിയോടടുത്ത വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

2014ല്‍ ഡ്രൈവര്‍മാരിലൊരാള്‍ യുബര്‍ യാത്രക്കാരിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഡെല്‍ഹിയില്‍ യുബറിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് അമേരിക്കന്‍ കമ്പനിയായ യുബറിനെതിരെ വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു. തന്റെ മെഡിക്കന്‍ രേഖകള്‍ നിയമവിരുദ്ധമായി കൈപ്പറ്റി പ്രചരിപ്പിച്ചുവെന്നാരോപിച്ച് പീഡനത്തിനിരയായ യുവതി യുബറിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതു സംബന്ധിച്ച് അന്വേഷിക്കുന്നതിനായി ഒരു നിയമ സ്ഥാപത്തെ യുബര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
യുബറിന്റെ നേതൃതലത്തിലെ വിവിധ എക്‌സിക്യൂട്ടീവുകള്‍ അടുത്തിടെ കമ്പനി വിട്ടിരുന്നു. ബ്രിട്ടണിലെ കമ്പനിയുടെ മുതിര്‍ന്ന എക്‌സ്‌ക്യൂട്ടിന് രാജി വെച്ചതിന് പിന്നാലെ തന്നെ കമ്പനിയുടെ യൂറോപ്യന്‍ പോളിസി ചീഫ് ഒക്‌റ്റോബറില്‍ രാജി വെച്ചിരുന്നു. യുബര്‍ മുന്‍ സിഇഒയും സഹസ്ഥാപകനുമായ ട്രവിസ് കലാനിക് ഈ വര്‍ഷം ജൂണില്‍ രാജി വെച്ചിരുന്നു.നിക്ഷേപകരുടെ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു കലാനികിന്റെ രാജി.

യുഎസ് കഴിഞ്ഞാല്‍ യുബറിന്റെ വലിയ രണ്ടാമത്തെ വിപണി ഇന്ത്യയാണ്. 30തോളം ഇന്ത്യന്‍ നഗരങ്ങളില്‍ ടാക്‌സി സേവനം നടത്തുന്ന യുബറിന്റെ പ്രധാന എതിരാളി ജപ്പാനിലെ സോഫ്റ്റ് ബാങ്ക് പിന്തുണയ്ക്കുന്ന ഇന്ത്യന്‍ കമ്പനിയായ ഒലയാണ്. സാധ്യമായ നിക്ഷേപ സമാഹരണവുമായി ബന്ധപ്പെട്ട് സോഫ്റ്റ്ബാങ്കിന്റെയും ഡ്രാഗോനീറിന്റെയും നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവുമായി കരാര്‍ ഉറപ്പിച്ചെന്ന കാര്യം കഴിഞ്ഞ ദിവസം യുബര്‍ സ്ഥിരീകരിച്ചിരുന്നു.

Comments

comments

Categories: Business & Economy