കേരളത്തെ റോബോട്ടിക്‌സ് മയമാക്കും ഈ സംരംഭം

കേരളത്തെ റോബോട്ടിക്‌സ് മയമാക്കും ഈ സംരംഭം

സര്‍വീസ് റോബോട്ടുകളില്‍ മായാജാലം തീര്‍ക്കുകയാണ് അസിമോവ്

മനുഷ്യന് പകരക്കാരനാവാന്‍ റോബോട്ടുകള്‍ക്ക് സാധിക്കുമോ? മനുഷ്യബുദ്ധിക്ക് പകരം വയ്ക്കാന്‍ കൃത്രിമബുദ്ധി പര്യാപ്തമാകുമോ? ഇല്ലെന്ന് പറയാന്‍ വരട്ടെ, അസാധ്യമെന്ന് കരുതുന്ന കാര്യങ്ങളെ സാധ്യമാക്കുന്നിടത്താണ് ശാസ്ത്രത്തിന്റെ വളര്‍ച്ചയെന്നു തെളിയിക്കുകയാണ്, കൊച്ചി കളമശ്ശേരിയിലെ കിന്‍ഫ്ര ഹൈടെക്ക് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്‌സ്. സര്‍വീസ് റോബോട്ടുകളുടെ നിര്‍മാണത്തിലൂടെയും വിതരണത്തിലൂടെയും എല്ലാം മനുഷ്യന് പകരക്കാരനായി റോബോട്ടുകള്‍ വരുന്നകാലം വിദൂരമല്ല എന്ന് പ്രഖ്യാപിക്കുകയാണ് അസിമോവ്.

ഇനി വരാന്‍ പോകുന്നത് യന്ത്രമനുഷ്യന്റെ കാലമാണ് എന്ന പ്രത്യയശാസ്ത്രത്തിനാണ് ലോകത്ത് ഇപ്പോള്‍ വേരോട്ടം ലഭിക്കുന്നത്. കായികാധ്വാനം വേണ്ടതും അല്ലാത്തതുമായ പല രംഗങ്ങളിലും റോബോട്ടിക്‌സ് ടെക്‌നോളജി വരവറിയിച്ചു കഴിഞ്ഞു. 2012 മുതല്‍ റോബോട്ടിക്‌സ് രംഗത്ത് സജീവമായ അസിമോവ് ഇതിനോടകം തന്നെ ഐടി, മൊബീല്‍ ടെക്‌നോളജി, ആതുരസേവനം, ബാങ്കിംഗ് തുടങ്ങിയ നിരവധി മേഖലകളില്‍ സര്‍വീസ് റോബോട്ടുകളെ നല്‍കിക്കഴിഞ്ഞു.

വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ സംരംഭക കേരളം അറിയപ്പെടുക ഇവിടുത്തെ റോബോട്ടിക്‌സ് സ്റ്റാര്‍ട്ടപ്പുകളുടെ പേരിലായിരിക്കും-ടി ജയകൃഷ്ണന്‍, സ്ഥാപകന്‍, അസിമോവ്

ബാങ്കിലെത്തുന്ന ഉപഭോക്താക്കളെ സ്വീകരിച്ച് സേവനം ആവശ്യമായ കൗണ്ടറിലേക്ക് എത്തിക്കുന്നതിനായി എച്ച്ഡിഎഫ്‌സി ബാങ്കിന് വേണ്ടി സര്‍വീസ് റോബോട്ടുകളെ നിര്‍മിച്ചു നല്‍കിയാണ് അസിമോവ് ഈ രംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്. അതിനുശേഷം വിവിധ മേഖലകളില്‍ നിരവധി റോബോട്ടുകള്‍ക്ക് അസിമോവ് രൂപം നല്‍കി. കേരളത്തില്‍ പിറവിയെടുത്ത ഒരു റോബോട്ടിക്‌സ് സ്ഥാപനം ലോകശ്രദ്ധ നേടിയതിന് പിന്നില്‍ ടി ജയകൃഷ്ണന്‍ എന്ന യുവസംരംഭകന്റെ പരിശ്രമവും കഠിനാധ്വാനവുമാണ്.

അസിമോവിന്റെ കഥയിങ്ങനെ

വളരെ ലളിതമായ രീതിയില്‍ സാഹചര്യങ്ങളെ അനുകൂല ഘടകങ്ങളാക്കി മാറ്റി എങ്ങനെ ഒരു റോബോട്ടിക്‌സ് സംരംഭത്തിന് രൂപം കൊടുക്കാം എന്നതിനുള്ള ഉദാഹരണമാണ് അസിമോവ്. പഠനകാലഘട്ടത്തില്‍ തന്നെ റോബോട്ടിക്‌സ് വിഷയങ്ങളോട് ജയകൃഷ്ണനുണ്ടായിരുന്ന പ്രത്യേക താല്‍പര്യമാണ് ഇത്തരം ഒരു സംരംഭത്തിന് വഴി വച്ചത്. ഓട്ടോമേഷനില്‍ ഡിപ്ലോമ നേടിയശേഷം ഏകദേശം 7 വര്‍ഷക്കാലം ഈ രംഗത്ത് ജോലി ചെയ്ത അനുഭവസമ്പത്തുമായാണ് ജയകൃഷ്ണന്‍ എന്‍ജിനീയറിംഗിന് പഠിക്കാന്‍ ചേര്‍ന്നത്. പഠനകാലയളവില്‍ തന്നെ റോബോട്ടിക്‌സ് ആണ് തനിക്കനുയോജ്യമായ മേഖലയെന്നു ജയകൃഷ്ണന്‍ മനസിലാക്കി.

കൃത്യമായി പറഞ്ഞാല്‍ 1992ല്‍, തന്റെ ഡിപ്ലോമ പഠനകാലയളവില്‍ തന്നെ സര്‍വീസ് റോബോട്ടുകളുടെ ആദ്യരൂപം ജയകൃഷ്ണന്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ അതിന്റെ വിപണി സാധ്യതകളെക്കുറിച്ച് മനസിലാക്കുന്നത് പിന്നെയും നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. എന്‍ജിനീയറിംഗ് പഠനശേഷം റോബോട്ടിക്‌സ് സാങ്കേതികവിദ്യയുടെ വിവിധവശങ്ങള്‍ കൂടുതലായി പഠിച്ചു. തിരുവനന്തപുരത്ത് ടാറ്റ എല്‍ക്‌സി ജോലി ചെയ്യുമ്പോഴാണ് ഈ രംഗത്തേക്ക് പ്രൊഫഷണലായിത്തന്നെ കടക്കുന്നതിനെ പറ്റി ചിന്തിക്കുന്നത്.

2005ല്‍ സമാന താല്‍പര്യമുള്ള മറ്റൊരു സ്ഥാപനവുമായി ചേര്‍ന്ന് റോബോട്ടിക്‌സ് സംരംഭത്തിന് തുടക്കം കുറിച്ചു. സര്‍വീസ് റോബോട്ടുകളുടെ നിര്‍മാണത്തില്‍ തന്നെയാണ് പ്രധാനമായും ശ്രദ്ധിച്ചത്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി ആദ്യ ഒരു വര്‍ഷക്കാലം സ്ഥാപനം അംഗീകരിക്കപ്പെട്ടില്ല. പിന്നീട് അവസരങ്ങള്‍ ലഭിച്ചു തുടങ്ങി. ഈ കാലയളവില്‍ ധാരാളം മൊബീല്‍ റോബോട്ടുകളെ സ്ഥാപനം വികസിപ്പിച്ചു. ജപ്പാനുമായി സഹകരിച്ചുള്ള ചില പ്രൊജക്റ്റുകളും പൂര്‍ത്തിയാക്കി. 2011 വരെ മികച്ച രീതിയില്‍ തന്നെ ആ സംയുക്ത സംരംഭം മുന്നോട്ടു പോയി.

അസിമോവ് ദിനങ്ങള്‍

റോബോട്ടിക്‌സ് മേഖലയില്‍ സ്വന്തമായൊരു വ്യക്തിത്വം അനിവാര്യമാണ് എന്ന് മനസിലാക്കിയാണ് 2012ല്‍ അസിമോവ് എന്ന പേരില്‍ സ്വന്തം സ്ഥാപനത്തിന് ജയകൃഷ്ണന്‍ തുടക്കമിടുന്നത്. കുക്കിംഗ് റോബോട്ടിനെ ഉണ്ടാക്കിയാണ് അസിമോവ് വരവറിയിച്ചത്. പ്രത്യേക അന്തരീക്ഷത്തില്‍, മുന്‍കൂട്ടി കോഡ് ചെയ്യപ്പെട്ടത് അനുസരിച്ചുള്ള വിഭവങ്ങള്‍ പാകം ചെയ്യാന്‍ കഴിവുള്ള കുക്കിംഗ് റോബോട്ടുകളെ ഏറെ പ്രതീക്ഷയോടെയാണ് അവതരിപ്പിച്ചത് എങ്കിലും റോബോട്ട് വാണിജ്യപരമായി വിജയം കണ്ടില്ല.

അതിനുശേഷം, റോബോട്ടിക്ക് ആംസ് (റോബോട്ടിക്ക് കൈകള്‍ ) ഉണ്ടാക്കുന്നതിലായി പ്രത്യേക ശ്രദ്ധ. മൊബീല്‍ ഗാഡ്ജറ്റുകളുടെയും മറ്റും നിര്‍മാണ വേളയില്‍ ടച്ച് പാനല്‍ ഓട്ടോമേഷനുവേണ്ടി ഉപയോഗപ്പെടുന്ന രീതിയിലാണ് റോബോട്ടിക് ആംസ് നിര്‍മിച്ചത്. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നും നിരവധി ഓര്‍ഡറുകള്‍ അസിമോവ് വികസിപ്പിച്ച റോബോട്ടിക് ആംസിനു ലഭിച്ചു.

ബാങ്കിലെത്തുന്ന ഉപഭോക്താക്കളെ സ്വീകരിച്ച് സേവനം ആവശ്യമായ കൗണ്ടറിലേക്ക് എത്തിക്കുന്നതിനായി എച്ച്ഡി എഫ്‌സി ബാങ്കിന് വേണ്ടി സര്‍വീസ് റോബോട്ടുകളെ നിര്‍മിച്ചു നല്‍കിയാണ് അസിമോവ് ഈ രംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്

2016ലാണ് അസിമോവ് ബാങ്കിംഗ് സര്‍വീസ് റോബോട്ടുകളുടെ നിര്‍മാണത്തിലേക്ക് കടക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മുംബൈയിലെ ശാഖയില്‍ ഉപഭോക്താക്കളെ സ്വീകരിക്കുന്ന ‘ഇറ’ എന്ന യന്ത്ര മനുഷ്യന്‍ (ഹ്യുമനോയ്ഡ്) വളരെ ചെറിയ സമയത്തിനുള്ളിലാണ് ജനപ്രീതി നേടിയത്. അസിമോവ് ആദ്യം രൂപകല്‍പന ചെയ്തത് സയ എന്ന ഹ്യുമനോയ്ഡിനെ ആയിരുന്നു.

സയയുടെ രൂപാന്തരീകരണമാണ് ഇറ. ഉപഭോക്താവിനെ തിരിച്ചറിയാനുള്ള വോയ്‌സ് റെക്കഗ്‌നീഷന്‍ സംവിധാനം, ബാലന്‍സ് എന്‍ക്വയറി, ചെക്ക് ഡിപ്പോസിറ്റ് തുടങ്ങിയ ഫീച്ചറുകളും വൈകാതെ റോബോട്ടിലൂടെ സാധ്യമാക്കാന്‍ ഒരുങ്ങുകയാണ് അസിമോവ്.

സര്‍വീസ് റോബോട്ടുകളുടെ സാധ്യത മനസിലാക്കി ആശുപത്രികള്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും ഉചിതമായ രീതിയില്‍ റോബോട്ടുകളെ നിര്‍മിക്കുകയാണ് അസിമോവ് ഇപ്പോള്‍. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഉപഭോക്തൃ സേവനാര്‍ത്ഥം അസിമോവ് വികസിപ്പിച്ചെടുത്ത റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് .കോര്‍പ്പറേറ്റ് ട്രെയ്‌നിംഗ് സെഷനുകളിലും സെക്യൂരിറ്റി മേഖലയിലും ഇത്തരം റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്.

ഭാവി പദ്ധതികള്‍

നിലവില്‍ 10 പേരടങ്ങിയ ഒരു ടീമിനെയാണ് സിഇഒ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനത്തു നിന്ന് ജയകൃഷ്ണന്‍ നിയന്ത്രിക്കുന്നത്. പല വിദേശരാജ്യങ്ങളില്‍ നിന്നും അസിമോവ് വികസിപ്പിക്കുന്ന സര്‍വീസ് റോബോട്ടുകള്‍ക്ക് ആവശ്യക്കാര്‍ എത്തുന്നുണ്ട്. നിരവധി നിക്ഷേപകരും അസിമോവില്‍ പണം നിക്ഷേപിക്കാന്‍ തയാറായി എത്തുന്നു. എന്നാല്‍, നിക്ഷേപകരെ തല്‍ക്കാലം ഒരു കൈ അകലത്തില്‍ നിര്‍ത്തിയിരിക്കുകയാണ് ജയകൃഷ്ണന്‍.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായി സഹകരിച്ച് കാര്‍ഷികവികസനത്തിനായുള്ള റോബോട്ടുകളെ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് അസിമോവ്

സര്‍വീസ് റോബോട്ടുകളുടെ വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക, ഒപ്പം പ്രത്യേക പരിഗണന നല്‍കി റിസര്‍ച്ച് അധിഷ്ഠിത റോബോട്ടുകളെ വളര്‍ത്തുക എന്നതെല്ലാമാണ് അസിമോവ് ഭാവി പദ്ധതികളായി പരിഗണിച്ചിരിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായി സഹകരിച്ച് കാര്‍ഷികവികസനത്തിനായുള്ള റോബോട്ടുകളെ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് അസിമോവ്.

റോബോട്ടിക് മാനുഫാക്ചറിംഗ് മേഖലയില്‍ പാര്‍ട്‌സുകള്‍ കിട്ടുക എന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട് എങ്കിലും ഈ രംഗത്ത് കേരളം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരവധി പുതിയ സംരംഭങ്ങള്‍ ഈ രംഗത്ത് ചുവടുറപ്പിക്കുന്നത് പോസറ്റിവ് ആയി വേണം കാണാന്‍. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ സംരംഭക കേരളം അറിയപ്പെടുക ഇവിടുത്തെ റോബോട്ടിക്‌സ് സ്റ്റാര്‍ട്ടപ്പുകളുടെ പേരിലായിരിക്കും-അഭിമാനത്തോടെ ജയകൃഷ്ണന്‍ പറയുന്നു.

Comments

comments

Categories: FK Special, Slider