ഫാരഡെ ഫ്യൂച്ചറില്‍ 900 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ടാറ്റാ ഗ്രൂപ്പ്

ഫാരഡെ ഫ്യൂച്ചറില്‍ 900 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ടാറ്റാ ഗ്രൂപ്പ്

മുംബൈ : ബഹുരാഷ്ട്ര കമ്പനിയായ ടാറ്റ ഗ്രൂപ്പ് അമേരിക്ക ആസ്ഥാനമാക്കിയ ഇലക്ട്രിക്ക് കാര്‍ സ്റ്റാര്‍ട്ടപ്പായ ഫാരഡെ ഫ്യൂച്ചറില്‍ 900 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ടാറ്റയുടെ 900 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപത്തിന് ഫാരഡെ ഫ്യൂച്ചറിലെ 10 ശതമാനം ഓഹരികള്‍ ലഭിക്കും. ഇത് സ്റ്റാര്‍ട്ടപ്പിന്റെ വാല്യു ഏകദേശം ഒന്‍പത് ബില്ല്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. ചൈനീസ് സംരംഭകനും ലീക്കോയുടെ സിഇഒയും സ്ഥാപകനുമായ ജിയ യുയിറ്റിന്റെ പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പാണ് ഫാരഡെ ഫ്യൂച്ചര്‍.

ഇലക്ട്രിക്ക് വാഹനങ്ങളുടെ വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന സാങ്കേതികവിദ്യ കമ്പനിയാണ് കാലിഫോര്‍ണിയ ആസ്ഥാനമാക്കിയ ഫാരഡെ ഫ്യൂച്ചര്‍. 2014 ലാണ് ഈ സ്റ്റാര്‍ട്ടപ്പ് സ്ഥാപിച്ചത്. ഫാരഡെയുടെ വൈദ്യുതകാന്തിക നിയമം എന്നറിയപ്പെടുന്ന ഇലക്ട്രിക് മോട്ടോര്‍ ടെക്‌നോളജിയുടെ സ്ഥാപക തത്ത്വങ്ങളിലെ ഒരു പേരാണ് കമ്പനിക്ക് നല്‍കിയിരിക്കുന്നത്.

കമ്പനിയുടെ ആദ്യത്തെ മാതൃക തന്നെ 64,000 ത്തിലധികം ഓര്‍ഡറുകള്‍ സ്വീകരിച്ചിട്ടുണ്ട്. ടെസ്ല മോഡല്‍ എസിന്റെ എതിരാളിയായ ഫാരഡെ ഫ്യൂച്ചറിന്റെ എഫ്എഫ്91 ടെക്‌സാസില്‍ ബാറ്ററി ഫാക്റ്ററി നിര്‍മിക്കുന്നുണ്ട്. അതേസമയം കമ്പനിയുടെ സാമ്പത്തിക, ഇന്റേണല്‍ പ്രതിസന്ധികളെ തുടര്‍ന്ന് നിര്‍മാണ കോണ്‍ട്രാക്റ്ററായ എയ്‌കോം അവകാശപ്പെട്ട 21 മില്ല്യണ്‍ ഡോളറിന്റെ പേമെന്റ് കാലതാമസം നേരിടുന്നുണ്ട്. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, ചീഫ് ടെക്‌നോളജി ഓഫീസര്‍ ഉള്‍പ്പെടെ മുന്‍നിരയിലുള്ള നിരവധി പേര്‍ കമ്പനിയില്‍ നിന്ന് പുറത്തുപോയതിനാല്‍ ഫാരഡെ ഫ്യൂച്ചറിനെക്കുറിച്ചും ജിയ യുയിറ്റിനെക്കുറിച്ചും അടുത്തിടെ നിരവധി പത്രറിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ടാറ്റയുടെ നിക്ഷേപം സാധ്യമായാല്‍ സാമ്പത്തിക ബാധ്യതയില്‍ നിന്ന് കരകയറാന്‍ ഫാരഡെ ഫ്യൂച്ചറിന് സഹായകരമാകും. 2015 ല്‍ യുബറില്‍ നിക്ഷേപിച്ചുകൊണ്ടാണ് ടാറ്റ ഇന്ത്യയ്ക്ക് പുറത്തുള്ള നിക്ഷേപം ആരംഭിച്ചത്.

Comments

comments

Categories: More