കിഴക്കനേഷ്യന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

കിഴക്കനേഷ്യന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായി നരേന്ദ്രമോദി പ്രത്യേകം ചര്‍ച്ച നടത്തി.

മനില: ആസിയാന്‍ അംഗരാജ്യങ്ങളുടെയും മറ്റ് എട്ട് രാജ്യങ്ങളുടെയും മുഖ്യ ഫോറമായ 12-ാമത് കിഴക്കനേഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. പൊതുവായ വികസന ലക്ഷ്യത്തിനായുള്ള ആഴത്തിലുള്ള പങ്കാളിത്തത്തെ കുറിച്ചും ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനെ കുറിച്ചുമാമാണ് ഉച്ചകോടിയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പിന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ 10 തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളാണ് ആസിയാനിലെ അംഗങ്ങള്‍. ഇവയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാന്‍, ന്യൂസിലന്‍ഡ്, റഷ്യ, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളാണ് കിഴക്കനേഷ്യന്‍ ഉച്ചകോടിയില്‍ പങ്കെടുത്തത്.

പാരമ്പരാഗതവും അല്ലാത്തതുമായ സുരക്ഷാ ഭീഷണികള്‍, ഭീകരത, സമുദ്ര സഹകരണവും സുരക്ഷയും, ആണവായുധ നിര്‍വ്യാപനം എന്നിവയുള്‍പ്പടെയുള്ള വിഷയങ്ങളിലെ തങ്ങളുടെ കാഴ്ചപ്പാടുകള്‍ വിവിധ രാജ്യങ്ങള്‍ പങ്കുവെച്ചു.മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നവംബര്‍ 12നാണ് മോദി ഫിലിപ്പീന്‍സിലെത്തിയത്. 36 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി ഫിലീപ്പീന്‍സ് സന്ദര്‍ശിക്കുന്നത്. 1981ല്‍ ഇന്ദിരാഗാന്ധിയാണ് അവസാനമായി അവിടെ സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി.

12-ാമത് ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയിലും മോദി പങ്കെടുത്തു. നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ആസിയാന്‍ ഉച്ചകോടിക്കിടെ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സുരക്ഷയുമായും പ്രതിരോധവുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തിരുന്നു.ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ചതുര്‍രാഷ്ട്ര സഖ്യത്തിനും ഉച്ചകോടിയില്‍ ഔദ്യോഗിക തുടക്കം കുറിച്ചിരുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായും നരേന്ദ്രമോദി പ്രത്യേകം ചര്‍ച്ച നടത്തി.

Comments

comments

Categories: Slider, Top Stories