പേടിഎം രണ്ട് ഓണ്‍ലൈന്‍ കൂപ്പണ്‍ സ്റ്റാര്‍ട്ടപ്പുകളെ  ഏറ്റെടുക്കുന്നു

പേടിഎം രണ്ട് ഓണ്‍ലൈന്‍ കൂപ്പണ്‍ സ്റ്റാര്‍ട്ടപ്പുകളെ  ഏറ്റെടുക്കുന്നു

ന്യൂഡെല്‍ഹി : ഇലക്ട്രോണിക്‌സ് പേമെന്റ്, ഇ-കൊമേഴ്‌സ് ബ്രാന്‍ഡായ പേടിഎം നിയര്‍ബെ, ലിറ്റില്‍ ഇന്റര്‍നെറ്റ് എന്നീ ഓണ്‍ലൈന്‍ കൂപ്പണ്‍ സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കൂപ്പണുകള്‍, കാഷ്ബാക്ക്, പ്രൊമോ കോഡ് ഓഫറുകള്‍ തുടങ്ങിയ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന സംരംഭങ്ങളാണ് കൂപ്പണ്‍ സ്റ്റാര്‍ട്ടപ്പുകളായി അറിയപ്പെടുന്നത്.

വാണിജ്യ കരാറിലൂടെ റെസ്റ്റോറന്റുകള്‍ക്കും സലൂണുകള്‍ക്കും ഓണ്‍ലൈന്‍ ആനുകൂല്യ കൂപ്പണുകള്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകളാണ് ഗ്രൂപ്പോണ്‍ ഇന്ത്യ എന്നറിയപ്പെടുന്ന നിയര്‍ബെയും ലിറ്റില്‍ ഇന്റര്‍നെറ്റും. ഇരു കമ്പനികളും ഒരുമിച്ച് 80 മില്ല്യണ്‍ ഡോളറിലധികം സമാഹരിച്ചിട്ടുണ്ട്. പണവും സ്റ്റോക്കും ഒന്നിച്ചുള്ള കരാര്‍ ഇനത്തില്‍ ഏതാണ്ട് 30 മില്ല്യണ്‍ ഡോളറും നിലവില്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് അടുത്തകേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

സിംഗപ്പൂര്‍ ആസ്ഥാനമാക്കിയ ജിഐസിയും പേടിഎമ്മുമാണ് ലിറ്റില്‍ ഇന്റര്‍നെറ്റിലെ നിലവിലെ ഓഹരിഉടമകള്‍. ലിറ്റില്‍ എന്ന പേരിലുള്ള ആപ്ലിക്കേഷനും സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 2015 ല്‍ ലിറ്റില്‍ ഇന്റര്‍നെറ്റ് 50 ബില്ല്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. ഗുരുഗ്രാം ആസ്ഥാനമാക്കിയ നിയര്‍ബെ 2015 ല്‍ മാതൃസ്ഥാപനമായ ഗ്രൂപ്പോണില്‍ നിന്ന് വേര്‍പിരിഞ്ഞിരുന്നു. സെക്ക്വോയ കാപ്പിറ്റലില്‍ നിന്ന് നിയര്‍ബെ 20 മില്ല്യണ്‍ ഡോളര്‍ ശേഖരിച്ചിട്ടുണ്ട്.

ഈ രണ്ടു സ്റ്റാര്‍ട്ടപ്പുകളെയും ശ്രേണിയില്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് പേടിഎം ഓണ്‍ലൈന്‍-ടു- ഓഫ്‌ലൈന്‍ മാതൃക ഉറപ്പിക്കും. ഏറ്റെടുക്കല്‍ സംബന്ധിച്ച് പേപ്പര്‍വര്‍ക്കുകള്‍ അവസാനിച്ചു. മറ്റ് നടപടിക്രമങ്ങള്‍ നടക്കുന്നുണ്ട്. മൂന്ന്,നാല് ആഴ്ചകള്‍ക്കുള്ളില്‍ ഏറ്റെടുക്കല്‍ ഔദ്യോഗികമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നടപ്പുവര്‍ഷം ജൂണില്‍ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ഇന്‍സിഡര്‍ഡോട്ട്ഇന്നിലെ ഭൂരിഭാഗം ഓഹരികളും ഏതാണ്ട് 35 കോടി രൂപയ്ക്ക് പേടിഎം ഏറ്റെടുത്തിരുന്നു.

Comments

comments

Categories: Business & Economy