സോഫ്റ്റ്ബാങ്കില്‍ നിന്നും നിക്ഷേപം സ്വീകരിക്കാനൊരുങ്ങി യുബര്‍

സോഫ്റ്റ്ബാങ്കില്‍ നിന്നും നിക്ഷേപം സ്വീകരിക്കാനൊരുങ്ങി യുബര്‍

യുബറില്‍ 14 ശതമാനം ഓഹരി പങ്കാളിത്തം നേടാനാണ് സോഫ്റ്റ്ബാങ്ക് ലക്ഷ്യമിടുന്നത്

സാന്‍ഫ്രാന്‍സിസ്‌കോ: കോടിക്കണക്കിന് രൂപ മൂല്യമുള്ള ഓഹരികള്‍ ഏറ്റെടുത്തുകൊണ്ട് നിക്ഷേപം നടത്താനുള്ള സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ വാഗ്ദാനം ആപ്പ് അധിഷ്ഠിത ടാക്‌സി സ്റ്റാര്‍ട്ടപ്പായ യുബര്‍ അംഗീകരിച്ചു. നിക്ഷേപ സമാഹരണവുമായി ബന്ധപ്പെട്ട് സോഫ്റ്റ്ബാങ്കിന്റെയും ഡ്രാഗോനീറിന്റെയും നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവുമായി കരാര്‍ ഉറപ്പിച്ചതായി യുബര്‍ ടെക്‌നോളജീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സ്വകാര്യ സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളിലൊന്നായിരിക്കും ഇതെന്നാണ് സൂചന.
യുബറില്‍ ഒരു ബില്യണ്‍ ഡോളറിനടുത്ത് നിക്ഷേപം നടത്താനാണ് സോഫ്റ്റ്ബാങ്ക് കരാര്‍ ഉറപ്പിച്ചിട്ടുള്ളത്.

യുബറിന്റെ നിലവിലുള്ള നിക്ഷേപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമായി 9 ബില്യണ്‍ ഡോളര്‍ വരെ മൂല്യം വരുന്ന ഓഹരികള്‍ വാങ്ങാനുള്ള അപേക്ഷകളും വരുന്ന ആഴ്ചയോടെ സോഫ്റ്റ്ബാങ്ക് മുന്നോട്ടുവെക്കും. ഇതിലൂടെ യുബറില്‍ 14 ശതമാനം ഓഹരി പങ്കാളിത്തം നേടാനാണ് സോഫ്റ്റ്ബാങ്ക് ലക്ഷ്യമിടുന്നത്. 68.5 ബില്യണ്‍ ഡോളറാണ് നിലവില്‍ യുബറിന്റെ മൂല്യം. പക്ഷെ, എത്രയാണ് മൊത്തം കരാര്‍ മൂല്യമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് കമ്പനി വക്താവ് പ്രതികരിച്ചത്. കരാറിന്റെ ഭാഗമായി ടിപിജി, ടൈഗര്‍ ഗ്ലോബല്‍, ഡിഎസ്ടി ഗ്ലോബല്‍, ചൈനീസ് കമ്പനിയായ ടെന്‍സെന്റ് ലിമിറ്റഡ് തുടങ്ങിയ നിക്ഷേപകരും യുബര്‍ ഓഹരികള്‍ ഏറ്റെടുക്കും.

അതേസമയം, മതിയായ തോതില്‍ ഓഹരികള്‍ വില്‍ക്കാന്‍ യുബറിന്റെ നിക്ഷേപകരും തൊഴിലാളികളും തയാറായില്ലെങ്കില്‍ കരാര്‍ നടക്കാനുള്ള സാധ്യത കുറവാണ്. യുബറിന്റെ ഭരണപരമായ മാറ്റങ്ങളും നിക്ഷേപ കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കമ്പനിയുടെ ദീര്‍ഘകാല സാധ്യതകള്‍ക്ക് ദൃഢമായ ആത്മവിശ്വാസം പകരുന്നതാണ് ഈ കാരാറെന്ന് വിശ്വസിക്കുന്നതായി യുബര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ആഭ്യന്തര-വിദേശ വിപണികളിലെ വിപുലീകരണ പ്രവര്‍ത്തനങ്ങളിലും സാങ്കേതികതയിലും ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള തങ്ങളുടെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കോര്‍പ്പറേറ്റ് ഭരണം ശക്തമാക്കുന്നതിനും സോഫ്റ്റ്ബാങ്കുമായുള്ള കരാര്‍ സഹായകമാകുമെന്നാണ് യുബര്‍ പറയുന്നത്.

ഇതോടെ ലോകത്തിലെ ഉയര്‍ന്ന മൂല്യമുള്ള ടെക് സംരംഭങ്ങളിലൊന്നായ യുബറിനു പൊതുജനങ്ങള്‍ക്ക് ഓഹരികള്‍ വില്‍ക്കാനുള്ള മാര്‍ഗവും എളുപ്പമാകും. സോഫ്റ്റ്ബാങ്കുമായുള്ള കരാറിനു കീഴില്‍ 2019 ഡിസംബറിനു മുമ്പു തന്നെ പ്രാരംഭ ഘട്ട ഓഹരി വില്‍പ്പന നടക്കുമെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്.

Comments

comments

Categories: Business & Economy