ട്രംപിന്റെ നിലപാടില്ലായ്മ

ട്രംപിന്റെ നിലപാടില്ലായ്മ

ചൈനയില്‍ പോകുന്നതുവരെ ചൈനയെ കുറ്റം പറയും. അവിടെ എത്തിയാല്‍ പിന്നെ ഷി ജിന്‍ പിംഗും മാവോയുമെല്ലാം മഹാന്മാരാകും. അമേരിക്കയ്ക്ക് തന്നെ അപമാനമാവുകയാണ് ട്രംപിന്റെ നിലപാടുകളിലെ നിലവാരമില്ലായ്മ

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിനെ മാവോയ്ക്ക് ശേഷമുള്ള അതിശക്തനായ നേതാവെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ചൈനീസ് സന്ദര്‍ശനം ഷി ജിന്‍പിംഗിനെ പുകഴ്ത്തുന്ന ഒരു മഹാസംഭവമാക്കി മാറ്റി ചൈനീസ് വിരുദ്ധതയ്ക്ക് പ്രശസ്തനായിരുന്നു ട്രംപ്. ഷി ജിന്‍പിംഗമായുള്ള കൂടിക്കാഴ്ച്ച വളരെ വിജയകരമായിരുന്നു എന്നാണ് ട്രംപ് പ്രതികരിച്ചത്.

മാവേ സേദംഗിന് ശേഷം ചൈന കണ്ട ഏറ്റവും ശക്തനായ നേതാവാണ് ഷി. ചിലര്‍ പറയുന്നു മാവോയേക്കാള്‍ ശക്തനാണെന്ന്-ട്രംപിന്റെ വാക്കുകളാണ്. മനുഷ്യാവകാശങ്ങള്‍ ചുട്ടെരിച്ച മാവോയെ ട്രംപ് മഹാന്മാരുടെ ഗണത്തില്‍ പെടുത്താന്‍ തുടങ്ങിയോ എന്നറിയില്ല. എന്തായാലും ഇതേ ട്രംപിന്റെ അമേരിക്കയാണ് ആഴ്ച്ചകള്‍ക്ക് മുമ്പ് ചൈനീസ് അധിനിവേശത്തിനെതിരെ ഇന്ത്യയുമായി സഖ്യം ചേര്‍ന്ന് ലോകത്ത് പ്രതിരോധനം തീര്‍ക്കുമെന്നെല്ലാം പറഞ്ഞത്.

ചൈനയിലെത്തിയപ്പോള്‍ ട്രംപിന് പറയാനിരുന്നത് ഇത്തരത്തിലുള്ള ആശങ്കകള്‍ ഒന്നുമായിരുന്നില്ല. പ്രസിഡന്റ് എന്ന രീതിയിലുള്ള ട്രംപിന്റെ നിലപാടുകളിലെ നിലവാരമില്ലായ്മയ്ക്ക് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചൈനീസ് സന്ദര്‍ശനം.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപരകമ്മിയെക്കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവനയും വാര്‍ത്തകളില്‍ നിറഞ്ഞു. ചൈനയും യുഎസും തമ്മിലുള്ള വ്യാപാരം ഏകപക്ഷീയവും നീതീകരിക്കത്തക്കതുമല്ല. എന്നാല്‍ അതിന് ഞാനൊരിക്കലും ചൈനയം കുറ്റം പറയില്ല. അവര്‍ക്ക് അതിന് ക്രെഡിറ്റാണ് നല്‍കേണ്ടത്. കുറ്റം അമേരിക്കയുടേതാണ്-ട്രംപ് പറഞ്ഞു.

ട്രംപ് ചെയ്യുന്ന കാര്യങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹത്തിനുതന്നെ യാതൊരു ധാരണയുമില്ലെന്നാണ് പലരും അഭിപ്രായപ്പെടാറുള്ളത്. ട്രംപ് എന്ത് പറയുമെന്നോ ചെയ്യുമെന്നോ ഉള്ള കാര്യത്തെക്കുറിച്ച് അടുത്ത അനുയായികള്‍ക്ക് പോലും ധാരണയില്ലാത്ത തരത്തിലേക്കാണ് പലപ്പോഴും കാര്യങ്ങള്‍ നീങ്ങുന്നത്.
പ്രസിഡന്റ് സ്ഥാനം എന്താണെന്നതിനെക്കുറിച്ച് യാതൊരുവിധ ഗ്രാഹ്യവുമില്ലാത്ത വ്യക്തിയാണ് ട്രംപ് എന്നാണ് നേരത്തെ ഇക്കണോമിസ്റ്റ് അഭിപ്രായപ്പെട്ടത്. രാഷ്ട്രീയപരമായി പക്വതയോ യോഗ്യതയോ ഇല്ലാത്ത, ധാര്‍മിക മൂല്യങ്ങളില്ലാത്ത ട്രംപിന് പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ യാതൊരുവിധ അര്‍ഹതയുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

അമേരിക്ക എന്താണെന്നോ ഭരണനിര്‍വഹണം എങ്ങനെ നടത്തണമെന്നോ അദ്ദേഹത്തിന് വശമില്ല. അസ്ഥിരമായ തീരുമാനങ്ങളും ദീര്‍ഘവീക്ഷണില്ലാത്ത നയങ്ങളുമാണ് ട്രംപിന്റേത്. റഷ്യയുമായും ചൈനയുമായും ഉള്ള ബന്ധത്തില്‍ വരെ ഇത് പ്രകടമാണ്. സ്വന്തം ജനതയുടെ വിശ്വാസം അതിവേഗത്തിലാണ് അദ്ദേഹത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഇന്ന് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ഇന്നലെ പറഞ്ഞതിന് നേരെ വിരുദ്ധമായ നയങ്ങളായിരിക്കും ഒരു പക്ഷേ അദ്ദേഹം പ്രഖ്യാപിക്കുക.

Comments

comments

Categories: Editorial, Slider