റോയല്‍ എന്‍ഫീല്‍ഡ് മൂന്ന് പുതിയ പ്ലാറ്റ്‌ഫോമുകള്‍ നിര്‍മ്മിക്കുന്നു

റോയല്‍ എന്‍ഫീല്‍ഡ് മൂന്ന് പുതിയ പ്ലാറ്റ്‌ഫോമുകള്‍ നിര്‍മ്മിക്കുന്നു

ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ പിന്നീട്

ചെന്നൈ : റോയല്‍ എന്‍ഫീല്‍ഡ് മൂന്ന് പുതിയ പ്ലാറ്റ്‌ഫോമുകള്‍ വികസിപ്പിക്കുന്നു. പുതിയ ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ നിലവിലെ പ്ലാറ്റ്‌ഫോമുകള്‍ക്ക് പകരം പുതിയവ ഉപയോഗിക്കാനാണ് ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ തീരുമാനം. വലിയ ഡിസ്‌പ്ലേസ്‌മെന്റ് എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ അവതരിപ്പിക്കുമെന്ന് സിഇഒ സിദ്ധാര്‍ത്ഥ ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ ‘വലിയ’ ഹിമാലയന്‍ പുതിയ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നിലായിരിക്കും വരുന്നത്. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കുന്ന കാര്യവും റോയല്‍ എന്‍ഫീല്‍ഡ് പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം സമാപിച്ച മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഇന്റര്‍സെപ്റ്റര്‍ ഐഎന്‍ടി 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ രണ്ട് പുതിയ മോഡലുകള്‍ റോയല്‍ എന്‍ഫീല്‍ഡ് അനാവരണം ചെയ്തിരുന്നു. ഈ 650 സിസി ഇരട്ടകള്‍ മറ്റൊരു പുതിയ പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ബൈക്കുകളിലെ 648 സിസി, പാരലല്‍ ട്വിന്‍, 4 സ്‌ട്രോക്, സിംഗിള്‍ ഓവര്‍ഹെഡ് കാം, എയര്‍ കൂള്‍ഡ് എന്‍ജിന്‍ 47 ബിഎച്ച്പി കരുത്തും 52 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. സ്ലിപ് അസ്സിസ്റ്റ് ക്ലച്ച് ഉള്ള 6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്.

പുതിയ ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ നിലവിലെ പ്ലാറ്റ്‌ഫോമുകള്‍ക്ക് പകരം പുതിയവ ഉപയോഗിക്കും

റോയല്‍ എന്‍ഫീല്‍ഡിന്റെ യുകെ ടെക്‌നോളജി സെന്ററിലാണ് പുതിയ എന്‍ജിന്‍ വികസിപ്പിച്ചെടുത്തത്. ഇരു മോട്ടോര്‍സൈക്കിളുകള്‍ക്കും മണിക്കൂറില്‍ 120-135 കിലോമീറ്റര്‍ വരെ അനായാസേന വേഗം കൈവരിക്കാന്‍ കഴിയും. റോയല്‍ എന്‍ഫീല്‍ഡിന്റെ ചെന്നൈ പ്ലാന്റില്‍നിന്ന് 2018 ഏപ്രില്‍ മാസത്തോടെ യൂറോപ്യന്‍, ഇന്ത്യന്‍ വിപണികളിലേക്കായി ഈ പുതിയ രണ്ട് മോട്ടോര്‍സൈക്കിളുകളും പുറത്തിറക്കും. രണ്ട് മോട്ടോര്‍സൈക്കിളുകളിലും എബിഎസ് നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി. 2018 ഏപ്രില്‍ മുതല്‍ 125 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള എല്ലാ ഇരുചക്ര വാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാണ്.

മിഡ് സൈസ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ (250 സിസി-750 സിസി) ശക്തമായ മത്സരം കാഴ്ച്ചവെയ്ക്കുന്നതിന് അന്തര്‍ദേശീയ വിപണികളിലും കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തെക്കു കിഴക്കേ ഏഷ്യ, ലാറ്റിന്‍ അമേരിക്ക വിപണികളില്‍ പ്രവര്‍ത്തനം വിപുലീകരിക്കും. നിലവില്‍ ഇന്ത്യക്ക് പുറത്ത് മില്‍വൗക്കീ, ലണ്ടന്‍, പാരിസ്, ബാഴ്‌സലോണ, മാഡ്രിഡ്, വലന്‍സിയ, ബൊഗോട്ട, മെഡല്ലിന്‍, ദുബായ്, ജക്കാര്‍ത്ത, ബാങ്കോക്ക്, മെല്‍ബണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡിന് ഇരുപത് എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകളുണ്ട്. ചെന്നൈയിലെ മൂന്നാമത്തെ മാനുഫാക്ച്ചറിംഗ് യൂണിറ്റില്‍ ഉല്‍പ്പാദനം ആരംഭിച്ചുകഴിഞ്ഞു. 800 കോടി രൂപ ചെലവഴിച്ചുള്ള പ്ലാന്റ് വിപുലീകരണം റോയല്‍ എന്‍ഫീല്‍ഡിന്റെ ലക്ഷ്യമാണ്. 2017 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ കയറ്റുമതി വിപണിയില്‍ 17.6 ശതമാനം വളര്‍ച്ചയാണ് റോയല്‍ എന്‍ഫീല്‍ഡ് നേടിയത്.

Comments

comments

Categories: Auto