റോള്‍സ് റോയ്‌സ് ഇലക്ട്രിക് ഫാന്റം നിര്‍മ്മിക്കും

റോള്‍സ് റോയ്‌സ് ഇലക്ട്രിക് ഫാന്റം നിര്‍മ്മിക്കും

മറ്റ് റോള്‍സ് റോയ്‌സ് മോഡലുകളുടെയും ഇലക്ട്രിക് വേര്‍ഷന്‍ കൊണ്ടുവരും

ഡെര്‍ബി (യുകെ) : ഇലക്ട്രിക് ഫാന്റം നിര്‍മ്മിക്കുമെന്ന് റോള്‍സ് റോയ്‌സ് പ്രഖ്യാപിച്ചു. അടുത്ത പതിറ്റാണ്ടോടെ ഇലക്ട്രിക് ലക്ഷ്വറി ബ്രാന്‍ഡായി മാറുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇലക്ട്രിക് ബ്രാന്‍ഡാകുന്നത് ശരിയായ ദിശയിലുള്ള ഒന്നാണെന്ന് സിഇഒ ടോര്‍സ്റ്റന്‍ മുള്ളര്‍ ഒറ്റ്‌വോസ് പറഞ്ഞു.

ഓള്‍ ന്യൂ ഫഌഗ്ഷിപ്പ് മോഡലായ ഫാന്റത്തിന്റെ പ്ലാറ്റ്‌ഫോം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനുയോജ്യമാണെന്ന് അദ്ദേഹം അറിയിച്ചു. എളുപ്പം ഇലക്ട്രിക് ആക്കിമാറ്റാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ ഫാന്റത്തിന്റെ ആര്‍ക്കിടെക്ച്ചര്‍. മറ്റ് റോള്‍സ് റോയ്‌സ് മോഡലുകളുടെ ഇലക്ട്രിക് വേര്‍ഷന്‍ കൊണ്ടുവരുമെന്നും ടോര്‍സ്റ്റന്‍ മുള്ളര്‍ ഒറ്റ്‌വോസ് പറഞ്ഞു.

ഫാന്റത്തിന്റെ ഇലക്ട്രിക് പതിപ്പ് കൊണ്ടുവരുന്നതിന് കാരണങ്ങള്‍ പലതുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിശദീകരിച്ചു. ആന്തരിക ദഹന എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് വരുംനാളുകളില്‍ വിവിധ രാജ്യങ്ങളിലെ സിറ്റി സെന്ററുകളില്‍ വിലക്കേര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. അതേസമയം നഗരഹൃദയങ്ങളില്‍ റോള്‍സ് റോയ്‌സ് ഫാന്റം ഓടിക്കുന്നതിന് ആര്‍ക്കും താല്‍പ്പര്യമുണ്ടാകാതിരിക്കാന്‍ തരമില്ല. അതുകൊണ്ടുതന്നെ ഫാന്റത്തിനും റോള്‍സ് റോയ്‌സിന്റെ മറ്റ് മോഡലുകള്‍ക്കും ഇലക്ട്രിക് ഡ്രൈവ്‌ചെയിന്‍ നല്‍കുമെന്ന് ടോര്‍സ്റ്റന്‍ മുള്ളര്‍ ഒറ്റ്‌വോസ് വ്യക്തമാക്കി.

റോള്‍സ് റോയ്‌സിന്റെ അലുമിനിയം സ്‌പേസ്‌ഫ്രെയിം ആര്‍ക്കിടെക്ച്ചറില്‍ നിര്‍മ്മിച്ച ആദ്യ മോഡലാണ് ഓള്‍ ന്യൂ എട്ടാം തലമുറ ഫാന്റം

വളരെയധികം സൈലന്റ് ആയ റോള്‍സ് റോയ്‌സ് ബ്രാന്‍ഡിന് ഇണങ്ങുന്നതാണ് ഇലക്ട്രിക് പവര്‍ട്രെയ്ന്‍. ലോകത്തെ ഏറ്റവും നിശ്ശബ്ദ മോട്ടോര്‍ കാര്‍ എന്നാണ് പുതിയ ഫാന്റത്തെ റോള്‍സ് റോയ്‌സ് വിശേഷിപ്പിക്കുന്നത്. 130 കിലോഗ്രാം വരുന്ന സൗണ്ട് ഇന്‍സുലേഷനാണ് റോള്‍സ് റോയ്‌സ് ഫാന്റത്തിന് ഉപയോഗിച്ചത്.

റോള്‍സ് റോയ്‌സിന്റെ അലുമിനിയം സ്‌പേസ്‌ഫ്രെയിം ആര്‍ക്കിടെക്ച്ചറില്‍ നിര്‍മ്മിച്ച ആദ്യ മോഡലാണ് ഓള്‍ ന്യൂ എട്ടാം തലമുറ ഫാന്റം. കാര്‍ ഈ വര്‍ഷമാദ്യം അനാവരണം ചെയ്തിരുന്നു. റോള്‍സ് റോയ്‌സിന്റെ അടുത്ത എസ്‌യുവിയായ പ്രോജക്റ്റ് കുള്ളിനന്‍ ഇതേ പ്ലാറ്റ്‌ഫോം ഉപയോഗിക്കും. 2019 ജനുവരിയില്‍ കുള്ളിനന്‍ എസ്‌യുവിയുടെ ആഗോള ഡെലിവറി തുടങ്ങാനാണ് ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ഓള്‍ ടെറെയ്ന്‍, ഹൈ സ്പീഡ് വാഹനമെന്നാണ് എസ്‌യുവിയെ റോള്‍സ് റോയ്‌സ് വിശേഷിപ്പിക്കുന്നത്. ഫാന്റത്തിന് നല്‍കിയ 6.8 ലിറ്റര്‍ വി12 എന്‍ജിന്റെ പരിഷ്‌കരിച്ച വേര്‍ഷനായിരിക്കും കുള്ളിനന്‍ എസ്‌യുവിയുടെ ഹൃദയം.

Comments

comments

Categories: Auto