കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പെപ്പര്‍ഫ്രൈ

കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പെപ്പര്‍ഫ്രൈ

കൊച്ചിയുടെ ഗൃഹാതുര സ്മരണകളുമായി അംബരീഷ് മൂര്‍ത്തി ടൈകോണില്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫര്‍ണീച്ചര്‍ കമ്പനിയായ പെപ്പര്‍ഫ്രൈയുടെ സ്ഥാപകനും സി ഇ ഒയുമായ അംബരീഷ് മൂര്‍ത്തി ടൈകോണ്‍ സംരംഭകത്വ മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയത് കേരളത്തെയും കൊച്ചിയെയും കുറിച്ചുള്ള ഗൃഹാതുരമായ ഓര്‍മകളിലാണ്. കാഡ്ബറീസ് ഇന്ത്യയുടെ കേരളത്തിലെ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഹെഡ്ഡായി കൊച്ചിയില്‍ ചെലവഴിച്ച നാളുകള്‍ അദ്ദേഹത്തിന്റെ സ്മരണകളില്‍ ഇന്നും തിളങ്ങി നില്‍ക്കുന്നു.

അന്ന് കാഡ്ബറീസില്‍ തന്റെ കീഴില്‍ പ്രവര്‍ത്തിച്ച ടോമി ജോസഫിനെ(ഇംപെക്ടസ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സി ഇ ഒ) പോലുള്ള പ്രതിഭാധനന്‍മാരെ ടൈകോണിന്റെ വേദിയില്‍ വെച്ച് പുതിയ റോളുകളില്‍ വീണ്ടും കണ്ടുമുട്ടാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യം അദ്ദേഹം പങ്കുവെച്ചു.

എന്റെ കരിയര്‍ ആരംഭിച്ചത് കേരളത്തിലാണ്. അതുകൊണ്ടു തന്നെ കേരളത്തെക്കുറിച്ച് ഗൃഹാതുരമായ സ്മരണകളാണ് ഉള്ളത്. കേരളത്തില്‍ പെപ്പര്‍ഫ്രൈയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ആഗ്രഹമുണ്ട്-അദ്ദേഹം പറഞ്ഞു.

‘എന്റെ കരിയര്‍ ആരംഭിച്ചത് കേരളത്തിലാണ്. അതുകൊണ്ടു തന്നെ കേരളത്തെക്കുറിച്ച് ഗൃഹാതുരമായ സ്മരണകളാണ് ഉള്ളത്. കേരളത്തില്‍ പെപ്പര്‍ഫ്രൈയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ആഗ്രഹമുണ്ട്’

കേരളത്തിലെ എം എസ് എം ഇകളെ പെപ്പര്‍ഫ്രൈയുടെ ബിസിനസ് ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. നിരവധി ചെറുകിട ഇടത്തരം ഫര്‍ണീച്ചര്‍ നിര്‍മാതാക്കളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. കോട്ടയത്തും ചങ്ങനാശേരിയിലുമൊക്കെ നിര്‍മിക്കുന്ന ഫര്‍ണീച്ചറുകള്‍ മേഘാലയയിലാകും ചിലപ്പോള്‍ വില്‍പന നടത്തുക.

ഓണ്‍ലൈന്‍ വിപണി അത്തരത്തില്‍ വിശാലമാണ്്. ബിസിനസ് ശൃംഖല വ്യാപിപ്പിക്കുന്നതിന് അതിന്റേതായ സമയമെടുക്കും. പനമ്പള്ളി നഗറില്‍ സ്റ്റുഡിയോ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കോട്ടയത്തും തൃശൂര്‍, കോഴിക്കോട് നഗരങ്ങളികേക്ക് കൂടി വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നു. കേരളത്തില്‍ 10 കോടിയിലധികം ഒരു വര്‍ഷം കൊണ്ട് നിക്ഷേപിച്ചു. അടുത്ത വര്‍ഷം 20 മുതല്‍ 40 കോടി വരെ നിക്ഷേപിക്കാന്‍ ആലോചിക്കുന്നു. ഫഌപ്പ്കാര്‍ട്ട് പെപ്പര്‍ഫ്രൈയില്‍ നിക്ഷേപം നടത്താന്‍ പോകുന്നതായുള്ള വാര്‍ത്തകള്‍ ഊഹാപോഹം മാത്രമാണെന്ന് മൂര്‍ത്തി പ്രതികരിച്ചു.

സംരംഭകത്വ പശ്ചാത്തലമില്ലാത്ത തനിക്ക് ഇന്ത്യയിലെ വലിയ സംരംഭങ്ങളിലൊന്നിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചതിന്റെ അനുഭവ പാഠങ്ങള്‍ അംബരീഷ്മൂര്‍ത്തി ടൈകോണ്‍ മീറ്റിലെ പ്രഭാഷണത്തില്‍ യുവസംരംഭകര്‍ക്കായി പങ്കുവെച്ചു. നീന്തല്‍പഠിക്കാന്‍ വെള്ളത്തിലേക്കിറങ്ങുന്നതു പോലെ തന്നെയാണ് ബിസിനസിന് ഇറങ്ങുന്നതും. അത് ചെയ്തു തന്നെ പഠിക്കണം.

ബിസിനസ് പങ്കാളിയെ കണ്ടെത്തുക എന്നതാണ് സംരംഭകവിജയത്തിന്റെ ആദ്യപടിയെന്ന് അദ്ദേഹം പറയുന്നു. ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനോളം പ്രധാനമാണ് ബിസിനസ് പങ്കാളിയെ കണ്ടെത്തുന്നത്. പങ്കാളി സോള്‍ മേറ്റാകണം. ആകാശത്തിന് കീഴിലുള്ള എന്തിനെക്കുറിച്ചും ആശയവിനിമയം നടത്താന്‍ സാധിക്കുന്ന ആളാകണം.

ആശിശ് എന്ന് ഗുജറാത്ത് സ്വദേശിയെ പങ്കാളിയായി കണ്ടെത്താന്‍ സാധിച്ചത് പെപ്പര്‍ഫ്രൈയുടെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ബിസിനസ് ചെയ്യാനുള്ള ഉല്‍സാഹവും കൊതിയും ഉണ്ടാകുക എന്നത് ഫണ്ട് കണ്ടെത്തുന്നതിനേക്കാള്‍ പ്രധാനമാണ്. ഉല്‍ക്കടമായ അഭിനിവേശമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എത്ര ചെറുതില്‍ നിന്ന് തുടങ്ങിയാലും ഒരു സാമ്രാജ്യം തന്നെ പടുത്തുയര്‍ത്താം. ചെറുതായി തുടങ്ങുന്നതാണ് ശരിയായ രീതി.

‘യാഥാര്‍ഥ്യബോധത്തോടെ നിലത്ത് കാലുറപ്പിച്ചു നില്‍ക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അല്ലെങ്കില്‍ നിങ്ങളുടെ ബിസിനസ് മറ്റുള്ളവര്‍ കൊണ്ടു പോകും. സംരംഭകത്വം വളര്‍ച്ചയുടെ പാതയിലുള്ള നിരന്തരമായ യാത്രയാകണം. ചെറിയ നേട്ടങ്ങള്‍ പോലും ആഘോഷിക്കാന്‍ ശ്രദ്ധിക്കണം’

പക്ഷെ ചെറുതായി തുടങ്ങുമ്പോള്‍ ആഗ്രഹങ്ങള്‍ ചെറുതാകാന്‍ പാടില്ല. നൂറില്‍ നിന്ന് തുടങ്ങിയാല്‍ എത്രയുംവേഗം ആയിരമായും പിന്നീട് പതിനായിരമായും അവിടെ നിന്ന് ലക്ഷമായും വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കണം. ഇതൊരു തുടര്‍ പ്രക്രിയയാകണം. വളര്‍ച്ചയുടെ വേഗം കുറയാതെ നോക്കുകയും ചെയ്യണം. ഫണ്ട് ലഭിക്കുമ്പോഴാണ് നിങ്ങള്‍ ഏറ്റവും കരുതലോടെ പ്രവര്‍ത്തിക്കേണ്ടത്. 600 കോടി രൂപയുടെ ഫണ്ട് ലഭിച്ചാല്‍ നിങ്ങള്‍ക്ക് അനാവശ്യമായ പലതും ചെയ്യാനുള്ള പ്രലോഭനമുണ്ടാകും. അതിനെ അതിജീവിച്ച് ശരിയായ രീതിയില്‍ ഫണ്ട് വിനിയോഗിക്കാന്‍ സാധിക്കണം.

പരാജയം സംരംഭകത്വത്തില്‍ പ്രധാനം തന്നെയാണ്. ആശയങ്ങളാണ് പരാജയപ്പെടുന്നത്. സംരംഭകനല്ല. പെപ്പര്‍ഫ്രൈയും തുടക്കത്തില്‍ പരാജയപ്പെട്ടിട്ടുണ്ട്. ഫര്‍ണീച്ചറുകള്‍ ഡെലിവര്‍ ചെയ്യുന്നതില്‍ തുടക്കത്തില്‍ വലിയ പരാജങ്ങളുണ്ടായി. അതില്‍ നിന്ന് പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും തെറ്റുകള്‍ തിരുത്താനും സാധിച്ചു.

നിങ്ങള്‍ പരാജയങ്ങള്‍ നേരിട്ടേ കഴിയൂ. കയറ്റിറക്കങ്ങള്‍ ഉണ്ടായേ കഴിയൂ. തടസങ്ങളുണ്ടായേ കഴിയൂ. എങ്കില്‍ മാത്രമേ അതിനെ മറികടക്കുതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനും സാധിക്കൂ. പെപ്പര്‍ ഫ്രൈ എല്ലാ മാസവും തന്ത്രങ്ങള്‍ മാറ്റാറുണ്ട്. നിരന്തരം പെര്‍ഫോമന്‍സ് വിലയിരുത്താറുണ്ട്.

യാഥാര്‍ഥ്യബോധത്തോടെ നിലത്ത് കാലുറപ്പിച്ചു നില്‍ക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അല്ലെങ്കില്‍ നിങ്ങളുടെ ബിസിനസ് മറ്റുള്ളവര്‍ കൊണ്ടു പോകും. സംരംഭകത്വം വളര്‍ച്ചയുടെ പാതയിലുള്ള നിരന്തരമായ യാത്രയാകണം. ചെറിയ നേട്ടങ്ങള്‍ പോലും ആഘോഷിക്കാന്‍ ശ്രദ്ധിക്കണം-അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK Special, Slider