ലാംബ്രട്ട ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു

ലാംബ്രട്ട ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു

മൂന്ന് പുതിയ സ്‌കൂട്ടറുകള്‍ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അനാവരണം ചെയ്തു

മിലാന്‍ : ലാംബ്രട്ട !! 1980 കളിലെയും 90 കളിലെയും കുട്ടികളില്‍ ഈ പേര് കേള്‍ക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. ഇന്ത്യയില്‍ വളരെക്കാലം ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയ, ജനകീയനായിത്തീര്‍ന്ന ഇറ്റാലിയന്‍ സ്‌കൂട്ടറായിരുന്നു ലാംബ്രട്ട. ഇറ്റലിയിലെ മിലാനിലാണ് ഈ ബ്രാന്‍ഡിന്റെ വേരുകളെങ്കിലും 1950 കള്‍ മുതല്‍ 1990 കളുടെ തുടക്കം വരെ ലൈസന്‍സ് പ്രകാരം ലാംബ്രട്ട സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചിരുന്നു. സ്‌കൂട്ടറുകള്‍ അസ്സംബ്ള്‍ ചെയ്യുന്നതിനുള്ള അവകാശം ആദ്യം ഓട്ടോമൊബീല്‍ പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യയ്ക്കാണ് (എപിഐ) ലഭിച്ചത്. തുടര്‍ന്ന് സ്‌കൂട്ടേഴ്‌സ് ഇന്ത്യാ ലിമിറ്റഡ് (എസ്‌ഐഎല്‍) ലൈസന്‍സ് സമ്പാദിച്ചു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ആഗോള വിപണിക്ക് ലാംബ്രട്ട സ്‌കൂട്ടറുകള്‍ അന്യമായിരുന്നു. ഈ സ്‌കൂട്ടറുകള്‍ നിര്‍മ്മിച്ചിരുന്ന ഇറ്റാലിയന്‍ കമ്പനിയായ ഇന്നസെന്റി നേരിട്ട സാമ്പത്തിക പ്രതിസന്ധികളാണ് താല്‍ക്കാലികമായി ലാംബ്രട്ട സ്‌കൂട്ടറുകള്‍ അന്യംനിന്നുപോകാന്‍ ഇടയാക്കിയത്. 1972 ല്‍ ഉല്‍പ്പാദനം അവസാനിപ്പിക്കുകയായിരുന്നു. ഇന്നസെന്റിയെ പിന്നീട് ബ്രിട്ടീഷ് ലെയ്‌ലാന്‍ഡ് മോട്ടോര്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തു. ശേഷം ഇന്നസെന്റി എസ്.എ. ആയി വീണ്ടും പ്രവര്‍ത്തനം തുടങ്ങി.

ലാംബ്രട്ട ഇപ്പോള്‍ തിരിച്ചുവരികയാണ്. ലാംബ്രട്ട എന്ന ബാഡ്ജ് ധരിച്ച മൂന്ന് പുതിയ സ്‌കൂട്ടറുകളാണ് കഴിഞ്ഞ ദിവസം സമാപിച്ച മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അനാവരണം ചെയ്തത്. വി സ്‌പെഷല്‍ നിരയില്‍ വി50 സ്‌പെഷല്‍, വി125 സ്‌പെഷല്‍, വി200 സ്‌പെഷല്‍ എന്നീ സ്‌കൂട്ടറുകളാണ് ഇന്നസെന്റി എസ്.എ. പുറത്തിറക്കുക. സ്‌പെഷല്‍ എന്ന പദം കഴിഞ്ഞ വാചകത്തില്‍ നാല് തവണയാണ് ഉപയോഗിച്ചത്. അതേ ഈ സ്‌കൂട്ടറുകള്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് സ്‌പെഷല്‍ തന്നെയാണ്. ലാംബ്രട്ട എന്നത് ഗൃഹാതുരത്വത്തിന്റെ ഭാഗമാണ്.

ലാംബ്രട്ട വി സ്‌പെഷല്‍ സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനാണ് താല്‍പ്പര്യമെന്ന് ഇന്നസെന്റി എസ്.എ. അറിയിച്ചു

വ്യത്യസ്ത എന്‍ജിന്‍ ശേഷികളിലാണ് മൂന്ന് സ്‌കൂട്ടറുകളും അനാവരണം ചെയ്തിരിക്കുന്നത്. മൂന്ന് മോഡലുകളും ഫിക്‌സ്ഡ് ഫെന്‍ഡര്‍, ഫ്‌ളെക്‌സ് ഫെന്‍ഡര്‍ എന്നീ രണ്ട് വേരിയന്റുകളില്‍ പുറത്തിറക്കും. 50 സിസി, 125 സിസി, 200 സിസി എന്നിവയാണ് എന്‍ജിന്‍ ശേഷി. പുതിയ ലാംബ്രട്ട സ്‌കൂട്ടറുകള്‍ തായ്‌വാനിലാണ് നിര്‍മ്മിക്കുന്നത്. 2018 തുടക്കത്തില്‍ യൂറോപ്പില്‍ വില്‍പ്പനയ്‌ക്കെത്തും. ജൂണ്‍ മാസത്തോടെ മറ്റ് വിപണികളില്‍ അവതരിപ്പിക്കും.

മോഡേണ്‍, വിന്റേജ് ശൈലികള്‍ സമന്വയിക്കുന്നതാണ് സ്‌കൂട്ടറുകളുടെ ഡിസൈന്‍. കെടിഎം ഉള്‍പ്പെടെ ചില മികച്ച ഡിസൈനുകള്‍ പിറന്ന കിസ്‌ക എന്ന പ്രശസ്തമായ ഓസ്ട്രിയന്‍ സ്റ്റുഡിയോയിലാണ് പുതിയ ലാംബ്രട്ട സ്‌കൂട്ടറുകള്‍ രൂപകല്‍പ്പന ചെയ്തത്. സ്റ്റൈലിന്റെ കാര്യത്തില്‍ ലാംബ്രട്ട പ്രേമികളുടെ ‘വിദഗ്ധാഭിപ്രായം’ ചോദിച്ചറിഞ്ഞിരുന്നു. സ്റ്റീല്‍ ബോഡി, അലുമിനിയം പാര്‍ട്‌സുകള്‍, റീപ്ലേസ് ചെയ്യാവുന്ന സൈഡ് പാനലുകള്‍ എന്നിവയാണ് സവിശേഷതകള്‍. ആവശ്യമെങ്കില്‍ കാര്‍ബണ്‍ ഫൈബറിലും ലഭിക്കും.

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍, ഫുള്‍ എല്‍ഇഡി ലാംപുകള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡിജിറ്റല്‍ ഡിസ്‌പ്ലേ എന്നിവയാണ് ലാംബ്രട്ട വി സ്‌പെഷല്‍ സ്‌കൂട്ടറുകളിലെ കാലാനുസൃത മാറ്റങ്ങള്‍. സ്പീഡോമീറ്റര്‍ അനലോഗ് ആണ്.

യൂറോപ്യന്‍ വിപണികളിലേക്കുള്ള വില നിശ്ചയിച്ചുകഴിഞ്ഞു. വി50 സ്‌പെഷല്‍ സ്‌കൂട്ടറിന് 3,250 ഡോളറാണ് വില. വി125 സ്‌പെഷലിന്റെ വില 3,940 ഡോളറിലും വി200 സ്‌പെഷലിന്റേത് 4,640 ഡോളറിലും തുടങ്ങുന്നു. ലാംബ്രട്ട സ്‌കൂട്ടറുകള്‍ ഇന്ത്യയിലും എത്തിയേക്കും. എന്നാല്‍ 2019 ന് മുമ്പ് സാധ്യതയില്ല. വി സ്‌പെഷല്‍ സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനാണ് താല്‍പ്പര്യമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഇന്ത്യയില്‍ നിര്‍മ്മാണ ചെലവുകള്‍ കുറയുന്നത് വിലയിലും പ്രതിഫലിക്കും.

Comments

comments

Categories: Auto