കാവസാക്കി നിന്‍ജ 650 കെആര്‍ടി എഡിഷന്‍ പുറത്തിറക്കി

കാവസാക്കി നിന്‍ജ 650 കെആര്‍ടി എഡിഷന്‍ പുറത്തിറക്കി

എക്‌സ് ഷോറൂം വില 5.49 ലക്ഷം രൂപ

ന്യൂ ഡെല്‍ഹി : കാവസാക്കി നിന്‍ജ 650 കെആര്‍ടി ഇന്ത്യയില്‍ അവതരിപ്പിച്ചു. 5.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. കാവസാക്കി റേസിംഗ് ടീം എന്നതിന്റെ ചുരുക്കരൂപമാണ് കെആര്‍ടി. കാവസാക്കിയുടെ റേസിംഗ് നിറങ്ങളായ കറുപ്പ്, ചാരം, പച്ച നിറങ്ങളിലാണ് ഈ ബൈക്ക് അണിയിച്ചൊരുക്കിയിരിക്കുന്നത്.

വില പരിഗണിക്കുമ്പോള്‍, നിന്‍ജ 650 യേക്കാള്‍ 16,000 രൂപ കൂടുതല്‍ നല്‍കി നിന്‍ജ 650 കെആര്‍ടി വാങ്ങാം. അതേസമയം നിന്‍ജ 650, നിന്‍ജ 650 കെആര്‍ടി എന്നിവ തമ്മില്‍ മെക്കാനിക്കല്‍ കാര്യങ്ങളില്‍ വ്യത്യാസമില്ല. എന്നാല്‍ നിന്‍ജ 650 കെആര്‍ടി യില്‍ പുതിയ കളര്‍ സ്‌കീം, ഗ്രാഫിക്‌സ് എന്നിവ കാണാം.

2017 വര്‍ഷത്തേക്കായി ഷാര്‍പ്പ് ഡിസൈനും കൂടുതല്‍ അഗ്രസീവ് ലുക്കും നല്‍കി നിന്‍ജ 650 കാവസാക്കി പരിഷ്‌കരിച്ചിരുന്നു. ജ്യേഷ്ഠ സഹോദരനായ ഇസഡ്എക്‌സ്-10ആര്‍ ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ നിന്‍ജ 650 ന്റെ സ്‌റ്റൈലിംഗ് തീര്‍ത്തിരിക്കുന്നത്. ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍സോളില്‍ നെഗറ്റീവ് ലൈറ്റിംഗ് എന്ന പുതിയ ഫീച്ചര്‍ നിന്‍ജ 650 ല്‍ കാവസാക്കി നല്‍കിയിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശം പതിക്കുമ്പോഴും ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍സോളിലെ ഇന്‍ഫര്‍മേഷന്‍ വ്യക്തമായി വായിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും.

നിന്‍ജ 650, നിന്‍ജ 650 കെആര്‍ടി എന്നിവ തമ്മില്‍ മെക്കാനിക്കല്‍ കാര്യങ്ങളില്‍ വ്യത്യാസമില്ല

നിന്‍ജ 650 കെആര്‍ടി എഡിഷന് യുഎസ്സിലും യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് കാവസാക്കി മോട്ടോഴ്‌സ് ഇന്ത്യാ മാനേജിംഗ് ഡയറക്റ്റര്‍ യുതാക യമഷിത പറഞ്ഞു. നിന്‍ജ 650 ന് ഇന്ത്യയില്‍ വലിയ തോതില്‍ ആവശ്യക്കാരുണ്ട്. ഇനിമുതല്‍ നിന്‍ജ 650 വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ഈ പുതിയ എഡിഷന്‍ മറ്റൊരു ഓപ്ഷനാണെന്ന് അദ്ദേഹം പറഞ്ഞു.

67.2 ബിഎച്ച്പി കരുത്തും 65.7 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന അതേ 649 സിസി പാരലല്‍ ട്വിന്‍ മോട്ടോറാണ് നിന്‍ജ 650 കെആര്‍ടി എഡിഷന് നല്‍കിയിരിക്കുന്നത്. സ്ലിപ്പര്‍ ക്ലച്ച് ഉള്ള സിക്‌സ് സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. ബ്രേക്ക് കാലിപറുകളില്‍ മാറ്റമുണ്ട്. ജാപ്പനീസ് കമ്പനിയായ നിസ്സിന്റെ പുതിയ ബ്രേക്ക് കാലിപറുകളാണ് നല്‍കിയിരിക്കുന്നത്. ബോഷിന്റെ 9.1 എബിഎസ് സിസ്റ്റം സ്റ്റാന്‍ഡേഡായി നല്‍കി. ബിഎസ് 4 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് ബൈക്ക്.

Comments

comments

Categories: Auto