വില കുറയ്ക്കുന്നതിന് തയാറെടുത്ത് എഫ്എംസിജി കമ്പനികള്‍

വില കുറയ്ക്കുന്നതിന് തയാറെടുത്ത് എഫ്എംസിജി കമ്പനികള്‍

വിലക്കുറവിലുള്ള സ്റ്റോക്ക് ഉപഭോക്താക്കളിലെത്താന്‍ സമയമെടുക്കും

ന്യൂഡെല്‍ഹി: ഉയര്‍ന്ന നികുതി നിരക്കില്‍ നിന്ന് 177 ഓളം ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി കൗണ്‍സില്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കലിനൊരുങ്ങി എഫ്എംസിജി കമ്പനികള്‍. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡാബര്‍, അമുല്‍, ഗ്ലാക്‌സൊസ്മിത്‌ക്ലെന്‍, പ്രൊക്ടര്‍ & ഗാംബിള്‍, നെസ്‌ലെ, പെര്‍ഫെറ്റി വാന്‍ മെല്‍ തുടങ്ങിയ വന്‍കിട കമ്പനികളാണ് വില കുറയ്ക്കല്‍ പരിഗണിക്കുന്നത്.
ഷാംപു, ചോക്ലേറ്റുകള്‍, പോഷകാഹാര പാനീയങ്ങള്‍, പാല്‍ക്കട്ടി തുടങ്ങിയവ ഉള്‍പ്പടെ നിരവധി ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍നിന്ന് 18 ആയാണ് ജിഎസ്ടി കൗണ്‍സില്‍ കുറച്ചത്.

‘ഷാംപൂ ശ്രേണിയില്‍ കുറഞ്ഞത് 5 ശതമാനം വിലക്കിഴിവാണ് ഉണ്ടാവുക’, ഡാബര്‍ ചീഫ് എക്‌സിക്യൂട്ടിവ് സുനില്‍ ദഗ്ഗല്‍ പറഞ്ഞു. പാല്‍ക്കട്ടി, ചോക്ലേറ്റ് എന്നിവയുടെ വിലയില്‍ തങ്ങള്‍ 5-10 ശതമാനം കുറവാണ് വരുത്തുകയെന്ന് രാജ്യത്തെ ഏറ്റവും വലിയ ക്ഷീര കമ്പനിയായ അമുല്‍ വ്യക്തമാക്കി. ജനപ്രിയ ചോക്ലേറ്റ് പാനീയമായ ഹോര്‍ലിക്‌സിന്റെ വില തങ്ങള്‍ കുറയ്ക്കുമെന്ന് ഗ്ലാക്‌സൊസ്മിത്‌ക്ലെന്‍ അറിയിച്ചിട്ടുണ്ട്. സോപ്പ് പോലുള്ള ഉല്‍പ്പന്നങ്ങളുടെ തൂക്കം തങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അവയുടെ വില കുറയ്ക്കുന്നത് പരിഗണിച്ച് വരിയകാണെന്നും ഹിന്ദുസ്ഥാന്‍ യുണിലിവര്‍ പറഞ്ഞു.

എന്നിരുന്നാലും ഇത്തരം ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൈമാറുമ്പോള്‍ കമ്പനികള്‍ ചില തടസങ്ങളെ നേരിടേണ്ടതായി വന്നേക്കാമെന്നും സൂചനയുണ്ട്. തങ്ങളുടെ മാര്‍ജിനുകള്‍ ഉല്‍പ്പാദകര്‍ സംരക്ഷിക്കാതെ വില കുറയ്ക്കില്ലെന്നാണ് ചില റീട്ടെയ്‌ലര്‍മാര്‍ കമ്പനികളെ അറിയിച്ചിരിക്കുന്നത്. വിലക്കിഴിവ് നടപ്പാക്കുന്നതിന് മുന്‍പ് പഴയ സ്റ്റോക്കുകള്‍ തിരിച്ചെടുക്കണമെന്നും റീട്ടെയ്‌ലര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിലുള്ള ചര്‍ച്ചകള്‍ റീട്ടെയ്‌ലര്‍മാരും കമ്പനികളും തമ്മില്‍ ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് വ്യവസായ വൃത്തങ്ങള്‍ പറയുന്നത്.

വിതരണ ശൃംഖലയിലെ ഓരോ ഇടനിലക്കാരിലുമുള്ള സ്‌റ്റോക്ക് അനുസരിച്ച് വേണം ജിഎസ്ടി ഇളവ് കൈമാറുന്നതിനുള്ള തന്ത്രങ്ങള്‍ കമ്പനികള്‍ ആവിഷ്‌കരിക്കേണ്ടതെന്നാണ് ഡെലോയ്റ്റ് ഇന്ത്യ പാര്‍ട്ണര്‍ എംഎസ് മണി പറയുന്നത്. ആന്റി-പ്രൊഫിറ്ററിംഗ് വ്യവസ്ഥകളില്‍ മിക്ക കമ്പനികളും ശ്രദ്ധാലുക്കളാണെന്നും വില കുറയ്ക്കുന്നതിന് സാധ്യതയുണ്ടെന്നുമാണ് പിഡബ്ല്യസി ഇന്ത്യയിലെ പരോക്ഷ നികുതി മേധാവിയായ പ്രതിക് ജയ്ന്‍ വിലയിരുത്തുന്നത്.

നികുതി ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൈമാറുമെന്നും എന്നാല്‍ പുതിയ വിലയിലുള്ള സ്റ്റോക്കുകള്‍ വിപണിയിലെത്തുന്നതിന് മുമ്പ് ഒരു പരിവര്‍ത്തന സമയമുണ്ടാകുമെന്നും നെസ്‌ലെ ഇന്ത്യ വക്താവ് വ്യക്തമാക്കി. വില കുറയ്ക്കുന്നതിനുള്ള നടപടികള്‍ തങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നാണ് ആയുര്‍വേദ ഉല്‍പ്പന്ന നിര്‍മാതാക്കളായ പതഞ്ജലിയുടെ വക്താവും പറയുന്നത്. എന്നാല്‍ പുതിയ വില ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിക്കുന്നതിന് നിരവധി പ്രക്രിയകളുണ്ടെന്നും അതിനായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Business & Economy