സൂയസ് കനാല്‍ പ്രദേശത്ത് പുതിയ സാമ്പത്തിക മേഖല സ്ഥാപിക്കാന്‍ ഡിപി വേള്‍ഡ്

സൂയസ് കനാല്‍ പ്രദേശത്ത് പുതിയ സാമ്പത്തിക മേഖല സ്ഥാപിക്കാന്‍ ഡിപി വേള്‍ഡ്

യൂറോപ്പിനും ഏഷ്യയ്ക്കുമിടയിലുള്ള ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയും ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ പ്രധാന വിദേശ നാണയ സ്രോതസുമാണ് സൂയസ് കനാല്‍. സൂയസ് കനാല്‍ ഇടനാഴിയും പുതിയ ഭരണതലസ്ഥാനവും വികസിപ്പിക്കാനുള്ള ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ പദ്ധതി ഈ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടാണ്

ദുബായ്: സൂയസ് കനാല്‍ പ്രദേശത്ത് പുതിയ സാമ്പത്തിക മേഖല സ്ഥാപിക്കാന്‍ ഈജിപ്തുമായി സംയുക്ത സംരംഭത്തിനുള്ള കരാറില്‍ ഏര്‍പ്പെട്ട് ഡിപി വേള്‍ഡ്. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് ഓപ്പറേറ്ററായ ഡിപി വേള്‍ഡ് ഷറം അല്‍ ഷെയ്ഖില്‍ വച്ചു നടന്ന കോണ്‍ഫറന്‍സിലാണ് നിര്‍ണായക കരാര്‍ ഒപ്പു വച്ചത്. അല്‍ സോഖ്‌ന നഗരത്തിലെ പുതിയ ഇന്‍ഡസ്ട്രിയല്‍ – റസിഡന്‍ഷ്യല്‍ മേഖല സൂയസ് കനാല്‍ വ്യാപാര പാതയുടെ പടിഞ്ഞാറന്‍ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

95 കിലോമീറ്ററിലുള്ള പുതിയ പ്രൊജക്റ്റില്‍ വ്യാവസായിക, പാര്‍പ്പിട മേഖലകളോടൊപ്പം സോഖ്‌ന തുറമുഖത്തിന്റെ വികസനവുമുള്‍പ്പെടും. തുറമുഖത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതും അതിനെ വ്യാവസായിക മേഖലയുമായി ബന്ധിപ്പിക്കുന്നതും 400,000ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍, ലോജിസ്റ്റിക്‌സ്, സര്‍വ്വീസ് യൂട്ടിലിറ്റി തുടങ്ങി ബിസിനസ് രംഗം കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ് പുതിയ പ്രൊജക്റ്റ്.

മെഡിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്, കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍സ്, ലോജിസ്റ്റിക്‌സ്, ടെക്‌സ്‌റ്റൈല്‍സ്, ഓട്ടോമോട്ടീവ് പാര്‍ട്‌സ്, ഭക്ഷ്യസംസ്‌കരണം, ഊര്‍ജ്ജോല്‍പ്പാദനം, പെട്രോകെമിക്കലുകള്‍ എന്നിവയാണ് ലക്ഷ്യമിടുന്ന വ്യവസായങ്ങള്‍. 20 സ്‌ക്വയര്‍ കിലോമീറ്ററിലുള്ള റസിഡന്‍ഷ്യല്‍ ഏരിയയില്‍ കോസ്റ്റല്‍ വില്ല, റെസിഡന്‍ഷ്യല്‍ യൂണിറ്റ്, ഷോപ്പിംഗ് ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് സെന്ററുകള്‍, വിനോദ സൗകര്യങ്ങള്‍, പള്ളി, സ്‌കൂള്‍, ആശുപത്രികള്‍, ക്ലബുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാവും. 500,000 ആളുകളെ ഇവിടെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.

95 കിലോമീറ്ററിലുള്ള പുതിയ പ്രൊജക്റ്റില്‍ വ്യാവസായിക, പാര്‍പ്പിട മേഖലകളോടൊപ്പം സോഖ്‌ന തുറമുഖത്തിന്റെ വികസനവുമുള്‍പ്പെടും. തുറമുഖത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതും അതിനെ വ്യാവസായിക മേഖലയുമായി ബന്ധിപ്പിക്കുന്നതും 400,000ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

പദ്ധതിയുടെ 51 ശതമാനം ഓഹരികള്‍ സൂയസ് കനാല്‍ ഇക്കണോമിക് സോണിന് സ്വന്തമായിരിക്കും. 49 ശതമാനം ഓഹരികളായിരിക്കും ഡിപി വേള്‍ഡിന്റെ കൈവശമുണ്ടാവുക. ഈജിപ്തിന്റെ പ്രധാനമന്ത്രി ഷെരീഫ് ഇസ്മയിലിന്റെ സാന്നിധ്യത്തില്‍ സൂയസ് കനാല്‍ എക്കണോമിക് സോണ്‍ ചെയര്‍മാന്‍ അഡ്മിറല്‍ മൊഹബ് മാമിഷും ഡിപി വേള്‍ഡ് ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ ബിന്‍ സുലൈമും ചേര്‍ന്നാണ് കരാറില്‍ ഒപ്പു വച്ചത്.

പ്രാദേശിക വ്യാപാരമേഖലയില്‍ പ്രധാനനിക്ഷേപമാണിതെന്നും ഇതുവഴി വ്യാപാര ശൃംഖലകള്‍ വ്യാപിപ്പിക്കാന്‍ സാധിക്കുമെന്നും സുല്‍ത്താന്‍ ബിന്‍ സുലൈം പറഞ്ഞു. പുതിയ സാമ്പത്തിക മേഖലയുടെ വികാസം രാജ്യത്തിന്റെ സുസ്ഥിര വളര്‍ച്ചയെ പിന്തുണയ്ക്കുമെന്നും ബിസിനസ് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം പ്രദേശം സുപ്രധാന വ്യാപാര – വാണിജ്യ ഹബ്ബായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിക്ഷേപത്തിനുള്ള തടസങ്ങള്‍ നീക്കുന്നതില്‍ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ വഹിക്കുന്ന പങ്ക് പ്രൊജക്റ്റിന്റെ ഭാവി വിജയങ്ങളില്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്ഷ്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിലുള്ള ഡിപി വേള്‍ഡിന്റെ പ്രതിബദ്ധതയാണ് ഈ പങ്കാളിത്തം സൂചിപ്പിക്കുന്നതെന്നും സുല്‍ത്താന്‍ ബിന്‍ സുലൈം വ്യക്തമാക്കി. ഡിപി വേള്‍ഡിന്റെ ആഗോള വ്യാപാര വൈദഗ്ധ്യം ഭാവി തലമുറയ്ക്കും ഈജിപ്ഷ്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കും മുതല്‍ക്കൂട്ടാവുമെന്ന അഭിപ്രായവും അദ്ദേഹം പ്രകടിപ്പിച്ചു.

ഡിപി വേള്‍ഡുമായുള്ള പങ്കാളിത്തം ജബേല്‍ അലിക്ക് സമാനമായ ഇന്റര്‍നാഷണല്‍ ഹബ്ബാക്കി എയ്ന്‍ അല്‍ സോഖ്‌നയെ മാറ്റുമെന്ന് അഡ്മിറല്‍ മൊഹബ് മാമിഷ് പറഞ്ഞു.

പദ്ധതിയുടെ 51 ശതമാനം ഓഹരികള്‍ സൂയസ് കനാല്‍ ഇക്കണോമിക് സോണിന് സ്വന്തമായിരിക്കും. 49 ശതമാനം ഓഹരികളായിരിക്കും ഡിപി വേള്‍ഡിന്റെ കൈവശമുണ്ടാവുക

ഈജിപ്തും യുഎഇയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്‍മേലാണ് കരാര്‍ ഒപ്പുവച്ചതെന്നും മേഖലയിലെ വ്യാപാരം വികസിപ്പിക്കുക എന്ന പ്രസിഡന്റ് അബ്ദുള്‍ ഫത്ത അല്‍സിസിയുടെ കാഴ്ചപ്പാടുമായി ചേര്‍ന്നു പോകുന്ന നീക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഈജിപ്തിന്റെ വ്യാവസായിക – സാമ്പത്തിക വളര്‍ച്ചയില്‍ പ്രൊജക്റ്റ് നിര്‍ണായകമാണെന്നും മാമിഷ് കൂട്ടിച്ചേര്‍ത്തു.

യൂറോപ്പിനും ഏഷ്യയ്ക്കുമിടയിലുള്ള ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയും ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ പ്രധാന വിദേശ നാണയ സ്രോതസുമാണ് സൂയസ് കനാല്‍. സൂയസ് കനാല്‍ ഇടനാഴിയും പുതിയ ഭരണതലസ്ഥാനവും വികസിപ്പിക്കാനുള്ള ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ പദ്ധതി ഈ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടാണ്. വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സുസ്ഥിര വ്യാവസായിക മേഖല സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിക്ഷേപം ആകര്‍ഷിക്കുന്നതിനൊപ്പം എസ്എംഇകളുടെ വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതി സഹായകമാകും.

Comments

comments

Categories: Arabia