റയാന്‍ സ്‌കൂളിലെ കൊലപാതകവും നമ്മുടെ സംവിധാനങ്ങളും

റയാന്‍ സ്‌കൂളിലെ കൊലപാതകവും നമ്മുടെ സംവിധാനങ്ങളും

റയാന്‍ സ്‌കൂളില്‍ എട്ട് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിലെ പുതിയ സംഭവവികാസങ്ങള്‍ നമ്മുടെ പൊലീസ് സംവിധാനത്തിന്റെ കാര്യക്ഷമതയും സ്‌കൂള്‍ പഠന രീതികളും പൊളിച്ചടുക്കണം എന്ന് ഓര്‍മിപ്പിക്കുന്നു

ഹരിയാനയിലെ ഗുരുഗ്രാം റയാന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ എട്ട് വയസുകാരന്‍ കൊല്ലപ്പെട്ട് സംഭവത്തില്‍ കുറ്റവാളിയെന്ന് ഇപ്പോള്‍ സിബിഐ കണ്ടെത്തിയിരിക്കുന്നത് അതേ സ്‌കൂളിലെ തന്നെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയാണ്. കൊലപാതകം നടന്ന ഉടനെ ഇതേ കേസില്‍ കുറ്റവാളിയെന്ന് പറഞ്ഞ് പൊലീസ് കത്തി സഹിതം അറസ്റ്റ് ചെയ്തത് സ്‌കൂള്‍ ബസിലെ കണ്ടക്റ്ററെയും.

കണ്ടക്റ്റര്‍ക്ക് എങ്ങനെ കത്തിയുമായി സ്‌കൂള്‍ വാഷ് റൂമില്‍ കയറാന്‍ സാധിക്കും, അത്രയക്കും സുരക്ഷയില്ലാത്ത സംവിധാനങ്ങള്‍ എന്നെല്ലാം പറഞ്ഞ് പൊതുസമൂഹം വിഷയം ചര്‍ച്ച ചെയ്തു. കണ്ടക്റ്റര്‍ തന്നെയായിരുന്നു പ്രതിയെന്ന നിലയിലായിരുന്നു അത്.

ഇപ്പോഴിതാ എട്ട് വയസുകാരനെ കൊന്നത് പ്ലസ് വണ്‍ കാരനാണെന്ന കണ്ടെത്തലുമായി സിബിഐ എത്തിയിരിക്കുന്നു. കണ്ടക്റ്ററെ മനപൂര്‍വം കേസില്‍ കുടുക്കിയതാണെന്നാണ് സിബിഐ പറയുന്നത്. ഇപ്പോള്‍ പ്രതിയായി അറസ്റ്റ് ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, പിതാവിന്റെയും സ്വതന്ത്ര സാക്ഷിയുടെയും മുന്നില്‍ വെച്ച് താനാണ് കൊല നടത്തിയതെന്ന് കുറ്റസമ്മതം നടത്തിയതായും സിബിഐ ജുവനൈല്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ പിന്നെ എന്ത് പൊലീസ് സംവിധാനമാണ് നമ്മുടെ നാട്ടിലുള്ളത്. ആ കണ്ടക്റ്ററുടെ അവകാശങ്ങള്‍ക്ക് യാതൊരു വിലയുമില്ലേ. ആരെയും ഏത് കേസിലും വെറുതെ കുടുക്കാമെന്ന തരത്തില്‍ ദുര്‍ബലമാണ് നമ്മുടെ സംവിധാനങ്ങള്‍ എന്നാണോ ഇത് അടിവരയിടുന്നത്. അതിനേക്കാള്‍ ഉപരിയായി മറ്റൊരു കാര്യം കൂടി ഇവിടെ ഗൗരവമായി കാണേണ്ടതുണ്ട്. കൊലപാതകം നടത്തിയതിന്റെ കാരണം.

അടുത്ത ദിവസം നടക്കാനിരുന്ന പരീക്ഷയും രക്ഷാകര്‍തൃസമിതി യോഗവും മാറ്റിവെക്കാനാണത്രെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അവന് യാതൊരുവിധ ശത്രുതയും ഇല്ലാത്ത എട്ട് വയസുകാരനെ കഴുത്തറുത്ത് കൊന്നത്. ഇത് സത്യമാണെങ്കില്‍ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട് നമ്മുടെ ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ പഠന രീതികളെക്കുറിച്ചും കുട്ടികളുടെ മനോഗതിയെക്കുറിച്ചും. വിദ്യ അഭ്യസിക്കേണ്ട രീതികളില്‍ അടിമുടി പൊളിച്ചെഴുത്തുകള്‍ വേണമെന്ന് വ്യക്തമാക്കുന്നു ഇത്.

Comments

comments

Categories: Editorial, Slider