അര്‍ദ്ധവാര്‍ഷിക കണക്കില്‍ റെക്കോര്‍ഡ് ലാഭവുമായി മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്

അര്‍ദ്ധവാര്‍ഷിക കണക്കില്‍ റെക്കോര്‍ഡ് ലാഭവുമായി മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്

രണ്ടാം പാദത്തിലും നേട്ടം

കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ലാഭത്തില്‍ റെക്കോര്‍ഡ് വര്‍ധന. 16.46 കോടി രൂപയാണ് ഇക്കാലയളവിലെ കമ്പനിയുടെ ലാഭം. മുന്‍കാലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും ഉയര്‍ന്ന ലാഭമാണിതെന്ന് കമ്പനി അറിയിച്ചു.

കൊച്ചിയില്‍ ചേര്‍ന്ന കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തിലാണ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ കണക്കുകള്‍ പുറത്ത് വിട്ടത്. സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 28.66 ശതമാനത്തിന്റെ വര്‍ധനയാണ് കമ്പനി രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 8.06 കോടി രൂപയില്‍ നിന്ന് 10.37 കോടി രൂപയായി ഇക്കാലയളവിനുള്ളില്‍ കമ്പനിയുടെ ലാഭം വര്‍ധിച്ചു. രണ്ടാം പാദത്തില്‍ കമ്പനിയുടെ ആകെ വരുമാനം 94.86 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ആകെ വരുമാനം 70.08 കോടി രൂപയായിരുന്നു. 35.36 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കമ്പനി 449.95 കോടി രൂപ ഇരുചക്ര വാഹനവായ്പയായി നല്‍കിയിട്ടുണ്ട്. കമ്പനിയുടെ ആകെ വായ്പ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 1748.65 കോടി രൂപയായി ഉയര്‍ന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ അര്‍ദ്ധവര്‍ഷ കണക്കെടുക്കുമ്പോള്‍ ഒന്നും രണ്ടും പാദങ്ങളിലായി 174.61 കോടിയുടെ വരുമാനമാണ് കമ്പനിക്ക് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 134.44 കോടി രൂപയായിരുന്നു. 29.88 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റവന്യു ചെലവ് ഇതേ കാലയളവില്‍ 13.12 ശതമാനം വര്‍ധിച്ച് 51.61 കോടി രൂപയില്‍ നിന്ന് 58.38 കോടി രൂപയായി. പലിശയിനത്തിലുള്ള ആകെ വരുമാനം 82.72 കോടി രൂപയില്‍ നിന്ന് 116.23 കോടി രൂപയായി വര്‍ധിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ അര്‍ദ്ധവര്‍ഷ കണക്കെടുക്കുമ്പോള്‍ നികുതി ചുമത്തുന്നതിനു മുന്‍പുള്ള വരുമാനം 30.68 ശതമാനം വര്‍ധിച്ച് 25.26 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 19.33 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ 30ന് അവസാനിച്ച അര്‍ദ്ധ വര്‍ഷക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 16.46 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 12.54 കോടി രൂപയായിരുന്നു. 31.26 ശതമാനത്തിന്റെ വര്‍ധനയാണ് അറ്റാദായത്തില്‍ ഉണ്ടായത്.

ഗ്രാമീണ മേഖലകളില്‍ കമ്പനി ഉണ്ടാക്കിയെടുത്തിട്ടുള്ള ഉയര്‍ന്ന സ്വീകാര്യതയും ആവശ്യകതയും മൊത്തത്തിലുള്ള മുന്നേറ്റവുമാണ് കമ്പനിയെ ഏറ്റവും മികച്ച പ്രകടനത്തിന് പ്രാപ്തമാക്കിയതെന്ന് മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. കമ്പനിയുടെ ഏറ്റവും പ്രധാന വിപണികളില്‍ ഉത്സവ സീസണുകളില്‍ ഉണ്ടായിട്ടുള്ള വില്‍പ്പനനേട്ടം കമ്പനിയുടെ വളര്‍ച്ച നിലനിര്‍ത്തുന്നതിന് പ്രധാന കാരണമായെന്ന് അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മൊബൈല്‍ ഫോണ്‍ അധിഷ്ഠിത ആപ്ലിക്കേഷന്‍ മുഖാന്തരം നടത്തുന്ന വില്‍പ്പന കാലതാമസം കുറയ്ക്കുകയും കൗണ്ടര്‍ സെയില്‍സ് എക്‌സിക്യുട്ടീവുകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുകയും ചെയ്യുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉയര്‍ന്ന വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്‍സിഡി ഉള്‍പ്പെടെ കൂടുതല്‍ മാര്‍ഗങ്ങളിലൂടെ ഫണ്ട് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി-മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മധു അലോഷ്യസ് പറഞ്ഞു.

Comments

comments

Categories: Business & Economy