ഹോണ്ട ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ അനാവരണം ചെയ്തു

ഹോണ്ട ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ അനാവരണം ചെയ്തു

അല്‍പ്പം പരന്ന സീറ്റ് ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചറിന് കൂടുതല്‍ നിവര്‍ന്ന പൊസിഷന്‍ സമ്മാനിക്കുന്നു

മിലാന്‍ : ഹോണ്ട ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അനാവരണം ചെയ്തു. 5.4 ലിറ്റര്‍ അധികം ഉള്‍ക്കൊള്ളാവുന്നവിധം വലുതാക്കിയതോടെ ഇന്ധന ടാങ്കിന്റെ ശേഷി ഇപ്പോള്‍ 24.2 ലിറ്ററായി വര്‍ധിച്ചിട്ടുണ്ട്. ഏകദേശം 480 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിന് ഇത്രയും ഇന്ധനം മതിയാകും. ദീര്‍ഘദൂര യാത്ര സുഖകരമാക്കുന്നതിന് അല്‍പ്പം പരന്ന സീറ്റാണ് ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചറിന് ജാപ്പനീസ് കമ്പനി നല്‍കിയിരിക്കുന്നത്. ഇത് ബൈക്കിന് കൂടുതല്‍ നിവര്‍ന്ന പൊസിഷന്‍ സമ്മാനിക്കുന്നു.

ഹീറ്റഡ് ഗ്രിപ്പുകള്‍, പവര്‍ സോക്കറ്റ്, ഉയരം കൂടിയ വിന്‍ഡ്‌സ്‌ക്രീന്‍ തുടങ്ങിയവയാണ് മറ്റ് എക്‌സ്ട്രാ ഫീച്ചറുകള്‍. റെട്രോ ട്രൈകളര്‍ പെയിന്റ് സ്‌കീമാണ് ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചറിന് ലഭിച്ചിരിക്കുന്നത്. 1988 മുതല്‍ 1989 വരെ പുറത്തിറക്കിയ ഒറിജിനല്‍ ആഫ്രിക്ക ട്വിന്‍ ആയ എക്‌സ്‌വിആര്‍650 മോട്ടോര്‍സൈക്കിളിനെയാണ് ഈ പെയിന്റ് സ്‌കീം ഓര്‍മ്മിപ്പിക്കുന്നത്.

ഒറിജിനല്‍ ആഫ്രിക്ക ട്വിന്‍ ആയ എക്‌സ്‌വിആര്‍650 മോട്ടോര്‍സൈക്കിളിനെ ഓര്‍മ്മിപ്പിക്കുന്ന റെട്രോ ട്രൈകളര്‍ പെയിന്റ് സ്‌കീമാണ് നല്‍കിയിരിക്കുന്നത്

7,500 ആര്‍പിഎമ്മില്‍ 94 ബിഎച്ച്പി കരുത്ത് പുറപ്പെടുവിക്കുന്ന 998 സിസി പാരലല്‍-ട്വിന്‍ എന്‍ജിന്‍ ഹോണ്ട ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചറിനെ കുതിച്ചുപായാന്‍ സഹായിക്കും. വലിയ എയര്‍ബോക്‌സ്, പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം തുടങ്ങിയ മാറ്റങ്ങള്‍ കാണാം. മിഡ്-റേഞ്ചില്‍ കൂടുതല്‍ മുരള്‍ച്ച ലഭിക്കുന്നതിന് ഇത് സഹായിക്കും. റൈഡ്-ബൈ-വയര്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. മൂന്ന് റൈഡിംഗ് മോഡുകള്‍, 7 സ്റ്റെപ് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ക്വിക്ക്-ഷിഫ്റ്റര്‍ ആവശ്യമുണ്ടെങ്കില്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.

22 എംഎം സസ്‌പെന്‍ഷന്‍ ട്രാവല്‍, സംപിന് വലിയ ഗാര്‍ഡ്, വീതിയേറിയ ഫൂട്ട്‌പെഗുകള്‍ എന്നിവ ഹോണ്ട ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചറിന് നല്‍കി. എഴുന്നേറ്റുനിന്ന് റൈഡ് ചെയ്യുന്നതിന് ഇത് ഉപകരിക്കും. 900 മില്ലി മീറ്ററാണ് സീറ്റിന്റെ ഉയരം. മാന്വല്‍ വേരിയന്റിന് 243 കിലോഗ്രാം ഭാരവും ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ വേരിയന്റിന് 253 കിലോഗ്രാം ഭാരവും വരും. ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ ഇന്ത്യയിലും പുറത്തിറക്കിയേക്കും.

Comments

comments

Categories: Auto