സ്‌കൂള്‍ സംവിധാനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമിലാക്കി സ്‌കൂള്‍മിത്ര

സ്‌കൂള്‍ സംവിധാനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമിലാക്കി സ്‌കൂള്‍മിത്ര

സ്‌കൂള്‍ മാനേജ്‌മെന്റ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുന്ന ക്ലൗഡ് അധിഷ്ഠിത ആപ്ലിക്കേഷനാണ് സ്‌കൂള്‍മിത്ര. ഓണ്‍ലൈനായും ഓഫ്‌ലൈനായും പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ ഇതിനോടകം 250ഓളം സ്‌കൂളുകളില്‍ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണ്

ഒരു സ്‌കൂളിലെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും ഒരൊറ്റ ആപ്ലിക്കേഷനില്‍ സാധ്യമാവുക… ഇതിനോടൊപ്പം സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ മികച്ച ആശയവിനിമയത്തിനു വഴിയൊരുങ്ങുക, ഇതെല്ലാം ഒരൊറ്റ ആപ്ലിക്കേഷനില്‍ സംജാതമാക്കിയിരിക്കുകയാണ് സ്‌കൂള്‍മിത്ര. സ്‌കൂളിലെ മാനേജ്‌മെന്റ് സംവിധാനങ്ങള്‍ കൂടുതല്‍ ലളിതമാക്കാന്‍ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കുമെന്നാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അവകാശപ്പെടുന്നത്. ഐഐടി ബിഎച്ച്‌യുവില്‍ നിന്നും ഇലക്ട്രോണിക്‌സില്‍ ബിരുദധാരിയായ അഭിഷേക് കുമാറാണ് സ്‌കൂള്‍മിത്ര എന്ന പുതിയ ആശയത്തിനു പിന്നിലെ ബുദ്ധികേന്ദ്രം.

2012-ല്‍ കരിയര്‍ ആന്‍ഡ് മി എന്ന സംരംഭത്തിലൂടെ സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്കു കടന്ന അഭിഷേക് തന്റെ പ്രാരംഭ ബിസിനസ് അത്ര മെച്ചമല്ലെന്നു കണ്ട് ചുവടു മാറ്റുകയായിരുന്നു. കരിയര്‍ പരിചയപ്പെടുത്തുന്ന വര്‍ക്‌ഷോപ്പുകളും കൗണ്‍സിലിംഗ് പരിപാടികളും ഉള്‍പ്പെടുന്ന സംരംഭമായിരുന്നു കരിയര്‍ ആന്‍ഡ് മി. ഈ പദ്ധതിയുടെ ഭാഗമായി നിരവധി സ്‌കൂളുകളുമായും പ്രിന്‍സിപ്പല്‍മാരുമായും സംവദിച്ചതിന്റെ ഫലമായി ,ഒരു മികച്ച വെബ്ബ് അധിഷ്ഠിത സ്‌കൂള്‍ മാനേജ്‌മെന്റ് സംവിധാനത്തിന്റെ കുറവ് മനസിലാക്കിയതോടെ 2013-ലാണ് സ്‌കൂള്‍മിത്ര എന്ന സംരംഭത്തിന് അഭിഷേക് തുടക്കമിട്ടത്. അഭിഷേകിനൊപ്പം സുഹൃത്തുക്കളായ ഗുര്‍പ്രീത് സിംഗ് നരൂല, വിവേക് കുമാര്‍ എന്നിവരും സ്‌കൂള്‍മിത്രയുടെ സഹ സ്ഥാപകരാണ്

സ്‌കൂള്‍മിത്ര

സ്‌കൂള്‍ മാനേജ്‌മെന്റ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുന്ന ഒരു ക്ലൗഡ് അധിഷ്ഠിത ആപ്ലിക്കേഷനാണ് സ്‌കൂള്‍മിത്ര. സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാവിധ കാര്യങ്ങളും ഒരൊറ്റ ആപ്ലിക്കേഷനില്‍ സാധ്യമാക്കുന്ന സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്റ്റാഫ് മാനേജ്‌മെന്റ്, സ്റ്റുഡന്റ് മാനേജ്‌മെന്റ്, അഡ്മിനിസ്‌ട്രേഷന്‍, ഡോക്യുമെന്റ് മാനേജ്‌മെന്റ്, ഹാജര്‍ നിലവാരം, ഫീസ് ഘടന, ലൈബ്രറി, ഗതാഗത സൗകര്യങ്ങള്‍, ഹോസ്റ്റല്‍, പരീക്ഷകള്‍, സ്‌കൂളിലെ മറ്റു കലാകായിക പരിപാടികള്‍ എന്നിവയെല്ലാം അടങ്ങുന്ന ഫീച്ചറുകള്‍ ഈ ആപ്ലിക്കേഷനിലുണ്ട്. ഇതിനെല്ലാം പുറമേ സ്‌കൂള്‍ അധികൃതരുമായി രക്ഷിതാക്കള്‍ക്ക് സംവദിക്കാനുള്ള ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയ ആപ്ലിക്കേഷനും സ്‌കൂള്‍മിത്ര ഒരുക്കിയിരിക്കുന്നു. വാരണാസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍മിത്ര ഗുരുഗ്രാം, ഡെറാഡൂണ്‍, സിലിഗുരി എന്നിവിടങ്ങളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

പ്രവര്‍ത്തനരീതി

സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സ്‌കൂള്‍മിത്ര സഹായിക്കും. അഡ്മിഷന്‍ തുടങ്ങി ഫീസ്, റിപ്പോര്‍ട്ട് കാര്‍ഡ്, എന്നിങ്ങനെ എല്ലാവിധ ഭരണകാര്യ നിര്‍വഹണങ്ങളും സുതാര്യമാക്കുന്നതോടൊപ്പം ഒരു സ്‌കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ സാധ്യമാക്കിയിരിക്കുകയാണിവിടെ. ആന്‍ഡ്രോയ്ഡ് പ്ലേസ്‌റ്റോറില്‍ നിന്നും രക്ഷിതാക്കള്‍ക്ക് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സ്‌കൂളിലെ കുട്ടികളുടെ ഹാജര്‍, പരീക്ഷകളില്‍ ലഭിക്കുന്ന മാര്‍ക്ക്, സ്‌കൂള്‍ കലണ്ടര്‍, സ്‌കൂളുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ തുടങ്ങിയവയെല്ലാം ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. രക്ഷിതാക്കള്‍ക്ക് കൂട്ടികളെ സംബന്ധിച്ച കാര്യങ്ങളില്‍ ഫീഡ്ബാക്ക് അറിയിക്കാനുള്ള സംവിധാനവും ഇതില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആപ്ലീക്കേഷന്റെ ഐഒഎസ് വേര്‍ഷന്‍ ഇനിയും പുറത്തിറങ്ങിയിട്ടില്ല.

ഓണ്‍ലൈനായും ഓഫ്‌ലൈനായും പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ക്കു പരിശീലനം നല്‍കാനും സ്‌കൂള്‍മിത്ര ടീം തയാറാണ്. ടയര്‍-2, ടയര്‍-3 നഗരങ്ങളിലെ 250ഓളം സ്‌കൂളുകളില്‍ ഇപ്പോള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്. നിരവധി സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌റ്റേറ്റ് സിലബസുകള്‍ സ്‌കൂളുകളില്‍ നിന്നായി പത്ത് മില്യണ്‍ വ്യക്തിഗത സന്ദേശങ്ങള്‍ രക്ഷിതാക്കള്‍ക്ക് ഇതിനോടകം ഈ ആപ്ലിക്കേഷനിലൂടെ കൈമാറ്റം ചെയ്തതായും കമ്പനി അവകാശപ്പെടുന്നു.

വെല്ലുവിളികള്‍

സ്‌കൂള്‍ മിത്രയുടെ തുടക്കത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഒരു ഓണ്‍ലൈന്‍ ഉല്‍പ്പന്നം ഏറ്റെടുക്കുന്നതില്‍ ഏറെ മടി കാണിച്ചിരുന്നതായി അഭിഷേക് പറയുന്നു. ഒന്നു രണ്ടു മാസത്തോളം നീണ്ടു നിന്ന ഡെമോ പരിശീലനത്തിലൂടെയാണ് അധികൃതര്‍ക്ക് ഈ ആപ്ലിക്കേഷന്‍ പൂര്‍ണമായും വിശ്വാസയോഗ്യമാണെന്നു ബോധ്യമായത്. ഇപ്പോള്‍ 32 അംഗങ്ങളുടെ സ്‌കൂള്‍ മിത്ര ടീമിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് ഏകദേശം 300 ശതമാനമാണെന്നും അഭിഷേക് വ്യക്തമാക്കുന്നു.

സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സ്‌കൂള്‍മിത്ര സഹായിക്കും. സ്റ്റാഫ് മാനേജ്‌മെന്റ്, സ്റ്റുഡന്റ് മാനേജ്‌മെന്റ്, അഡ്മിനിസ്‌ട്രേഷന്‍, ഡോക്യുമെന്റ് മാനേജ്‌മെന്റ്, ഹാജര്‍ നിലവാരം, ഫീസ് ഘടന, ലൈബ്രറി, ഗതാഗത സൗകര്യങ്ങള്‍, ഹോസ്റ്റല്‍, പരീക്ഷകള്‍, സ്‌കൂളിലെ മറ്റു കലാകായിക പരിപാടികള്‍ എന്നിവയെല്ലാം അടങ്ങുന്ന ഫീച്ചറുകള്‍ ഈ ആപ്ലിക്കേഷനിലുണ്ട്

ഈ മേഖലയിലെ സാധ്യതകള്‍ കണക്കിലെടുത്ത് നിരവധി പുതു സംരംഭങ്ങള്‍ ഇപ്പോള്‍ പുതിയ ആശയങ്ങളുമായി കടന്നുവരുന്നുണ്ട്. എന്നാല്‍ സ്‌കൂള്‍മിത്ര ടയര്‍-2, ടയര്‍-3 നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്നതിനാല്‍ എതിരാളികളില്‍ നിന്നും വലിയതോതില്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നില്ലെന്നും അഭിഷേക് പറയുന്നു. സംരംഭം തുടങ്ങി നാലു വര്‍ഷത്തിനുശേഷം ഇന്ത്യാ എഡ്യൂക്കേഷണല്‍ ഫണ്ടില്‍ നിന്നും സ്‌കൂള്‍മിത്ര പ്രാരംഭ നിക്ഷേപം സമാഹരിച്ചിരുന്നു.

ഭാവിയില്‍ ഒരു കാറ്റഗറി ലീഡര്‍ എന്ന നിലയിലേക്ക് സ്‌കൂള്‍മിത്ര വളര്‍ച്ച പ്രാപിക്കണമെന്നാണ് അഭിഷേകിന്റെ ആഗ്രഹം. സാങ്കേതിക വിദ്യയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനും കൂടുതല്‍ നഗരങ്ങളിലേക്ക് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

Comments

comments

Categories: FK Special, Slider