ധാതു ഖനികളുടെ ലേലത്തിനുള്ള പുതിയ ചട്ടങ്ങള്‍ ഈ മാസം അവസാനത്തോടെ

ധാതു ഖനികളുടെ ലേലത്തിനുള്ള പുതിയ ചട്ടങ്ങള്‍ ഈ മാസം അവസാനത്തോടെ

കൊല്‍ക്കത്ത: ധാതു ഖനികള്‍ ലേലം ചെയ്യുന്നതിനുള്ള നിയമങ്ങള്‍ ഈ മാസം അവസാനത്തോടെ ഭേദഗതി ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. നടപ്പു സാമ്പത്തിക വര്‍ഷം ഒരു ലക്ഷം കോടി രൂപ മൂല്യം വരുന്ന ധാതുക്കള്‍ ലേലം ചെയ്യാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ഇലക്ട്രോണിക് സംവിധാനമുപയോഗിച്ചുള്ള ലേലത്തില്‍ പങ്കെടുക്കുന്നതിന് കമ്പനികള്‍ക്ക് വേണ്ട ചുരുങ്ങിയ അറ്റാദായത്തിന്റെ അടിസ്ഥാനത്തിലുള്ള നിലവിലെ മാനദണ്ഡം ഉയര്‍ന്നതാണെന്നാണ് ഈ മേഖലയില്‍ നിന്നുള്ളവര്‍ കരുതുന്നതെന്ന് ഖനന വകുപ്പ് സെക്രട്ടറി അരുണ്‍ കുമാര്‍ പറഞ്ഞു. പുതിയ മാനദണ്ഡങ്ങള്‍ ലേല നടപടികള്‍ എളുപ്പവും ആകര്‍ഷകവുമാക്കുമെന്നും അരുണ്‍ കുമാര്‍ അറിയിച്ചു. ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 33 ഖനികളിലായി 1.80 ലക്ഷം കോടി രൂപയുടെ ധാതുക്കളാണ് ലേലം ചെയ്യപ്പെട്ടത്. കൂടുതല്‍ ലേല നടപടികളിലേക്ക് നീങ്ങനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും, ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 12 ഖനികളിലായി ഏകദേശം 50,000 കോടി രൂപയുടെ പ്രകൃതിവിഭവങ്ങള്‍ ലേലം ചെയ്തിട്ടുണ്ടെന്നും കുമാര്‍ പറഞ്ഞു. ലേല നിയമങ്ങളിലെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കരട് നയങ്ങള്‍ രൂപീകരിക്കുകയും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലിത് ഖനന മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ശേഷം നിയമ മന്ത്രാലയത്തിന്റെ അനുമതിക്കു വിടും. ഈ മാസം അവസാനത്തോടെ പുതിയ നിയമങ്ങള്‍ക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അരുണ്‍ കുമാര്‍ അറിയിച്ചു.

Comments

comments

Categories: Slider, Top Stories