ഡെല്‍ഹി പുകമഞ്ഞ്: ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കും

ഡെല്‍ഹി പുകമഞ്ഞ്: ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കും

അന്തരീക്ഷ മലിനീകരണം കാരണം 2013ല്‍ ഇന്ത്യയുടെ ജിഡിപിയില്‍ 8.5 ശതമാനം ഇടിവുണ്ടായെന്നാണ് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാന മേഖലയെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്ന കനത്ത പുകമഞ്ഞ് ജനങ്ങളുടെ ആരോഗ്യത്തിനു പുറമെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലും തടസങ്ങള്‍ സൃഷ്ടിക്കുമെന്ന് നിരീക്ഷണം. ഉല്‍പ്പാദനം ഇടിയുന്നതിനും ആരോഗ്യ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ചെലവിടല്‍ വര്‍ധിപ്പിക്കുന്നതിനും അന്തരീക്ഷ മലിനീകരണം വഴിയൊരുക്കും. ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണ നിയമമടക്കം മലിനീകരണ തോത് കുറയ്ക്കുന്നതിനു വേണ്ടി എടുത്തിട്ടുള്ള നടപടികളും സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.

അഞ്ച് ദിവസത്തിനു ശേഷവും പുകമഞ്ഞ് മാറ്റമില്ലാതെ തുടരുന്ന സാഹചര്യം മുന്‍നിര്‍ത്തി ഡെല്‍ഹിയില്‍ നിര്‍മാണ- വ്യാവസായിക പ്രവര്‍ത്തങ്ങള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം നിരോധനമേര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നയപരിഷ്‌കരണങ്ങളുടെ ഭാഗമായുണ്ടായ ക്ഷീണത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഇത്തരം നീക്കങ്ങള്‍ വെല്ലുവിളിയുയര്‍ത്തുന്നതാണ്. ആഗോള തലത്തില്‍ നടന്നിട്ടുള്ള വിവിധ പഠനങ്ങളും മലനീകരണത്തിന്റെ ആഘാതം കണക്കാക്കിയിട്ടുണ്ട്.

അന്തരീക്ഷ മലിനീകരണം കാരണം 2013ല്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 8.5 ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട ഒരു പഠനത്തില്‍ ലോക ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. മലിനീകരണത്തിന്റെ ഏറ്റവും മാരകമായ അവസ്ഥയിലേക്ക് അന്തരീക്ഷ മലിനീകരണ തോത് ഉയര്‍ന്നിട്ടുണ്ടെന്നും, ലോകമെമ്പാടും നടക്കുന്ന അകാല മരണങ്ങളുടെ നാലാമത്തെ പ്രധാന കാരണമിതാണെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2013ല്‍ ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ള മരണങ്ങള്‍ കാരണം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് 225 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2015ല്‍ അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് മുംബൈ, ഡെല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ ഏകദേശം 70,000 കോടി രൂപയ്ക്കടുത്ത് നഷ്ടം വന്നിട്ടുണ്ടെന്നാണ് ഐഐടി ബോംബെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇത് ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം 0.71 ശതമാനം വരും. അവികസിത രാജ്യങ്ങളിലെ സാമ്പത്തിക ഉല്‍പ്പാദനത്തില്‍ രണ്ട് ശതമാനം വരെ വാര്‍ഷിക ഇടിവുണ്ടാക്കാന്‍ മലിനീകരണം കാരണമാകുമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ ലാന്‍സെറ്റ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. ലോകത്തില്‍ മലിനീകരണം കാരണം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചിട്ടുള്ളത് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2015ല്‍ ലോകവ്യാപകമായി മൊത്തം 9 മില്യണ്‍ ആളുകളാണ് മലിനീകരണത്തെ തുടര്‍ന്ന് മരിച്ചിട്ടുള്ളത്. ഇതില്‍ 2.5 മില്യണ്‍ ഇന്ത്യയില്‍ നിന്നാണ്. ഇത്തരം മരണങ്ങളില്‍ ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായിട്ടുള്ളത് ഇന്ത്യയിലും ബംഗ്ലാദേശിലുമാണ്. ഇന്ത്യ പോലുള്ള ഇടത്തരം വരുമാന വിഭാഗത്തില്‍പ്പെടുന്ന രാജ്യങ്ങളിലെ വാര്‍ഷിക ആരോഗ്യപരിപാലന ചെലവിടലിന്റെ ഏഴ് ശതമാനത്തോളവും മലിനീകരണം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ്.

Comments

comments

Categories: Business & Economy