ഇപിഎഫ് പലിശ നിരക്ക് 8.5 ശതമാനമാക്കി കുറച്ചേക്കും

ഇപിഎഫ് പലിശ നിരക്ക് 8.5 ശതമാനമാക്കി കുറച്ചേക്കും

8.8 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമാക്കി കഴിഞ്ഞ വര്‍ഷം ഇപിഎഫ് പലിശ കുറച്ചിരുന്നു.

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കുറച്ചേക്കും. പലിശ നിരക്ക് 8.5 ശതമാനമാക്കുന്നതാണ് പരിഗണനയിലുള്ളത്. നവംബര്‍ 23ന് ചേരുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ(ഇപിഎഫ്ഒ) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം 8.65 ശതമാനം ആയിരുന്നു പലിശനിരക്ക്.

ഇക്വിറ്റികളിലെ ഇപിഎഫ്ഒ നിക്ഷേപം യൂണിറ്റുകളായി സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് നല്‍കുന്ന കാര്യവും യോഗം പരിഗണിക്കുമെന്നാണ് മുതിര്‍ന്ന വൃത്തങ്ങള്‍ പറയുന്നത്. ഈ വര്‍ഷം എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇടിഎഫ്)കള്‍ വഴി 15 ശതമാനം തുകയാണ് ഇപിഎഫ്ഒ ഇക്വിറ്റികളില്‍ നിക്ഷേപിച്ചത്. മ്യൂച്വല്‍ ഫണ്ടിന് സമാനമായ രീതിയില്‍ ഓരോ സബ്‌സ്‌ക്രൈബര്‍മാരുടെയും ഓഹരി നിക്ഷേപ വിഹിതം അവരുടെ പിഎഫ് എക്കൗണ്ടുകളില്‍ നിക്ഷേപിക്കാനാണ് നീക്കം. പിഎഫ് എക്കൗണ്ട് പിന്‍വലിക്കുന്നതിനൊപ്പം ഈ യൂണിറ്റുകളും പണമാക്കി മാറ്റാന്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് സാധിക്കും. ഓഹരി വിപണിയിലെ ഇടിഎഫ് നേട്ടത്തിനനുസരിച്ചായിരിക്കും ഇതിലെ നേട്ടം. ഡെറ്റ് നിക്ഷേപത്തിന്റെ തുകയും പലിശയും ഇതോടൊപ്പം ലഭിക്കും.

പിഎഫിലെത്തുന്ന തുകയുടെ ഭൂരിഭാഗവും സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുന്നത്. സെക്യൂരിറ്റികളുടെ പലിശനിരക്കില്‍ ഇടിവുണ്ടായത് നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കുന്നതിലേക്ക് ഇപിഎഫ്ഒയെ നയിച്ചു. 8.8 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമാക്കി കഴിഞ്ഞ വര്‍ഷം ഇപിഎഫ് പലിശ കുറച്ചിരുന്നു. 4.5 കോടിയിലധികം സബ്‌സ്‌ക്രൈബര്‍മാരാണ് ഇപിഎഫ്ഒയ്ക്കുള്ളത്.

Comments

comments

Categories: Business & Economy