ബ്രസീലും ചൈനയും അടുക്കുമ്പോള്‍

ബ്രസീലും ചൈനയും അടുക്കുമ്പോള്‍

ബ്രസീലിലേക്കുള്ള ചൈനയുടെ നിക്ഷേപത്തെ സുനാമി പോലെ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്ത് ആധ്യപത്യമുറപ്പിക്കാനുള്ള ചൈനയുടെ നീക്കത്തെ കരുതലോടെ വേണം അമേരിക്ക ഉള്‍പ്പടെയുള്ള ലോകരാഷ്ട്രങ്ങള്‍ നോക്കിക്കാണാന്‍

മറ്റ് രാജ്യങ്ങളിലേക്ക് വമ്പന്‍ നിക്ഷേപം എത്തിച്ച് അവിടെ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ കുടില ബുദ്ധി നമ്മള്‍ പല തവണ കണ്ടതാണ്. അത് ലോകത്തിന് വലിയ ആപത്തായിരിക്കും വരുത്തിവെക്കുകയെന്ന് അവരുടെ ബെല്‍റ്റ് റോഡ് പദ്ധതിയുടെ പശ്ചാത്തലത്തില്‍ പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിനെ വരുതിയില്‍ വരുത്താന്‍ ചൈന കുറച്ചു വര്‍ഷങ്ങളായി നടത്തുന്ന നീക്കങ്ങളും ഈ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍.

ബ്രസീലിലേക്കുള്ള ചൈനയുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 2010നും 2016നും ഇടയില്‍ 37 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. എങ്ങനെയാണ് ബ്രസീലിയന്‍ ബ്യൂറോക്രസിയിലേക്ക് നുഴഞ്ഞു കയറുകയെന്നത് ബ്രസീല്‍ ഇപ്പോള്‍ ശരിക്കും പഠിച്ചെന്നാണ് അഠുത്തിടെ ഇന്റര്‍ അമേരിക്കന്‍ ഡെവലപ്‌മെന്റ് ബാങ്ക് കൗണ്‍സെലര്‍ ആന്‍ഡ്രെ സോര്‍സ് ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ പറഞ്ഞത്.

ബ്രസീലിയന്‍ കമ്പനികളെ ചൈന ഏറ്റെടുക്കുന്ന പ്രവണതയും ഇപ്പോള്‍ ശക്തിപ്പെട്ടുവരികയാണെന്നാണ് പല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അത്യന്തം ആശങ്കപ്പെടുത്തുന്ന കാര്യമാണിതെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. ചൈനയുടെ നിക്ഷേപം ഏതെല്ലാം മേഖലകളിലേക്കാണ് പോകുന്നതെന്ന് പോലും വ്യക്തമായി ട്രാക്ക് ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് ബ്രസീല്‍. ഭൂമി ഇടപാടുകളിലൊഴികെ ചൈനയുടെ നിക്ഷേപം ഏതെല്ലാം തരത്തിലാണ് ഉപയോഗിക്കപ്പെടുന്നതെന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇതിനെ വേണ്ട രീതിയില്‍ പ്രതിരോധിക്കാന്‍ അമേരിക്ക തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ ഭാവിയില്‍ കടുത്ത വില നല്‍കേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. ചൈനയുടെ ഉദ്ദേശ്യശുദ്ധ ഒരിക്കലും നല്ലതല്ല. ലോകരാജ്യങ്ങളില്‍ ആധ്യപത്യം സ്ഥാപിച്ച് ഫാസിസ്റ്റ് ക്രമം ഉണ്ടാക്കിയെടുക്കാനുള്ള പദ്ധതികളുടെ ഭാഗമാണിത്. ഷി ജിന്‍ പിംഗിന്റെ ചൈന ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത, മനുഷ്യാവകശാങ്ങള്‍ക്ക് വില നല്‍കാത്ത, അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കാത്ത ഒരു ഭരണ സംവിധാനമാണെന്നത് ലോകരാജ്യങ്ങള്‍ മറക്കരുത്. അത് ചൈനയില്‍ മാത്രം നടപ്പാക്കണമെന്ന പരിമിതമായ ആഗ്രഹവുമല്ല അവര്‍ക്കുള്ളത്. അമേരിക്കയ്ക്ക് പകരം ഒറു ഫാസിസ്റ്റ് ലോകനേതാവാകാനുള്ള കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വലിയ പദ്ധതിയുടെ ഭാഗമാണത്.

ദക്ഷിണ ചൈനാ കടല്‍ ഉള്‍പ്പടെയുള്ളവിഷയങ്ങളില്‍ ചൈന സ്വീകരിക്കുന്ന സമീപനങ്ങള്‍ അതിന് തെളിവാണ്. അവര്‍ ദക്ഷിണ ചൈനാ കടലില്‍ സൈനിക ബേസുകള്‍ നിര്‍മിക്കുന്നത് തുടരുകയാണ്. എല്ലാ തരത്തിലുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി, അന്താരാഷ്ട്ര കോടതിയെപ്പോലും മാനിക്കാതെയാണ് ചൈനയുടെ ധാര്‍ഷ്ട്യം.

വിഷയത്തില്‍ അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ നിന്നും ചൈനയ്ക്ക് എതിരായ വിധി കഴിഞ്ഞ വര്‍ഷം വന്നിരുന്നു. എന്നാല്‍ അത് പരിഗണിക്കുന്നതില്‍ ഒരു മര്യാദയും ബെയ്ജിംഗ് കാണിച്ചില്ല. കോടതിയുടെ ഉത്തരവ് മാനിക്കണമെന്ന് ഫിലിപ്പീന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബെയ്ജിംഗിനോട് ആവശ്യപ്പെട്ടെങ്കിലും നിഷേധാത്മക നിലപാടായിരുന്നു കമ്യൂണിസ്റ്റ് ഭരണകൂടം സ്വീകരിച്ചത്. ഫിലിപ്പീന്‍സാണ് 2013ല്‍ ചൈനയ്‌ക്കെതിരേ ഹേഗിലെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

മേഖലയില്‍ ചൈന അനധികൃതമായി നിര്‍മിച്ച കൃത്രിമ ദ്വീപില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിന്റെയും ഇവയ്ക്കായി ഷെഡ്ഡുകള്‍ നിര്‍മിച്ചതിന്റെയും ഉപഗ്രഹ ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു. മേഖലയില്‍ ചൈന വര്‍ഷങ്ങളായി സൈനികാധിഷ്ഠിത പദ്ധതികള്‍ നടത്തി വരികയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ലോകത്തെ സംഘര്‍ഷാത്മകമാക്കുന്ന വിനാശകരമായ പ്രവര്‍ത്തനങ്ങളിലാണ് ചൈന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മറുവശത്ത് വന്‍ നിക്ഷേപങ്ങളിലൂടെയും അടിസ്ഥാന സൗകര്യ പദ്ധതികളുടെ വികസനമെന്ന വ്യാജേനെയും മറ്റ് രാജ്യങ്ങളില്‍ ഇടപെടല്‍ നടത്താനുള്ള ശക്തമായ ശ്രമവും ഉണ്ടാകുന്നു ബെയ്ജിംഗിന്റെ ഭാഗത്തുനിന്ന്. ബ്രസീലിലേതു പോലെ, ശ്രീലങ്കയിലേതും നേപ്പാളിലേതും പോലെ. തങ്ങളെ ആര്‍ക്കും വെല്ലുവിളിക്കാന്‍ ആകരുതെന്ന അഹന്ത നിറഞ്ഞ കാര്യങ്ങളിലാണ് ഷി ജിന്‍ പിങ്ങിന്റെ രാജ്യം ഏര്‍പ്പെട്ടിരിക്കുന്നത്. ആഗോള സാമ്പത്തിക ഫോറം ഉള്‍പ്പടെയുള്ള സകല അന്താരാഷ്ട്ര വേദികളിലും സ്വാധീനം ചെലുത്താനാണ് ചൈനയുടെ ശ്രമം. ബെല്‍റ്റ് റോഡ് പോലുള്ള പദ്ധതികളിലൂടെ വികസ്വര രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കാന്‍ ആസൂത്രണമായ ഇടപെടല്‍ തന്നെ അവര്‍ നടത്തുന്നു. ഇതിന് എരിവ് പകര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലതിരിഞ്ഞ നയങ്ങളും മാറുകയാണ്. ചൈനയെ പ്രതിരോധിക്കേണ്ടത് ലോകത്തിന്റെ മൊത്തം ആവശ്യമായി മാറിയിരിക്കുകയാണ്.

അമേരിക്കയ്ക്ക് ഇതിനു നേരെ കണ്ണടയ്ക്കാന്‍ സാധിക്കുമോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രസക്തമായ ചോദ്യം. അസ്ഥിരമായ തീരുമാനങ്ങളും ദീര്‍ഘവീക്ഷണില്ലാത്ത നയങ്ങളുമാണ് പലപ്പോഴും പ്രസിഡന്റ് ട്രംപിന്റേത്. റഷ്യയുമായും ചൈനയുമായും ഉള്ള ബന്ധത്തില്‍ ഇത് പ്രകടവുമാണ്. സ്വന്തം ജനതയുടെ വിശ്വാസം അതിവേഗത്തിലാണ് അദ്ദേഹത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. വംശീയവാദികളുടെയും കടുത്ത പരമ്പരാഗതവാദികളുടെയും മാത്രം ആരാധനാപാത്രമായി അദ്ദേഹം മാറുകയാണ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ട്രംപ് ആ രാജ്യത്തിന്റെ ആഗോള സ്വത്വത്തെ മനസിലാക്കാതിരുന്നാല്‍ അത് ചൈനയ്ക്ക് ആധിപത്യം സ്ഥാപിക്കാനുള്ള അവസരമായി മാറുമെന്നത് തീര്‍ച്ച.

ഡൊണാള്‍ഡ് ട്രംപ് ഇനിയെങ്കിലും കാര്യങ്ങള്‍ ഗൗരവത്തില്‍ എടുക്കാന്‍ ശീലിക്കേണ്ടതുണ്ട്.

Comments

comments

Categories: Editorial, Slider