എതിരാളികളിലല്ല, ഉപഭോക്താക്കളിലാണ് ആമസോണ്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്: ജെഫ് വില്‍കെ

എതിരാളികളിലല്ല, ഉപഭോക്താക്കളിലാണ് ആമസോണ്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്: ജെഫ് വില്‍കെ

ആദ്യ പാദത്തില്‍ 82 ശതമാനത്തിന്റെയും രണ്ടാം പാദത്തില്‍ 88 ശതമാനത്തിന്റെയും വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ ഫഌപ്കാര്‍ട്ട് അടക്കമുള്ള എതിരാളികളെ നേരിടുന്നതിലല്ല, മറിച്ച് ഉപഭോക്തൃ അടിത്തറ വികസിപ്പിക്കുന്നതിലാണ് ആമസോണ്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കമ്പനിയുടെ കണ്‍സ്യൂമര്‍ ബിസിനസ് വിഭാഗം സിഇഒ ജെഫ് വില്‍കെ. വിപണിയില്‍ ബിസിനസ് വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടെ എതിരാളികളെ കുറിച്ച് ആലോചിക്കുന്നില്ലെന്നും ജെഫ് വ്യക്തമാക്കി.

ആമസോണിന്റെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണികളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ കമ്പനിയുടെ വിപണി സ്ഥിരത കൈവരിക്കുന്നതിന് സമയമെടുക്കുമെങ്കിലും രാജ്യത്ത് നിക്ഷേപം നടത്തുന്നതിനുള്ള തീവ്ര ശ്രമങ്ങള്‍ കമ്പനി അവസാനിപ്പിക്കില്ലെന്നാണ് ജെഫ് പറയുന്നത്. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി കേന്ദ്രീകരിച്ചുള്ള ഭീമമായ നിക്ഷേപ നീക്കങ്ങള്‍ കാരണം ആമസോണിന്റെ അന്താരാഷ്ട്ര ബിസിനസിലുണ്ടായ വന്‍ നഷ്ടം തന്നെ അസ്വസ്ഥനാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ ആമസോണിന്റെ മുഖ്യ എതിരാളിയായ ഫഌപ്കാര്‍ട്ടിന്റെ മൂല്യത്തിലുണ്ടായ വര്‍ധനയും കമ്പനി ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് ജെഫ് പറയുന്നത്.

1999 മുതല്‍ ആമോസണിന്റെ ഭാഗമായി തുടരുന്ന ജെഫ് വില്‍കെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ വിശദീകരിച്ചത്. ഉത്സവസീസണോടനുബന്ധിച്ചുള്ള വില്‍പ്പനയില്‍ കമ്പനിയുടെ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആമസോണ്‍ ഇന്ത്യ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതിനു വേണ്ടി ബെംഗളൂരുവിലെത്തിയതാണ് അദ്ദേഹം. ഈ വര്‍ഷത്തെ ദീപാവലി വില്‍പ്പന സമയത്ത് ഇന്ത്യയിലെ ഇ-കൊമേഴ്‌സ് കമ്പനികള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ള ഉപഭോക്താക്കളില്‍ 44 ശതമാനം ആസോണിന്റേതാണെന്നും കാന്‍ടര്‍ ഐഎംആര്‍ബി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ജെഫ് പറഞ്ഞു. മൊത്ത വില്‍പ്പനയില്‍ 42 ശതമാനം പങ്കാളിത്തം നേടാന്‍ ആമസോണിന് സാധിച്ചിട്ടുണ്ടെന്നും, ഇന്ത്യയില്‍ നിക്ഷേപം തുടരുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

2014ല്‍ ഇന്ത്യന്‍ വിപണിയില്‍ രണ്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നായിരുന്നു ആമസോണ്‍ പ്രഖ്യാപിച്ചത്. 2016ല്‍ മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപം കൂടി കൂട്ടിച്ചേര്‍ക്കുന്നതായി ആമസോണ്‍ അറിയിച്ചു. ഈ തുക നിക്ഷേപിക്കുന്നതിനുള്ള നീക്കത്തിലാണ് കമ്പനി. യുഎസ്, ജര്‍മനി, ജപ്പാന്‍, ചൈന തുടങ്ങിയ മറ്റു വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ആമസോണിന് ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച സാധ്യമായിട്ടുള്ള വിപണിയാണ് ഇന്ത്യ. രാജ്യത്തെ ജനസംഖ്യയുടെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ വളരെ വിശാലമായ അവസരങ്ങളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. 2016ല്‍ കമ്പനിയുടെ വളര്‍ച്ച 124 ശതമാനം ആയിരുന്നു. നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ 82 ശതമാനത്തിന്റെയും രണ്ടാം പാദത്തില്‍ 88 ശതമാനത്തിന്റെയും വളര്‍ച്ചയാണ് ആമസോണ്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് അത്ഭുതകരമായ വളര്‍ച്ചയാണ്, ജെഫ് വിശദീകരിച്ചു.

Comments

comments

Categories: Business & Economy