പരിധി ഉയര്‍ത്തി ട്വിറ്റര്‍

പരിധി ഉയര്‍ത്തി ട്വിറ്റര്‍

ആശയവിനിമയത്തിനു വേറിട്ട തലം ഒരുക്കിയാണു ട്വിറ്റര്‍ 2006ല്‍ രംഗപ്രവേശം ചെയ്തത്. കൈമാറുന്ന ആശയങ്ങള്‍ക്കു കൃത്യതയുണ്ടാകണമെങ്കില്‍ അവ ഹ്രസ്വമായിരിക്കണമെന്നു ട്വിറ്ററിന്റെ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സേയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു. ഈയൊരു താല്‍പര്യം മുറുകെ പിടിച്ചതു കൊണ്ടാണ് ട്വീറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ 140 എന്ന പരിധിയിലൊതുക്കിയത്. ട്വിറ്റര്‍ അറിയപ്പെടുന്നതു മൈക്രോ ബ്ലോഗിംഗ് സൈറ്റ് എന്നാണ്. എന്നാല്‍ ട്വിറ്ററിന്റെ ഈ സവിശേഷത ചില്ലറ മാറ്റങ്ങള്‍ക്കു വിധേയമായിരിക്കുകയാണ്.

കൃത്യവും ഹ്രസ്വവുമായ ആശയവിനിമയത്തിന്റെ പുത്തന്‍ മാതൃക തീര്‍ത്ത ട്വിറ്റര്‍, ട്വീറ്റ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന അക്ഷരങ്ങളും ചിത്രങ്ങളും ഉള്‍പ്പെടുന്ന ക്യാരക്‌റ്റേഴ്‌സിന്റെ പരിധി 140-ല്‍നിന്നും 280 ആയി ഉയര്‍ത്തി. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം ജാപ്പനീസ്, കൊറിയന്‍, ചൈനീസ് ഭാഷകള്‍ക്കു മാറ്റമുണ്ടാകില്ല. ഈ മൂന്നു ഭാഷകളിലും ട്വീറ്റ് ചെയ്യാന്‍ 140 ക്യാരക്‌റ്റേഴ്‌സ് ഉപയോഗിച്ചു മാത്രമായിരിക്കും സാധിക്കുക. 140ല്‍ നിന്നും 280 ക്യാരക്‌റ്റേഴ്‌സാക്കിയുള്ള മാറ്റം രണ്ട് മാസം പരീക്ഷണാടിസ്ഥാനത്തിലാണു വരുത്തിയിരിക്കുന്നതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ട്രംപ് ഉള്‍പ്പെടെ ലോകത്തെ പ്രമുഖ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ വ്യക്തികള്‍ തങ്ങളുടെ നയങ്ങളും അഭിപ്രായങ്ങളും ലോകത്തെ അറിയിക്കാന്‍ ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണു ട്വിറ്റര്‍. പ്രതിമാസം 33 കോടി പേര്‍ സജീവമായി ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ടെന്നാണു കമ്പനിയുടെ അവകാശവാദം. പുതിയ മാറ്റത്തിലൂടെ യൂസേഴ്‌സിന്റെ എണ്ണം വര്‍ധിപ്പിക്കാനും സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഇടപെടലുകള്‍ വര്‍ധിപ്പിക്കുവാനുമാണ് ലക്ഷ്യമിടുന്നതെന്നു കമ്പനി അറിയിച്ചു.

ട്വിറ്റര്‍ സഞ്ചരിച്ച നാള്‍വഴികള്‍
2006: ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ സുഹൃത്തുക്കളുടെ ഒരു നെറ്റ്‌വര്‍ക്കിലേക്ക് ഹ്രസ്വമായ അപ്‌ഡേറ്റുകള്‍ അയയ്ക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമായി ട്വിറ്റര്‍ അവതരിക്കുന്നു. സാധാരണ നമ്മള്‍ മൊബൈല്‍ ഫോണില്‍ അയക്കുന്ന എസ്എംഎസ് സന്ദേശങ്ങളുടെ പരിധി 160 ക്യാരക്‌റ്റേഴ്‌സാണെങ്കിലും ട്വിറ്റര്‍ അത് 140-ല്‍ പരിമിതപ്പെടുത്തി. നമ്മളുടെ മാനസികാവസ്ഥ (state of mind) എന്താണെന്നു മറ്റുള്ളവര്‍ക്കു വ്യക്തമാക്കി കൊടുക്കുന്നതിനു മാത്രമായിരിക്കും ട്വിറ്റര്‍ ഉപകാരപ്പെടുകയെന്നും വിശദീകരിക്കാന്‍ ഈ പ്ലാറ്റ്‌ഫോമിലൂടെ കഴിയില്ലെന്നും അക്കാലത്ത് വിലയിരുത്തപ്പെട്ടിരുന്നു.
2009: റീട്വീറ്റ് ചെയ്യാനുള്ള സൗകര്യം ട്വിറ്റര്‍ അവതരിപ്പിച്ചു.

2011: ട്വീറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനായി TweetDeck എന്ന പേരുള്ള തേര്‍ഡ് പാര്‍ട്ടി സേവനം അവതരിപ്പിക്കുന്നു. ഇതുപ്രകാരം Deck.ly എന്നൊരു സംവിധാനം രൂപീകരിക്കുന്നു. 140 എന്ന ക്യാരക്റ്റര്‍ പരിധിയെ മറികടന്നു ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്ന പ്രത്യേക പേജ് സൃഷ്ടിക്കാന്‍ സാധിക്കും.TweetDeck നെ 2011ല്‍ ട്വിറ്റര്‍ ഏറ്റെടുത്തു. പിന്നീട് Deck.ly യെ ഇല്ലാതാക്കുകയും ചെയ്തു.

2012: ഇമേജ്, വീഡിയോ, പ്രിവ്യു എന്നിവ ഉള്‍പ്പെടുന്ന ലിങ്കുകളുള്ള ട്വീറ്റ് അവതരിപ്പിക്കുന്നു.
2013: ട്വിറ്റര്‍ പബ്ലിക് കമ്പനിയാകുന്നു.

2015: ഡയറക്റ്റ് മെസേജിംഗില്‍ 140 എന്ന ക്യാരക്റ്റര്‍ പരിധി അവസാനിപ്പിച്ച് 10,000 ലേക്ക് പരിധി ഉയര്‍ത്തുന്നു. എന്നാല്‍ ട്വീറ്റ് ചെയ്യുന്ന ക്യാരക്‌റ്റേഴ്‌സിന്റെ പരിധി 140-ല്‍ തന്നെ നിലനിര്‍ത്തുന്നു.

2017: ട്വീറ്റ് ചെയ്യാനുള്ള ക്യാരക്‌റ്റേഴ്‌സിന്റെ പരിധി 140 ല്‍നിന്നും 280 ലേക്ക് ഉയര്‍ത്തുന്നു.

പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് 2006-ലാണു ട്വിറ്റര്‍ സേവനം ആരംഭിച്ചത്. യൂസര്‍മാര്‍ക്ക്, അവരുടെ ചിന്തകളില്‍ കൂടുതല്‍ ഏകാഗ്രത പതിപ്പിക്കാന്‍ സാധിക്കണമെന്ന് അന്നു ട്വിറ്ററിന്റെ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സേയ്ക്കു ആഗ്രഹമുണ്ടായിരുന്നു. ഇതു മുന്നില്‍ കണ്ടു കൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്യുന്ന ക്യാരക്‌റ്റേഴ്‌സിന്റെ എണ്ണം 140 ആയി പരിമിതപ്പെടുത്തിയത്. എന്നാല്‍ സമീപകാലത്ത് ട്വിറ്റര്‍, യൂസര്‍മാരെ കൂടുതല്‍ ആകര്‍ഷിക്കുന്ന കാര്യത്തില്‍ എതിര്‍ചേരിയിലുള്ള മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളേക്കാള്‍ ബഹുദൂരം പിന്നിലായി. ഇത് കമ്പനിയുടെ വരുമാനത്തെയും ബാധിക്കാന്‍ കാരണമായി. മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ അധികകാലം പിടിച്ചുനില്‍ക്കാനാവില്ലെന്ന തോന്നലാണ് ഇപ്പോള്‍ കമ്പനിയെ പരിഷ്‌ക്കാരത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ട്വിറ്റര്‍ ട്വീറ്റ് ചെയ്യാനുള്ള ക്യാരക്റ്ററിന്റെ പരിധി ദീര്‍ഘിപ്പിച്ചിരിക്കുന്നതും. 2013-ല്‍ പബ്ലിക് കമ്പനിയായി മാറിയ ട്വിറ്റര്‍ ഇതുവരെ ഒരിക്കല്‍ പോലും ലാഭം നേടിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഗോള സെലിബ്രിറ്റികളും, രാഷ്ട്രീയ വ്യക്തിത്വങ്ങളുമൊക്കെ ട്വിറ്റര്‍ സജീവമായി ഉപയോഗിച്ചിട്ടു പോലും നേട്ടം കൊയ്യാനായില്ലെന്നതു കമ്പനിക്കു ക്ഷീണം തന്നെയാണെന്നു വിലയിരുത്തപ്പെടുന്നുണ്ട്.

ക്യാരക്‌റ്റേഴ്‌സിന്റെ പരിധി ഉയര്‍ത്തിയ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. കൃത്യവും ഹ്രസ്വവുമായ സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോമായതു കൊണ്ടാണു ട്വിറ്ററിനെ അധികം പേരും ഇഷ്ടപ്പെടുന്നതെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്. എന്നാല്‍ നയരൂപീകരണ തലം മുതല്‍ സൈനിക നടപടികള്‍ കൈക്കൊള്ളുന്ന കാര്യം വരെ ഇന്നു പൊതുജന സമക്ഷം അറിയിക്കാന്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ആശ്രയിക്കുന്നത് ട്വിറ്ററിനെയാണ്. ഉദാഹരണമായി കഴിഞ്ഞ ദിവസം ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയയിലെത്തിയ യുഎസ് പ്രസിഡന്റ് ട്രംപ് പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്തിയത് ട്വിറ്ററിലൂടെയായിരുന്നു. മേഖലയില്‍ നിരന്തര പ്രകോപനം നടത്തുന്ന ഉത്തര കൊറിയയെ താക്കീത് ചെയ്യാനും ട്വിറ്റര്‍ തെരഞ്ഞെടുക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ ട്വിറ്ററിന്റെ പരിധി ഉയര്‍ത്തിയത് നല്ല കാര്യമാണെന്ന അഭിപ്രായവും പൊതുവേയുണ്ട്.

35,000 ക്യാരക്‌റ്റേഴ്‌സ് ഉപയോഗിച്ച് ട്വീറ്റ് ചെയ്ത് രണ്ട് ജര്‍മന്‍കാര്‍ ട്വിറ്ററിന്റെ പഴുത് ദുരുപയോഗം ചെയ്തു
ട്വീറ്റ് ചെയ്യാനുള്ള ക്യാരക്‌റ്റേഴ്‌സിന്റെ പരിധി 140-ല്‍ നിന്നും 280-ലേക്ക് ഉയര്‍ത്തിയ ദിനത്തില്‍ രണ്ട് ജര്‍മന്‍കാര്‍, ട്വിറ്ററിന്റെ പഴുത് ദുരുപയോഗം ചെയ്തു. നിലവിലുള്ള പരിധി ലംഘിച്ചു കൊണ്ട് 35,000 ക്യാരക്‌റ്റേഴ്‌സ് ട്വീറ്റ് ചെയ്യുകയുണ്ടായി. Timrasett, HackneyYT എന്നു പേരുകളുള്ള രണ്ട് യൂസര്‍മാരാണ് ക്യാരക്റ്റര്‍ പരിധി ലംഘിച്ചത്. ‘People! @Timrasett and @HackneyYT can exceed the character limit! You do not believe us? Here s about 35k characters proof.’ (‘ട്വിറ്ററിന്റെ ക്യാരക്റ്റര്‍ പരിധി Timrasett നും HackneyYTനും മറികടക്കാന്‍ സാധിക്കും. നിങ്ങള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ലേ ? ഇതാ 35,000 ക്യാരക്ടറിനുള്ള തെളിവ്’) എന്ന വാചകത്തോടെ ആരംഭിക്കുന്ന സന്ദേശം ഉപയോഗിച്ചു കൊണ്ടാണു ക്യാരക്റ്റര്‍ ലിമിറ്റ് ഭേദിച്ചിരിക്കുന്നത്. സംഭവത്തിനു ശേഷം രണ്ട് യൂസര്‍മാരെയും വിവാദ ട്വീറ്റും നീക്കം ചെയ്തു. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുത്തിട്ടുണ്ടെന്നു ട്വിറ്ററിന്റെ വക്താവ് അറിയിച്ചു.

Comments

comments

Categories: FK Special, Slider