ടൈകോണ്‍ കേരള സംരംഭക സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം

ടൈകോണ്‍ കേരള സംരംഭക സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം

യുവസംരംഭകര്‍ക്ക് തങ്ങളുടെ നൂതന ഉല്‍പ്പന്നങ്ങളും ആശയങ്ങളും, നിക്ഷേപകര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം സമ്മേളനം നല്‍കും

കൊച്ചി: ടൈകോണ്‍ കേരള 2017, സംരംഭകത്വ സമ്മേളനം ഇന്നും നാളെയുമായി കൊച്ചിയിലെ ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍. ആഗോള സംഘടനയായ ദ ഇന്‍ഡസ് എന്‍ട്രപ്രണേഴ്‌സിന്റെ (ടൈ) സംസ്ഥാന ഘടകം ടൈ കേരള സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന സമ്മേളനം ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് എം എസ് എ കുമാര്‍, വൈസ് പ്രസിഡന്റ് അജിത് മൂപ്പന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഡോ. ആസാദ് മൂപ്പന്‍, മൈന്‍ഡ് ട്രീ സഹസ്ഥാപകന്‍ സുബ്രതോ ബഗ്ചി, പെപ്പര്‍ഫ്രൈ ഡോട്ട് കോം സിഇഒ അംബരീഷ് മൂര്‍ത്തി എന്നിവരുള്‍പ്പടെ നൂറോളം പേര്‍ സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ സംസാരിക്കും.

സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായാണ് ടൈകോണ്‍ കേരള വിലയിരുത്തപ്പെടുന്നത്. ‘കേരളം-സംരംഭകരുടെ ലക്ഷ്യസ്ഥാനം’ എന്ന പ്രമേയം മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷം സമ്മേളനം നടക്കുന്നത്. സ്റ്റാര്‍ട്ടപ്പ്-വിദ്യാര്‍ത്ഥി സംരംഭകരും വ്യാവസായിക പ്രമുഖരുമടക്കം ഇന്ത്യയിലും വിദേശത്തുമുള്ള ആയിരത്തിലധികം പേര്‍ ടൈകോണ്‍ കേരളയുടെ ആറാമത് സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രഥമ പരിഗണനയിലുള്ള സംരംഭകത്വ കേന്ദ്രമെന്ന നിലയില്‍ കേരളത്തെ മാറ്റുന്നതിന് സംസ്ഥാനത്തെ പ്രധാന വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളും വിവിധ വ്യാവസായിക മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങളും തമ്മിലുള്ള സഹകരണം പ്രോല്‍സാഹിപ്പിക്കാനാണ് ഈ വര്‍ഷത്തെ സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍ പറഞ്ഞു.

യുവസംരംഭകര്‍ക്ക് തങ്ങളുടെ നൂതന ഉല്‍പ്പന്നങ്ങളും ആശയങ്ങളും, നിക്ഷേപകര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം സമ്മേളനം നല്‍കും. പരിചയസമ്പന്നരായ മെന്‍ഡര്‍മാരുടെയും, സര്‍ക്കാര്‍ ഏജന്‍സികളുടെയും സഹായം തേടാനും സംരംഭകര്‍ക്ക് അവസരം ഒരുക്കുന്ന ക്രൗഡ് ഫണ്ടിംഗ് ആണ് സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. സംരംഭകരുടെ പരാജയ സാധ്യതകള്‍ ചൂണ്ടിക്കാണിക്കാനും വിലയിരുത്താനും പരിഹരിക്കാനുമായുള്ള ഫെയിലിയര്‍ ലാബുകളും സമ്മേളനത്തിലുണ്ടാകും.
ടൂറിസം രംഗത്തെ കേരള മാതൃക, ലൈഫ് സയന്‍സ്, ബയോടെക്‌നോളജി, മെഡിക്കല്‍ ശൃംഖല വ്യവസായങ്ങള്‍, ഹരിതോര്‍ജം, കൃഷി, ഭക്ഷ്യസംസ്‌കരണം എന്നീ മേഖലകളിലെ സംരംഭക സാധ്യതകള്‍ ടൈകോണ്‍ കേരള ചര്‍ച്ച ചെയ്യും. സാമൂഹ്യസംരംഭം, കേരളത്തിലെ ഉന്നതവിദ്യാഭ്യാസവും സംരംഭകത്വവും, മെന്‍ഡര്‍, മൈ സ്റ്റോറി തുടങ്ങിയ സെഷനുകളും ദ്വിദിന സമ്മേളനത്തിന്റെ ഭാഗമായുണ്ടാകും.

Comments

comments

Categories: Slider, Top Stories