ഐപിഎല്‍: പരസ്യ വില്‍പ്പനയില്‍ നിന്നും 1800 കോടി രൂപ ലക്ഷ്യമിട്ട് സ്റ്റാര്‍ ഇന്ത്യ

ഐപിഎല്‍: പരസ്യ വില്‍പ്പനയില്‍ നിന്നും 1800 കോടി രൂപ ലക്ഷ്യമിട്ട് സ്റ്റാര്‍ ഇന്ത്യ

പരസ്യ ഘടനയില്‍ മാറ്റം വരുത്തും, ഐപിഎല്‍ ലക്ഷ്യമിട്ട് പ്രത്യേക ടീം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ന്റെ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ ആറുമാസം ബാക്കി നില്‍ക്കെ വിപണി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് സ്റ്റാര്‍ ഇന്ത്യ. കടുത്ത മത്സരത്തിന് ഒടുവിലാണ് 16,347.5 കോടി രൂപയ്ക്ക് ഐപിഎല്‍ സംപ്രേക്ഷണാവകാശം റുപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത്. 2018 മുതല്‍ 2022 വരെയുള്ള അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. ടെലിവിഷന്‍ പരസ്യ വരുമാനത്തില്‍ നിന്ന് 1500 കോടി രൂപയും ഹോട്ട്‌സ്റ്റാര്‍ പരസ്യത്തില്‍ നിന്ന് 200-300 കോടി രൂപയും സ്വരൂപീക്കാനാണ് കമ്പനി നീക്കമിടുന്നത്.

കഴിഞ്ഞ സീസണില്‍ ഐപിഎല്‍ സംപ്രേക്ഷണാവകാശമുണ്ടായിരുന്ന സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക്‌സ് ഇന്ത്യ (എസ്പിഎന്‍) പരസ്യ വരുമാനത്തില്‍ നിന്ന് 1300 കോടിയിലധികം രൂപയാണ് നേടിയത്. ഡിജിറ്റല്‍ ഹോട്ട്‌സ്റ്റാറില്‍ നിന്ന് (അന്ന് ഐപിഎല്ലിന്റെ ഡിജിറ്റല്‍ അവകാശം സ്റ്റാര്‍ ഇന്ത്യക്കായിരുന്നു) 120 കോടി രൂപയാണ് സ്റ്റാര്‍ നേടിയത്.

പരസ്യഘടനയില്‍ സ്റ്റാര്‍ ഇന്ത്യ മാറ്റം വരുത്തിയെന്നും ഐപിഎല്‍ ലക്ഷ്യമിട്ട് പരസ്യ വരുമാന ടീം രൂപീകരിച്ചിട്ടുണ്ടെന്നുമാണ്. വൈസ് പ്രസിഡന്റുമാരായ അതുല്‍ ഗാന്ധി, വൈഭവ് ഗോയല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമില്‍ 6-8 വരെ മാനേജര്‍മാരുണ്ടാവും. ഐപിഎല്‍ സംബന്ധമായ പരസ്യ വില്‍പ്പനയുടെ ഉത്തരവാദിത്തം ഈ ടീമിനായിരിക്കും.

ഐപിഎല്‍ പരസ്യ വില്‍പ്പന സോണി മികച്ച രീതിയിലാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്. അതുപോലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഉടന്‍ തന്നെ സ്റ്റാര്‍ ജോലികള്‍ ആരംഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments

comments

Categories: Sports