രാജ്യ തലസ്ഥാനത്ത് നിര്‍മാണ-വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

രാജ്യ തലസ്ഥാനത്ത് നിര്‍മാണ-വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

ഒറ്റ-ഇരട്ടയക്ക നിയന്ത്രണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് രാജ്യതലസ്ഥാന ഡെല്‍ഹിയില്‍ നിര്‍മാണ, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) 14ാം തീയതി വരെ നിരോധനമേര്‍പ്പെടുത്തി. നിര്‍മാണ വസ്തുക്കളുമായി നഗരത്തിനകത്ത് വാഹനങ്ങല്‍ ഓടുന്നതും പുറത്തുനിന്ന് ട്രക്കുകള്‍ എത്തുന്നതും ദേശീയ ഹരിത ട്രൈബ്യൂണല്‍ വിലക്കിയിട്ടുണ്ട്.

ഡെല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. പുകമഞ്ഞ് കാഴ്ച മറയ്ക്കുന്നതു കാരണം നഗരത്തില്‍ നിരവധി വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്തരീക്ഷ വായുവിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി (ഇപിസിഎ) മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. തലസ്ഥാന നഗരിയിലെ മലിനീകരണ തോത് സംബന്ധിച്ച് ഡെല്‍ഹി സര്‍ക്കാരിനും മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും അയല്‍ സംസ്ഥാനങ്ങള്‍ക്കും ഹരിത ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആരോഗ്യസ്ഥിതി വഷളായതു മൂലം ആശുപത്രിയില്‍ കഴിയുന്ന ജനങ്ങളുടെ പരിതാപകരമായ അവസ്ഥ തിരിച്ചറിയണമെന്നും എന്‍ജിടി ആവശ്യപ്പെട്ടു.

അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള കരുതിവെക്കലിന്റെ കാര്യം പരിഗണിച്ചാല്‍ ഡെല്‍ഹിയിലെ മലിനീകരണ പ്രശ്‌നം എല്ലാ പൊതു പ്രവര്‍ത്തകരെയും ലജ്ജിപ്പിക്കുന്നതാണെന്നും ഹരിത ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. പൗരന്മാര്‍ക്ക് ശുദ്ധവായുവും ജീവിക്കാനനുകൂലമായ സാഹചര്യവും ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഭരണഘടനാ അനുച്ഛേദം 21ഉം, 48ഉം അനുശാസിക്കുന്നുണ്ടെന്നും എന്‍ജിടി ചൂണ്ടിക്കാട്ടി. മലിനീകരണ തോത് നിയന്ത്രിക്കുന്നതിന് കൃത്രിമ മഴ പെയ്യിക്കുന്നതടക്കമുള്ള സാധ്യതകള്‍ പരിഗണിക്കണമെന്ന് ഡെല്‍ഹി ഹൈക്കോടതിയും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജീവനുതന്നെ ഭീഷണിയായി മാറികൊണ്ടിരിക്കുന്ന മലിനീകരണ തോത് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനും കേന്ദ്ര-സംസ്ഥാന (പഞ്ചാബ്, ഹരിയാന) സര്‍ക്കാരുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നവംബര്‍ 13 മുതല്‍ 17 വരെ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണ നിയമം വീണ്ടും നടപ്പാക്കുമെന്നാണ് ഡെല്‍ഹി സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഒറ്റയക്ക നമ്പറുള്ള വാഹനങ്ങളെ ഒരു ദിവസം നിരത്തില്‍ നിന്നു മാറ്റിനിര്‍ത്തിയാല്‍ അടുത്ത ദിവസം ഇരട്ടയക്ക വാഹനങ്ങളെ മാറ്റിനിര്‍ത്തുക എന്ന രീതിയിലുള്ള വാഹന നിയന്ത്രണമാണിത്.

ധാന്യങ്ങള്‍ വിളവെടുത്തതിനു ശേഷമുള്ള അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുമായും ഡെല്‍ഹി സര്‍ക്കാര്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. പുകമഞ്ഞിന്റെ തോത് ഇത്രകണ്ട് ഉയരുന്നതില്‍ ഈ സംസ്ഥാനങ്ങളില്‍ വിളമാലിന്യങ്ങള്‍ കത്തിക്കുന്നതും വലിയ പങ്കും വഹിക്കുന്നുണ്ട്.

Comments

comments

Categories: Slider, Top Stories