കൂടുതല്‍ യുവ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി നിതി ആയോഗ്

കൂടുതല്‍ യുവ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി നിതി ആയോഗ്

ന്യൂഡെല്‍ഹി: തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതായി 65 യുവ പ്രൊഫഷണലുകളെ നിതി ആയോഗ് നിയോഗിക്കുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപദേശം നല്‍കാനായി അടുത്തിടെ രൂപീകരിച്ച സാമ്പത്തിക ഉപദേശക സമിതി (ഇഎസി-പിഎം)യുള്‍പ്പെടെ മൂന്ന് സുപ്രധാന സമിതികളുടെ പ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കാളികളാകും. ഇതില്‍ 45ഓളം പേരുടെ നിയമനം 2 വര്‍ഷക്കാലത്തേക്കായിരിക്കും. ഈ കാലാവധി പിന്നീട് വിപുലീകരിച്ചേക്കും. 65ഓളം ഒഴിവുകള്‍ക്കായി രണ്ട് ദിവസങ്ങളിലായി 290ലധികം പേരെ നിതി ആയോഗ് ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്.

ഡെവലപ്‌മെന്റ് മോണിട്ടറിംഗ് ആന്‍ഡ് ഇവാല്യൂവേഷന്‍ ഓര്‍ഗനൈസേഷന്‍ (ഡിഎംഇഒ),അടല്‍ ഇന്നൊവേഷന്‍ മിഷന്‍,ഇഎസി-പിഎം തുടങ്ങിയ പദ്ധതികളുടെ കൃത്യമായ നടത്തിപ്പിനായി പുറത്തുനിന്നുള്ള പ്രൊഫഷണലുകളുടെ ആവശ്യമുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. സിവില്‍ സര്‍വീസ് സ്വഭാവത്തിലുള്ള പദ്ധതി നിര്‍വഹണത്തിലെ നിരവധി പോരായ്മകള്‍ നികത്താന്‍ പുറത്തു നിന്നുള്ള പ്രൊഫഷണലുകളുടെ സഹായത്തിലൂടെ സാധിക്കുമെന്നാണ് നിതി ആയോഗിന്റെ കാഴ്ചപ്പാട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇത്തരത്തിലുള്ള ശ്രമങ്ങളുണ്ടായിരുന്നു.

ആസൂത്രണ കമ്മീഷന് പകരമായി 2015ല്‍ നിതി ആയോഗ് സ്ഥാപിച്ചത് മുതല്‍ പുറത്തു നിന്നുള്ള വിദഗ്ധര്‍ക്കും പ്രൊഫഷണലുകള്‍ക്കുമായി ആയോഗ് അവസരങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. സുതാര്യമായ റിക്രൂട്ട്‌മെന്റ് സംവിധാനമുള്ള നിതി ആയോഗ് രണ്ടാം തവണയാണ് യുവ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നത്. ജൂനിയര്‍, മധ്യ തലങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു മുന്‍ റിക്രൂട്ട്‌മെന്റ്.

Comments

comments

Categories: More