കൈനറ്റിക് ഗ്രൂപ്പ് നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സുമായി സഖ്യം സ്ഥാപിച്ചു

കൈനറ്റിക് ഗ്രൂപ്പ് നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സുമായി സഖ്യം സ്ഥാപിച്ചു

സംയുക്ത സംരംഭ കരാറനുസരിച്ച് ഇന്ത്യയില്‍ ബൈക്കുകള്‍ നിര്‍മ്മിക്കും

മിലാന്‍ : ഇന്ത്യയിലെ കൈനറ്റിക് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മോട്ടോറോയേല്‍ ബ്രിട്ടണ്‍ ആസ്ഥാനമായ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സുമായി സംയുക്ത സംരംഭ കരാര്‍ ഒപ്പുവെച്ചു. കരാറനുസരിച്ച് മോട്ടോറോയേല്‍ ഇന്ത്യയിലും ഭൂട്ടാന്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ മറ്റ് ആഗോള വിപണികളിലും ഈ ബ്രിട്ടീഷ് ബ്രാന്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കും. വിവിധ ബ്രാന്‍ഡുകളുടെ സൂപ്പര്‍ബൈക്കുകള്‍ വില്‍ക്കുന്ന കൈനറ്റിക് ഗ്രൂപ്പിന്റെ സംരംഭമാണ് മോട്ടോറോയേല്‍. മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയോടനുബന്ധിച്ചാണ് മോട്ടോറോയേലും നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സും കരാര്‍ ഒപ്പുവെച്ചത്.

ഒപ്പുവെച്ച കരാറനുസരിച്ച് കൈനറ്റിക്കിന്റെ മഹാരാഷ്ട്ര അഹമ്മദ് നഗറിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ നോര്‍ട്ടണ്‍ തങ്ങളുടെ മോട്ടോര്‍സൈക്കിളുകള്‍ അസ്സംബ്ള്‍ ചെയ്യും. തുടര്‍ന്ന് മോട്ടോറോയേല്‍ ഇന്ത്യയിലും മറ്റ് ഏഷ്യന്‍ വിപണികളായ മലേഷ്യ, മാലിദ്വീപുകള്‍, മംഗോളിയ, കംബോഡിയ, സിംഗപുര്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിലും വില്‍പ്പന നടത്തും.

കൈനറ്റിക്കിന്റെ മഹാരാഷ്ട്ര അഹമ്മദ് നഗറിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിളുകള്‍ അസ്സംബ്ള്‍ ചെയ്യും

2018 അവസാനത്തോടെ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ മോട്ടോര്‍സൈക്ലിസ്റ്റുകള്‍ക്ക് ഈ ബൈക്കുകള്‍ പരിചയപ്പെടുത്താനുള്ള ശരിയായ സമയം ഇതാണെന്ന് കൈനറ്റിക് ഗ്രൂപ്പ് ചെയര്‍മാന്‍ അരുണ്‍ ഫിറോദിയ പറഞ്ഞു. 2016 ല്‍ മോട്ടോറോയേല്‍ ഇന്ത്യയില്‍ എംവി അഗസ്റ്റ ബ്രാന്‍ഡും തുടര്‍ന്ന് എസ്ഡബ്ല്യുഎം ബ്രാന്‍ഡും അവതരിപ്പിച്ചിരുന്നു. പുണെ, അഹമ്മദാബാദ്, ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് നിലവില്‍ മോട്ടോറോയേലിന് നാല് ഡീലര്‍ഷിപ്പുകളുള്ളത്. ഡീലര്‍ഷിപ്പുകളുടെ എണ്ണം വൈകാതെ വര്‍ധിപ്പിക്കും.

കൈനറ്റിക് ഗ്രൂപ്പുമായി സഖ്യം സ്ഥാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സ് സിഇഒയും ഉടമയുമായ സ്റ്റുവാര്‍ട്ട് ഗാര്‍ണര്‍ പറഞ്ഞു. നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിളുകളുടെ സ്‌റ്റൈലും സൗന്ദര്യവും കൈനറ്റിക്കിന്റെ അനുഭവസമ്പത്തും ഒത്തുചേരുമ്പോള്‍ വിപണിയില്‍ വിജയം ഉറപ്പാണെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ ഡോമിനേറ്റര്‍, കമാന്‍ഡോ പേരുകളില്‍ 961 സിസി എന്‍ജിന്‍ മോട്ടോര്‍സൈക്കിളുകളാണ് നോര്‍ട്ടണ്‍ വില്‍ക്കുന്നത്. 1200 സിസി എന്‍ജിന്‍ ശേഷിയുള്ള നോര്‍ട്ടണ്‍ വി4 ആര്‍ആര്‍ ആണ് മറ്റൊരു മോഡല്‍.

Comments

comments

Categories: Auto