ഫോര്‍ച്യുണ്‍ ഓണ്‍ലൈന്‍  ഗ്രോസറി വില്‍പ്പനയിലേക്ക്

ഫോര്‍ച്യുണ്‍ ഓണ്‍ലൈന്‍  ഗ്രോസറി വില്‍പ്പനയിലേക്ക്

ന്യൂഡെല്‍ഹി : ഭക്ഷ്യ ബ്രാന്‍ഡായ ഫോര്‍ച്യുണ്‍ ഓണ്‍ലൈന്‍ ഗ്രോസറി വില്‍പ്പനയിലേക്ക് പ്രവേശിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഫോര്‍ച്യുണ്‍ ഓണ്‍ലൈന്‍ എന്ന പേരിലുള്ള ആപ്ലിക്കേഷനിലൂടെയും പുതിയ ഇ-കൊമേഴ്‌സ് പോര്‍ട്ടലിലൂടെയുമാണ് കമ്പനി ഓണ്‍ലൈന്‍ ബിസിനസിന് തുടക്കമിടുന്നത്. അഹമ്മദാബാദ് ആസ്ഥാനമാക്കിയ സ്റ്റാര്‍ട്ടപ്പായ ഇന്‍ഫിബീമാണ് കമ്പനിയ്ക്കായി ആപ്ലിക്കേഷനും ഓണ്‍ലൈന്‍ പോര്‍ട്ടലും നിര്‍മിച്ചത്. ഓണ്‍ലൈന്‍, മൊബീല്‍ പ്ലാറ്റ്‌ഫോമുകള്‍ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ലോജിസ്റ്റിക്‌സ് പിന്തുണ നല്‍കുന്നതിനും ഉത്തരവാദിത്തമുള്ള സ്റ്റാര്‍ട്ടപ്പാണ് ഇന്‍ഫിബീം.

എക്‌സ്‌ക്ലുസീവ് ബിസിനസ്-ടു കസ്റ്റമര്‍ (ബിടുസി) കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായിരിക്കും ഫോര്‍ച്യുണ്‍ ഓണ്‍ലൈന്‍. ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഫോര്‍ച്യുണിന്റെ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുവാനും വാങ്ങുവാനും കഴിയും. മാത്രമല്ല വീടുകളിലേക്ക് ഇവ വിതരണവും ചെയ്യുമെന്ന് ഇന്‍ഫിബീം വ്യക്തമാക്കി. ഉപഭോക്താക്കളിലേക്ക് ശക്തമായതും നേരിട്ടുള്ളതുമായ ശൃംഖല നിര്‍മിക്കാനായി ബിഗ് ഫുഡും ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികളും നടത്തുന്ന ആദ്യശ്രമമായിരിക്കുമിത്. നടപ്പുവര്‍ഷം അവസാനത്തോടെ രാജ്യത്തെ ഓണ്‍ലൈന്‍ ഗ്രോസറി വിപണി ഒരു ബില്ല്യണ്‍ ഡോളറില്‍ എത്തുമെന്നാണ് വിലയിരുത്തുന്നത്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി പോലുള്ള മറ്റ് ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികള്‍ രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ചില്ലറവ്യാപാരി പങ്കാളികളിലൂടെ ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ മേഖലയില്‍ ശ്രദ്ധകേന്ദീകരിക്കുന്നുണ്ട്. ഗ്രോഫേഴ്‌സ് പോലുള്ള ഗ്രോസറി പോര്‍ട്ടലിലൂടെ മാത്രമാണ് ഈ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുക.

Comments

comments

Categories: Business & Economy