ഫഌപ്കാര്‍ട്ട് പെപ്പര്‍ഫ്രൈയില്‍ നിക്ഷേപത്തിനൊരുങ്ങുന്നു

ഫഌപ്കാര്‍ട്ട് പെപ്പര്‍ഫ്രൈയില്‍ നിക്ഷേപത്തിനൊരുങ്ങുന്നു

ബെംഗളൂരു: ആഭ്യന്തര ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ വിപണിയായ പെപ്പര്‍ഫ്രൈയില്‍ നിക്ഷേപം നടത്താനൊരുങ്ങുകയാണ് ഫഌപ്കാര്‍ട്ട്. ഇതു സംബന്ധിച്ച് ഇരു കമ്പനികളും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് അറിയുന്നത്. നിക്ഷേപ ഇടപാടുകളും ഏറ്റെടുക്കലുകളും വഴി ബിസിനസ് വൈവിധ്യവല്‍ക്കരിക്കാനുള്ള നടപടിയുടെ ഭാഗമായാണിത്. ആവര്‍ത്തിച്ചുള്ളതോ ഉയര്‍ന്ന മൂല്യമുള്ളതോ ആയ പര്‍ച്ചേസുകളെയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ ആഴ്ച്ച ഗ്രോസറി ബിസിനസ് ആരംഭിച്ച ഫഌപ്കാര്‍ട്ട് കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ ഫര്‍ണിച്ചര്‍ ബിസിനസ് പുനരവതരിപ്പിക്കുകയുണ്ടായി.

പെപ്പര്‍ഫ്രൈയിലെ നിക്ഷേപം ഫഌപ്കാര്‍ട്ടിന് ഉയര്‍ന്ന വരുമാനം നേടാന്‍ കഴിയുന്ന വിഭാഗത്തിലേക്കുള്ള വാതിലുകള്‍ തുറക്കാന്‍ സഹായകമാകുമെന്നും ഇപ്പോള്‍ വരുമാനത്തിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യുന്ന ഫാഷന്‍ വിഭാഗം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നുമാണ് കരുതുന്നത്. ആകെ വരുമാനത്തിന്റെ 40 ശതമാനമാണ് ഫാഷന്‍ വിഭാഗത്തില്‍ നിന്ന് കമ്പനി നേടുന്നത്. നിലവില്‍ കമ്പനിക്ക് ഏറ്റവും കൂടുതല്‍ വരുമാനം നേടികൊടുക്കുന്ന മൂന്നാമത്തെ വലിയ ഉല്‍പ്പന്ന വിഭാഗമാണ് വലിയ ഗൃഹോപകരണ വിഭാഗം. ഫര്‍ണിച്ചര്‍ വിഭാഗത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയാണ് ഫഌപ്കാര്‍ട്ടിനുള്ളത്. അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ ഈ വിഭാഗത്തില്‍ നിന്നും മികച്ച നേട്ടം കെവരിക്കാനാകുമെന്നാണ് കമ്പനി കരുതുന്നത്. പെപ്പര്‍ഫ്രൈയ്ക്ക് ഇന്ത്യയിലെ സംഘടിത ഫര്‍ണിച്ചര്‍ വിപണിയില്‍ 65 ശതമാനം വിഹിതമാണുള്ളത്.

പെപ്പര്‍ഫ്രൈയുടെ വിപണിയിലെ പ്രതിയോഗികളായ അര്‍ബന്‍ ലാഡറിനെ ഏറ്റെടുക്കുന്നതിനായി ഫഌപ്കാര്‍ട്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇടപാടിന് സാധ്യതയില്ലെന്നാണ് അറിയുന്നത്. ബിസിനസ് വിപുലമാക്കാന്‍ പദ്ധതിയിടുന്ന ഫഌപ്കാര്‍ട്ട് ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗി, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോ എന്നിവരുമായും ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്.

Comments

comments

Categories: Business & Economy