കര്‍ഷകഗ്രാമങ്ങളുടെ രക്ഷകരായി കാര്‍ഷികസംരംഭകര്‍

കര്‍ഷകഗ്രാമങ്ങളുടെ രക്ഷകരായി കാര്‍ഷികസംരംഭകര്‍

ചെറുകിടക്കാര്‍ക്ക് വിത്തുകള്‍ വില്‍ക്കുന്ന സംരംഭകര്‍ ജാര്‍ഖണ്ഡിന്റൈ മാതൃക

നമ്മുടെ സംസ്‌കൃതിയുടെ ഭാഗമായിരുന്ന കാര്‍ഷികവൃത്തിയും കൃഷിക്കാരും ഇന്ന് ദാരിദ്ര്യത്തിന്റെ നെല്ലിപ്പടിമേലിരിക്കുന്നു. കണ്ണിനു കുളിര്‍മ്മയേകുന്ന പാടശേഖരങ്ങള്‍ ഫഌറ്റുകളും മാളുകളും വിമാനത്താവളങ്ങളുമായി മാറിയിരിക്കുന്നു. ഉപജീവനത്തിനുതകാത്ത കാര്‍ഷികവൃത്തിവിട്ട് കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും നഗരങ്ങളിലേക്കു ചേക്കേറി. അവിടെ നിര്‍മാണത്തൊഴിലാളികളും അടിസ്ഥാന ജീവനക്കാരുമായി കാലം കഴിക്കുന്നു. സമഗ്രവികസനത്തില്‍ കാര്‍ഷികരംഗവും പെടുമെന്നത് അവിശ്വസനീയതയോടെയാണ് ആളുകള്‍ കേള്‍ക്കുന്നത്. കൃഷി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ പോലും അതിനെ ഒരു സംരംഭമായി കാണാത്തതിനാലാണ് ഈ രംഗം ഇന്ന് അവശതയിലിഴയുന്നത്. എന്നാല്‍ പിന്നാക്ക സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ഇത് സാധ്യമാണെന്നു കാണിച്ച് ഒരു കൂട്ടം സംരംഭകര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നു.

ജാര്‍ഖണ്ഡിലെ സിലം ഗ്രാമത്തിലെ ബിര്‍ള ഖരിയ ജൂലൈ ആദ്യവാരം തക്കാളിക്കൃഷി നടത്തിയിരുന്നു. കൃഷിക്കുവേണ്ടി 3,500 വിത്തുകള്‍ വാങ്ങിയത് മൈക്കിള്‍ എക്കയില്‍ നിന്നാണ്. അടുത്ത ഗ്രാമത്തില്‍ ചെടികളുടെയും പച്ചക്കറികളുടെയും നഴ്‌സറി നടത്തുകയാണ് എക്ക. മുമ്പ് 10 ഗ്രാമിന്റെ വിത്തുപായ്ക്കറ്റ് വാങ്ങിയാണ് ഖരിയ കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം തൊട്ടാണ് എക്കയുടെ നഴ്‌സറിയെ ആശ്രയിക്കാന്‍ തുടങ്ങിയത്. മൈക്കിളില്‍ നിന്നു വാങ്ങുന്ന വിത്തുകള്‍ വളരെ മികച്ചവയും നന്നായി പരിപാലിച്ചവയും ശുദ്ധവുമായിരിക്കുമെന്നാണ് ബിര്‍ളയുടെ പക്ഷം. വിത്തുകള്‍ കൂടാതെ കൃഷിയാവശ്യത്തിനായ മറ്റു ഘടകങ്ങളും എക്കയുടെ നഴ്‌സറിയില്‍ നിന്നു കടമായി ലഭിക്കുന്നു. ഇത്തരം സേവനങ്ങള്‍ തനിക്ക് സൗകര്യമാണെന്നും വിളനാശം പോലെയുള്ള കാര്യങ്ങള്‍ ഒഴിവായെന്നും ഖരിയ പറയുന്നു. കൃഷിയില്‍ നഷ്ടം ഒഴിവായതിനു പുറമെ നിരവധി സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തുകയും ചെയ്തതോടെ ഗുംല ജില്ലയിലെ റൈദി ബ്ലോക്കിലുള്ള കര്‍ഷകര്‍ പച്ചക്കറിക്കൃഷി വ്യാപകമാക്കാന്‍ തുടങ്ങി. ഇത് എക്കയെപ്പോലുള്ള സംരംഭകരെ കൂടുതല്‍ സേവനങ്ങള്‍ പ്രദാനം ചെയ്യാനും നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും പ്രേരിപ്പിച്ചു. ഇത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്തു.

ഗുംലയിലെ തെക്കുപടിഞ്ഞാറന്‍ ഭരണബ്ലോക്കാണ് റൈദി. 13,600 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 65 ശതമാനവും ആദിവാസികള്‍. 10,000 കുടുംബങ്ങള്‍ക്ക് രണ്ടു ഹെക്റ്ററില്‍ താഴെ കൈവശഭൂമിയുണ്ട്. 30,500 ഹെക്റ്റര്‍ പാടശേഖരത്തില്‍ ആറു ശതമാനത്തില്‍ മാത്രമേ ജലസേചനം നടത്തിയിട്ടുള്ളൂ. മഴയെ ആശ്രയിച്ചാണ് കൃഷി. 1,200 മില്ലീമീറ്റര്‍ മഴ വര്‍ഷത്തില്‍ 70 ദിവസം ഇവിടെ വീഴുന്നു. ഇതിനെ മാത്രം ആശ്രയിക്കുന്നതിനാല്‍ നാമമാത്രമായി കൃഷിയിറക്കാനേ സാധിക്കുന്നുള്ളൂ. കൃഷി ദുര്‍ബലമായതോടെ ജോലി തേടി നാട്ടുകാര്‍ വിദൂരനഗരങ്ങളിലേക്കു മാറാന്‍ തുടങ്ങി. ഉപജീവനത്തിന് മറ്റ് സംരംഭങ്ങളൊന്നും ഇവിടെ ഇല്ലാത്തതും അവരെ നാടുവിടാന്‍ നിര്‍ബന്ധിതരാക്കി. ജീവസന്ധാരണത്തിന് കാര്‍ഷികവൃത്തി ഒരു ഉറപ്പും തരാത്തതിനാല്‍ യുവതലമുറ നഗരങ്ങളിലേക്കു കുടിയേറുന്നതാണു മികച്ച അവസരങ്ങള്‍ ലഭിക്കാന്‍ ഉചിതമെന്നു വിശ്വസിക്കുന്നു. കാര്‍ഷികോല്‍പ്പാദനരംഗം അസ്ഥിരമാണെങ്കില്‍ക്കൂടിയും മഴക്കാലത്ത് അവര്‍ നാട്ടില്‍ തിരിച്ചെത്തി കൃഷി ചെയ്യുന്നു. സ്വന്തം മണ്ണിനോട് അവര്‍ക്കുള്ള ദൃഢബന്ധത്തിനുള്ള തെളിവാണ് ഈ ഗൃഹാതുരത്വം.

സമുദ്രനിരപ്പില്‍ നിന്നു 650 മീറ്റര്‍ ഉയരത്തിലുള്ള റൈദി, മിതോഷ്ണ മേഖലയാണ്. കൃഷിക്കിണങ്ങിയ കാലാവസ്ഥയാണ് പ്രദേശത്തെപ്പോഴും. ഫലഭൂയിഷ്ഠമായ നനവുള്ള മണ്ണ് മഴക്കാലത്തു പോലും പച്ചക്കറിയടക്കമുള്ളവ കൃഷി ചെയ്യാന്‍ അനുകൂലമാണ്. ഈ ജൈവപ്രകൃതം ചെറുകിട സംരംഭകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. മഴക്കാലത്ത് പശ്ചിമബംഗാള്‍, ഒഡിഷ, ബിഹാര്‍ തുടങ്ങിയ അയല്‍സംസ്ഥാനങ്ങളിലെ പച്ചക്കറിപ്പാടങ്ങള്‍ വെള്ളം കയറി നശിക്കുന്നു. ഈ അവസരം മനസിലാക്കിയാണ് ചില കര്‍ഷകര്‍ ഇവിടെ പച്ചക്കറിക്കൃഷിയാരംഭിച്ചത്. കൃഷിക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ അസിസ്റ്റന്‍സ് ഫോര്‍ ഡെവെലപ്‌മെന്റ് ആക്ഷന്‍ (പ്രധാന്‍) എന്ന സന്നദ്ധസംഘടനയുടെ സഹായവും ഇവര്‍ക്കു ലഭിക്കുന്നു. പച്ചക്കറികള്‍ക്ക് ആവശ്യം കൂടുന്ന മഴക്കാലത്ത് വിളകള്‍ക്ക് നല്ല വില കണ്ടെത്താന്‍ ഈ കര്‍ഷകര്‍ക്കു കഴിഞ്ഞു. അവരിലൊരാളാണ് മൈക്കിള്‍ എക്ക. പുതിയ കാര്യങ്ങള്‍ പഠിക്കാനും ഗ്രാമവാസികളുടെ പൊതുകാര്യങ്ങളില്‍ സജീവമായി ഇടപെടാനും അദ്ദേഹം സദാ സന്നദ്ധനാണ്. ഗ്രാമീണരുടെ സാമ്പത്തിക- സാമൂഹികാവസ്ഥ മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്ന എക്ക, അവരെ സമൃദ്ധിയിലേക്കു നയിക്കുന്ന ഒരു അഗ്രിപ്പെണര്‍ അഥവാ കാര്‍ഷികസംരംഭകനാണ്.

ഗുംലയിലെ തെക്കുപടിഞ്ഞാറന്‍ ഭരണബ്ലോക്കാണ് റൈദി. 13,600 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 65 ശതമാനവും ആദിവാസികള്‍. 10,000 കുടുംബങ്ങള്‍ക്ക് രണ്ടു ഹെക്റ്ററില്‍ താഴെ കൈവശഭൂമിയുണ്ട്. 30,500 ഹെക്റ്റര്‍ പാടശേഖരത്തില്‍ ആറു ശതമാനത്തില്‍ മാത്രമേ ജലസേചനം നടത്തിയിട്ടുള്ളൂ. മഴയെ ആശ്രയിച്ചാണ് കൃഷി. 1,200 മില്ലീമീറ്റര്‍ മഴ വര്‍ഷത്തില്‍ 70 ദിവസം ഇവിടെ വീഴുന്നു. ഇതിനെ മാത്രം ആശ്രയിക്കുന്നതിനാല്‍ നാമമാത്രമായി കൃഷിയിറക്കാനേ സാധിക്കുന്നുള്ളൂ

കര്‍ഷകര്‍ക്കു വിവിധസേവനങ്ങള്‍ പ്രദാനം ചെയ്യുന്നവരെയാണ് കാര്‍ഷികസംരംഭകരെന്നു വിളിക്കുന്നത്. വളം, വിത്ത്, ഉപകരണങ്ങള്‍, വായ്പകള്‍ തരപ്പെടുത്തല്‍ തുടങ്ങിയ സേവനങ്ങളാണ് ഇവര്‍ നല്‍കുന്നത്. ഇതോടൊപ്പം പഴം- പച്ചക്കറി സംഭരണത്തിനുള്ള സംവിധാനവുമൊരുക്കുന്നു. മഴക്കാലത്ത് റാഞ്ചിയിലെയും റൂര്‍ക്കലയിലെയുമടക്കം 180 കര്‍ഷകരെ എക്ക സഹായിച്ചു. ഗ്രാമത്തിലെ വനിതാസ്വയംസഹായസംഘങ്ങള്‍ക്കായി ട്രാന്‍സ്‌ഫോം റൂറല്‍ ഇന്ത്യ (ടിആര്‍ഐ) നടത്തുന്ന കര്‍ഷകസംരംഭക പരിശീലന പരിപാടികളിലും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു നിരവധി പരിപാടികളിലും സജീവമാണ് അദ്ദേഹം. സാങ്കേതിക അറിവ്, സംരംഭകത്വം, പ്രചോദനം തുടങ്ങിയവ കര്‍ഷകര്‍ക്കു പകര്‍ന്നു കൊടുക്കുകയാണ് പരിപാടികളുടെ ലക്ഷ്യം. കൃഷിയെക്കുറിച്ചു തനതായ കാഴ്ചപ്പാടു വികസിപ്പിച്ചെടുക്കാനും ചുറ്റുമുള്ള സംരംഭകസാധ്യത മനസിലാക്കാനും കര്‍ഷകര്‍ക്കു വേണ്ട വിഭവങ്ങള്‍ ഒരുക്കിക്കൊടുക്കാനും അങ്ങനെ പ്രാദേശികവിപണിയില്‍നിന്ന് വരുമാനമുണ്ടാക്കാനും പരിശീലനപരിപാടികള്‍ അദ്ദേഹത്തെ പ്രാപ്തനാക്കി.

സുസ്ഥിരവരുമാനം നല്‍കുന്ന കൃഷിപ്പണിക്ക് പരിതസ്ഥിതിയൊരുക്കേണ്ടതിന്റെ പ്രാധാന്യം മൈക്കിള്‍ എക്ക മനസിലാക്കി. ഗ്രാമീണ, ആദിവാസി മേഖലകളിലെ ഉല്‍പ്പന്നങ്ങളുടെ കുറവ് അതിജീവിച്ച് കൃഷി ലാഭകരമാക്കേണ്ടതുണ്ട്. വര്‍ത്തമാനകാല മാനദണ്ഡങ്ങളും കാര്‍ഷികസാങ്കേതികവിദ്യയിലെ വിതരണവും പരമ്പരാഗത വിപണിയെ ആകര്‍ഷിക്കത്തക്കതല്ല. കാര്‍ഷിക ഉല്‍പ്പാദന, സേവന, വിളവെടുപ്പ് എന്നിവ തമ്മിലുള്ള ആവശ്യ- വിതരണ അപര്യാപ്തത സമഗ്രമായി കുറയ്ക്കാന്‍ പ്രാദേശിക സംരംഭകത്വം അനുപേക്ഷണീയമാണ്. ഇത് കാര്‍ഷിക സംരംഭകരുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഇവര്‍ പല വെല്ലുവിളികളും നേരിടുന്നു. കര്‍ഷകര്‍ പുലര്‍ത്തേണ്ട പതിബദ്ധതയാണ് ഇതില്‍ പ്രധാനം. പലപ്പോഴും ഓര്‍ഡര്‍ ചെയ്ത വിത്തുകളും ഉപകരണങ്ങളും കര്‍ഷകര്‍ യഥാസമയം കൊണ്ടുപോകാറില്ല. വിളകളുടെ വില കുറയുമ്പോള്‍ സംരംഭകരുടെ ഗോഡൗണില്‍ സംഭരിക്കാനേല്‍പ്പിക്കുന്നു. എന്നാല്‍ വില കൂടുമ്പോള്‍ കര്‍ഷകര്‍ ഇവരെ പരിഗണിക്കാതെ നേരിട്ടു വില്‍ക്കുന്നു. എന്നാല്‍ മൈക്കിള്‍ എക്ക സപ്ലൈ ഓര്‍ഡറുകള്‍ക്ക് അഡ്വാന്‍സ് പണം വാങ്ങാന്‍ തുടങ്ങിയതോടെ ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ എടുത്തുകൊണ്ടു പോകാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി.

വാഗ്ദാനം ചെയ്ത സാധനങ്ങള്‍ സമയത്തിന് വിതരണം ചെയ്യാനാകാതെ വരുന്നതാണു മറ്റൊരു വലിയ വെല്ലുവിളി. എന്നാല്‍ കൃഷി വിപുലമാക്കിയതോടെ ഈ പ്രശ്‌നം പരിഹൃതമായി. ഉല്‍പ്പാദനം കൂടിയതോടെ പ്രാദേശികവിപണിയില്‍ വിറ്റഴിക്കാനാകാത്ത വിധം വിളകള്‍ കുമിഞ്ഞുകൂടി. അതോടെ കര്‍ഷകര്‍ കാര്‍ഷിക സംരംഭകരെ ആശ്രയിക്കാന്‍ തുടങ്ങി. അവരാകട്ടെ നെല്ലിനോടൊപ്പം ചക്ക, മാങ്ങ തുടങ്ങിയവയും സംഭരിച്ച് വിപണിയില്‍ എത്തിച്ച് വരുമാനവര്‍ധനവിനുള്ള പുതുവഴികള്‍ തേടുകയും ചെയ്തു. പുതിയ ആശയങ്ങള്‍ക്ക് പന്ഥാവാകാന്‍ കാര്‍ഷികസംരംഭകര്‍ സന്നദ്ധരായി. വനിതാസ്വയംസഹായസംഘമായ മഹിള വികാസ് മണ്ഡലുമായി അടുത്തു പ്രവര്‍ത്തിക്കാനിടയായതോടെയാണ് മൈക്കിള്‍ എക്ക സ്വന്തം ഗ്രാമവാസികള്‍ തക്കാളി വിരിപ്പുകൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നു മനസിലാക്കിയത്. നാട്ടുകാരായ 300-ലധികം കര്‍ഷകര്‍ തക്കാളിക്കൃഷിയിലേക്കു തിരിഞ്ഞു. ഉടനെ അദ്ദേഹം തക്കാളിവിത്തുല്‍പ്പാദനത്തിലേക്കു തിരിയുകയും 2016-ല്‍ 50,000 തക്കാളി വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്തു. പ്രാണികളുടെയും മൃഗങ്ങളുടെയും ആക്രമണങ്ങളില്‍ നിന്നും മഴയില്‍ നിന്നും വിത്തുകളെ സംരക്ഷിക്കാന്‍ മുളയും നൈലോണ്‍വലയും കൊണ്ടുള്ള കവചമുണ്ടാക്കുകയും ചെയ്തു.

വിത്തുകള്‍ക്കുള്ള ആവശ്യം അധികരിച്ചതോടെ കാബേജ്, കോളിഫഌവര്‍, മുളക് തുടങ്ങിയവയും എക്ക പരിപാലിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ജില്ലാകൃഷിവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ അദ്ദേഹത്തിന് പ്രോല്‍സാഹനമായി ഗ്രീന്‍ഹൗസ് ഒരുക്കിക്കൊടുത്തു. ഈ സമയത്തു തന്നെ മൈക്കിളിന്റെ വിത്ത്, വളം ഡീലര്‍ഷിപ്പിനുള്ള അപേക്ഷ പാസാകുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം ആവശ്യം കൂടിയതോടെ അദ്ദേഹം ബിസിനസ് വിപുലീകരിച്ചു. വിരിപ്പുകൃഷിക്കു വേണ്ടി വഴുതനങ്ങ, മുളക് എന്നിവയാണ് തക്കാളിക്കൊപ്പം ഇക്കുറി മുളപ്പിച്ചത്. ടില്ലറുകളും മെതിയന്ത്രവും വാടകയ്ക്കു കൊടുക്കാനും തുടങ്ങി. ഇന്ന് അദ്ദേഹത്തിന്റെ വിത്തുല്‍പ്പാദന, വളം കേന്ദ്രം മികച്ചരീതിയില്‍ മുമ്പോട്ടു പോകുന്നു. ജൂലൈയിലെ വിറ്റുവരവ് 70,000 രൂപയാണ്. വിരിപ്പുകൃഷിയുടെ സീസണ്‍ കഴിയുന്നതോടെ 30,000 രൂപയുടെ വരവും അദ്ദേഹം പ്രതീക്ഷിക്കുന്നു. 60,000 വിത്തുകളുടെ ആദ്യ ബാച്ച് വിറ്റഴിച്ചു കഴിഞ്ഞു. അടുത്തബാച്ചിനുള്ള വിത്തു കെട്ടാന്‍ ആരംഭിക്കുകയും ചെയ്തു.

കര്‍ഷകര്‍ക്കു വിവിധസേവനങ്ങള്‍ പ്രദാനം ചെയ്യുന്നവരെയാണ് കാര്‍ഷികസംരംഭകരെന്നു വിളിക്കുന്നത്. വളം, വിത്ത്, ഉപകരണങ്ങള്‍, വായ്പകള്‍ തരപ്പെടുത്തല്‍ തുടങ്ങിയ സേവനങ്ങളാണ് ഇവര്‍ നല്‍കുന്നത്. ഇതോടൊപ്പം പഴം- പച്ചക്കറി സംഭരണത്തിനുള്ള സംവിധാനവുമൊരുക്കുന്നു. സാങ്കേതിക അറിവ്, സംരംഭകത്വം, പ്രചോദനം തുടങ്ങിയവ കര്‍ഷകര്‍ക്കു പകര്‍ന്നു കൊടുക്കുകയാണ് ഇവരുടെ ലക്ഷ്യം

കഴിഞ്ഞ വേനലില്‍ മൈക്കിള്‍ എക്ക, മാങ്ങ സംഭരിച്ച് വിപണിയിലെത്തിച്ചു. റാഞ്ചിയിലേക്കാണ് മാങ്ങ അയച്ചത്. സംഭരണത്തുകയായി കിലോയ്ക്ക് 30 പൈസയാണ് കര്‍ഷകരില്‍ നിന്ന് ഈടാക്കിയത്. നല്ല വില കിട്ടിയതിനു പുറമെ കൃത്യമായി തൂക്കം നോക്കിയെടുത്തതും കര്‍ഷകരെ സന്തുഷ്ടരാക്കി. പടിക്കലെത്തി ശേഖരിക്കുകയാണ് എക്ക ചെയ്തത്. ഇടപാട് കാര്യക്ഷമമാക്കാന്‍ പ്ലാസ്റ്റിക്ക് കൂടുകളില്‍ നിലവാരം തിരിച്ചാണ് മാങ്ങകള്‍ സംഭരിച്ചു വെച്ചത്. തൂക്കം നോക്കുന്നത് സുതാര്യമാക്കാനും ഗതാഗതം എളുപ്പമാക്കാനും ഇതുകൊണ്ടു സാധിച്ചു. ടിആര്‍ഐ വികസിപ്പിച്ചെടുത്ത കുശല്‍ കിസാന്‍ എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് അദ്ദേഹം കര്‍ഷകരെ റജിസ്റ്റര്‍ ചെയ്യുന്നത്. ഇവര്‍ക്ക് എന്തു കൃഷി ചെയ്യണമെന്ന് ആസൂത്രണം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാനും ആവശ്യമായ സാധനങ്ങള്‍ എത്തിക്കാനും മൈക്രോഫിനാന്‍സ് സംരംഭങ്ങളില്‍ നിന്ന് വായ്പ സംഘടിപ്പിച്ചു കൊടുക്കാനുമെല്ലാം ഇദ്ദേഹം മുമ്പില്‍ നില്‍ക്കുന്നു.

മൈക്കിളിനെപ്പോലെ 22 കാര്‍ഷികസംരംഭകരാണ് ഇന്നിവിടെയുള്ളത്. കൃഷിയിടത്തിലേക്കുള്ള നിയന്ത്രിത ജലസേചനത്തിന്റെ ചുമതല ഇവരില്‍ നിക്ഷിപ്തമാണ്. ഉള്ളിക്കൃഷി, പൂക്കൃഷി തുടങ്ങിയ പുതിയ കൃഷികളിലേക്ക് അവര്‍ അവസരം തുറക്കുന്നു. 69 കാര്‍ഷികസംരംഭകര്‍ കൂടി ജാര്‍ഖണ്ഡിലെ മൂന്ന് ഭരണബ്ലോക്കുകളില്‍ പരിശീലനം നേടി വരുന്നു. വരുമാനം നേടാന്‍ കഴിയുമെന്ന മനസിലാക്കിയതോടെ പുതിയ സംരംഭകത്വത്തിലേക്ക് മൈക്കിളിന്റെ മകനും ചേര്‍ന്നിരിക്കുന്നു. ഹിമാചല്‍പ്രദേശിലായിരുന്നു മകന്‍. അവന്‍ തിരിച്ചെത്തിയത് വളരെ ആഹ്ലാദത്തോടെയാണ് മൈക്കിള്‍ എല്ലാവരെയുമറിയിക്കുന്നത്. തന്റെ സ്ഥാപനങ്ങളിലെല്ലാം വളരെ ശുഷ്‌കാന്തിയോടെയാണ് അവന്‍ ഇടപെടുന്നതെന്ന കാര്യം അദ്ദേഹത്തിന്റെ സന്തോഷം ഇരട്ടിപ്പിക്കുന്നു.

പുതുതലമുറ കൃഷിയെയും സ്വന്തം മണ്ണിനെയും സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവാണിത്. രണ്ടു മില്യണ്‍ രൂപയാണ് മൈക്കിള്‍ വിറ്റുവരവ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ശേഷി ഈ ഗ്രാമീണ സംരംഭകര്‍ ആര്‍ജിച്ചു കഴിഞ്ഞിരിക്കുന്നു. സ്വന്തമായ കാഴ്ചപ്പാടും കഴിവുകളും വളര്‍ത്തിയെടുക്കുന്നതിനൊപ്പം മറ്റുള്ളവര്‍ക്കു മാര്‍ഗദര്‍ശനം നല്‍കുക വഴി പ്രാദേശിക കാര്‍ഷികരംഗത്തെ ശക്തിപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്. നഷ്ടമെന്ന് എഴുതിത്തള്ളുന്ന കൃഷി സുസ്ഥിര ഗ്രാമീണ സംരംഭങ്ങളെ സംരക്ഷിക്കുകയും ഉപജീവനത്തിനു വേണ്ടിയുള്ള കുടിയേറ്റം തടയുകയും ചെയ്യുന്നു. രാഷ്ട്രപിതാവിന്റെ സ്വാശ്രയ ഗ്രാമം എന്ന സ്വപ്‌നം ഇതിലൂടെ സാര്‍ത്ഥകമാക്കാനും കാര്‍ഷികസംരംഭകര്‍ക്കു കഴിയുന്നു.

Comments

comments

Categories: FK Special, Slider