ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സഹായത്തോടെ റോഡിലെ കുഴികള്‍ പരിഹരിക്കാന്‍ ഐഐഐടി ഹൈദരാബാദ്

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സഹായത്തോടെ റോഡിലെ കുഴികള്‍ പരിഹരിക്കാന്‍ ഐഐഐടി ഹൈദരാബാദ്

ഹൈദരാബാദ് : സാങ്കേതിക രംഗത്തെ പഠനത്തോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന്‍ ലേണിംഗ് എന്നിവയുടെ സഹായത്തോടെ നഗരത്തിലെ വിവിധ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐഐഐടി ഹൈദരാബാദിലെ ഗവേഷകരും വിദ്യാര്‍ത്ഥികളും. റോഡിലെ കുഴികള്‍, ജലപ്രവാഹം, വെള്ളപ്പൊക്കം പോലുള്ള പ്രശ്‌നങ്ങളും റോഡിലെ അനാവശ്യ തടസങ്ങളും നഗരത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ്. മഴക്കാലുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി റോഡുകളിലെ ശോചനീയാവസ്ഥ കണ്ടുപിടിക്കുന്നതിനും വിലയിരുത്തുന്നതിനുമായാണ് എഐ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പദ്ധതിക്ക് ഐഐഐടി ഹൈദരാബാദ് തുടക്കമിടുന്നത്.

ഗച്ചിബൗളി മേഖലയിലെ റോഡിന്റെ അവസ്ഥ മനസിലാക്കുന്നതിനായി എഐ അല്‍ഗൊരിതത്തിന്റെ പിന്തുണയോടുകൂടിയ കാമറ ഘടിപ്പിച്ചിട്ടുള്ള കാര്‍ സംഘം ഉപയോഗിക്കുന്നുണ്ട്. അതേസമയം കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരിന് ഇത് സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ചിരുന്നുവെന്ന് ഐഐഐടി ഹൈദരാബാദിന്റെ ഡയറക്റ്ററായ പ്രൊഫസര്‍ പി ജെ നാരായണന്‍ വ്യക്തമാക്കി.

മെഷീന്‍ ലേണിംഗിലൂടെയും എഐയിലൂടെയും ലോകമെമ്പാടുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. ഉദാഹരണമായി, 2016 ജൂലൈയില്‍ ഡള്ളാസ് ഷൂട്ടിംഗ് നടത്തിയാളെ കൊല്ലാനായി റിമോട്ട് നിയന്ത്രിത ബോംബ് ഡിസ്‌പോസല്‍ റോബാട്ടാണ് ഉപയോഗിച്ചത്. അതോടൊപ്പം കുട്ടികളുടെ നേത്രസംബന്ധമായ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനായി മൈക്രോസോഫ്റ്റുമായി സഹകരിച്ച് തെലങ്കാന എഐ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. ഡ്രൈവര്‍മാരില്ലാത്ത കാറുകളുടെ സാങ്കേതികവിദ്യാ വികസനത്തിന് ഐഐഐടി ഹൈദരാബാദ് ഇതിനകം തന്നെ എഐ ഉപയോഗിച്ചിട്ടുണ്ടെന്നും നാരായണന്‍ അറിയിച്ചു.

Comments

comments

Categories: Tech