സുസുകി ഇന്‍ട്രൂഡര്‍ പുറത്തിറക്കി

സുസുകി ഇന്‍ട്രൂഡര്‍ പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 98,340 രൂപ

ന്യൂ ഡെല്‍ഹി : ഇന്ത്യയിലെ 150 സിസി ക്രൂസര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ സുസുകി പ്രവേശിച്ചു. പുതിയ ഇന്‍ട്രൂഡര്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചതോടെയാണ് സുസുകി ഇന്ത്യയില്‍ ഒന്നുകൂടി ‘വളര്‍ന്നത്’. 98,340 രൂപയാണ് ഈ മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. 1,800 സിസി ഡിസ്‌പ്ലേസ്‌മെന്റുള്ള സുസുകിയുടെ ഇന്‍ട്രൂഡര്‍ എം1800 ആണ് പുതിയ ബൈക്ക് എന്ന് തെറ്റിദ്ധരിക്കേണ്ട. ഈ ഇന്‍ട്രൂഡര്‍ 155 സിസി മോഡലാണ്.

വളരെ ജനപ്രീതിയാര്‍ജ്ജിച്ച സുസുകി ജിക്‌സറിന്റെ അതേ എന്‍ജിനും അണ്ടര്‍പിന്നിംഗ്‌സുമാണ് പുതിയ സുസുകി ഇന്‍ട്രൂഡര്‍ ഉപയോഗിക്കുന്നത്. ഇന്‍ട്രൂഡര്‍ എം 1800 എന്ന ഭീമാകാരനായ മോട്ടോര്‍സൈക്കിളാണ് പുതിയ ഇന്‍ട്രൂഡറിന് പ്രചോദനമായതെന്ന കാര്യത്തില്‍ സംശയം വേണ്ട. ആ വല്യേട്ടന്റെ അതേ ബള്‍ക്കി ലുക്ക് പുതിയ മോഡലിനുവേണ്ടിയും സുസുകിയിലെ പ്രഗല്‍ഭര്‍ സൃഷ്ടിച്ചെടുത്തു. 150 സിസി ക്രൂസറുകള്‍ക്ക് ഇന്ത്യയില്‍ ഒരുവിധം നല്ല ഡിമാന്‍ഡാണെന്ന് സുസുകിയുടെ പഠനം കണ്ടെത്തിയിട്ടുണ്ട്.

ഒരു ക്രൂസറിന് വേണ്ടതെല്ലാം സുസുകി ഇന്‍ട്രൂഡറില്‍ ഒരുക്കി. റിലാക്‌സ്ഡ് റൈഡിംഗ് പൊസിഷന്‍ സമ്മാനിക്കുന്ന വിധമാണ് ഫൂട്ട്‌പെഗുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ ക്രൂസറിന്റെ ഡിസൈന്‍ സുസുകി ഇന്‍ട്രൂഡറിന് ലഭിച്ചിരിക്കുന്നു. ഫ്യൂവല്‍ ടാങ്കിന് വലിയ ഷ്രൗഡുകള്‍ നല്‍കി. വശങ്ങളിലും പിന്നിലും ബോഡി പാനലുകള്‍ ധാരാളം.

1,800 സിസി ഡിസ്‌പ്ലേസ്‌മെന്റുള്ള ഇന്‍ട്രൂഡര്‍ എം1800 ന്റെ അതേ ബള്‍ക്കി ലുക്ക് പുതിയ മോഡലിനുവേണ്ടിയും സുസുകി സൃഷ്ടിച്ചെടുത്തു

ജിക്‌സറിന്റെ അണ്ടര്‍പിന്നിംഗ്‌സ് ഉപയോഗിച്ചെങ്കിലും ഇന്‍ട്രൂഡര്‍ ശരിക്കും ഓള്‍ ന്യൂ ആണെന്ന് സുസുകി വ്യക്തമാക്കി. ജിക്‌സറിലെ അതേ 155 സിസി സിംഗിള്‍ സിലിണ്ടര്‍ കാര്‍ബുറേറ്റഡ് എന്‍ജിനാണ് ഇന്‍ട്രൂഡറിനെ കുതിച്ചുപായാന്‍ സഹായിക്കുക. ഈ എന്‍ജിന്‍ 8,000 ആര്‍പിഎമ്മില്‍ 14 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 14 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

എന്നാല്‍ ചില അടിസ്ഥാനപരമായ മാറ്റങ്ങളും കാണാം. ഗിയര്‍ അനുപാതം വ്യത്യസ്തമാണ്. കൂടാതെ ജിക്‌സറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍ടേക്, എയര്‍ ബോക്‌സ് എന്നിവ വലുതാണ്. എക്‌സ്‌ഹോസ്റ്റിലും മാറ്റമുണ്ട്. 148 കിലോഗ്രാമാണ് ഇന്‍ട്രൂഡറിന്റെ ഭാരം. ജിക്‌സറിനേക്കാള്‍ 8 കിലോഗ്രാം കൂടുതല്‍. ബോഡി പാനലുകളും എന്‍ജിനിലെ മാറ്റങ്ങളുമാണ് ഭാരം വര്‍ധിപ്പിച്ചത്. ഒരു ലിറ്ററിന് 44 കിലോമീറ്ററാണ് ഇന്ധനക്ഷമത.

ഭാവിയില്‍ ഈ 155 സിസി ക്രൂസര്‍ ബൈക്ക് ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നും മറ്റ് ലോക വിപണികളിലേക്ക് കയറ്റുമതി നടത്തുമെന്നും സുസുകി വ്യക്തമാക്കി. ഇന്ത്യയില്‍ 150 സിസി ക്രൂസര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലെ ഒരേയൊരു എതിരാളിയായ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 150 ന് 80,000 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വിലയെങ്കില്‍ സുസുകി ഇന്‍ട്രൂഡറിന് 18,340 രൂപ കൂടുതലാണ്.

Comments

comments

Categories: Auto