രഘുറാം രാജന് രാജ്യസഭയില്‍ എത്തിക്കാനൊരുങ്ങി എഎപി

രഘുറാം രാജന് രാജ്യസഭയില്‍ എത്തിക്കാനൊരുങ്ങി എഎപി

നോട്ട് അസാധുവാക്കല്‍ നയത്തെ ആര്‍ബിഐ ഗവര്‍ണറായിരിക്കുമ്പോഴും രാജന്‍ എതിര്‍ത്തിരുന്നു

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജനെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ ആം ആദ്മി പാര്‍ട്ടി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഡെല്‍ഹിയില്‍ നിന്നും ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലൊന്ന് രാജന് വാഗ്ദാനം ചെയ്യാനാണ് എഎപി നീക്കം. രഘുറാം രാജനെ പോലൊരു സാമ്പത്തികവിദഗ്ധന്‍ രാജ്യസഭയിലെത്തുന്നത് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

2015ലെ വന്‍ വിജയം രാജ്യസഭയിലേക്ക് മൂന്ന് എംപിമാരെ അയക്കാനുള്ള ആള്‍ബലം എഎപിക്ക് നല്‍കിയിരുന്നു. ഡെല്‍ഹി നിയമസഭയില്‍ മികച്ച ഭൂരിപക്ഷമുള്ള ആം ആദ്മി പാര്‍ട്ടിക്ക് അടുത്ത വര്‍ഷം ജനുവരിയില്‍ ഒഴിവുവരുന്ന മൂന്ന് സീറ്റുകളിലും അനായാസം വിജയിക്കാന്‍ സാധിക്കും. പാര്‍ട്ടി നേതാക്കള്‍ക്കു പകരം പ്രൊഫഷണലുകളെയും പുറത്തുനിന്നുള്ള മികച്ച വ്യക്തികളെയുമാണ് ഈ സീറ്റുകളിലേക്ക് അരവിന്ദ് കെജ്രിവാള്‍ പരിഗണിക്കുന്നതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പാര്‍ട്ടി നേതാക്കളുടെ അനൗദ്യോഗിക യോഗത്തില്‍ രഘുറാം രാജന്റെ പേര് ചര്‍ച്ചചെയ്യപ്പെട്ടതായാണ് സൂചന. എന്നാല്‍, ആം ആദ്മിയുടെ വാഗ്ദാനത്തോട് രാജന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നോട്ട് അസാധുവാക്കല്‍ നയം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൊടിപ്പിച്ച നിരവധി പ്രസ്താവനകള്‍ രഘു റാം രാജന്‍ നടത്തിയിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച മുന്നറിയിപ്പും രാജന്‍ നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കല്‍ നയം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പാണ് ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്നും രാജന്‍ പടിയിറങ്ങുന്നത്. പദവിയില്‍ തുടരാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും കാലാവധി നീട്ടികൊടുക്കാന്‍ നരേന്ദ്ര മോദി തയാറായില്ല. ഇതോടെ യുഎസിലേക്ക് മടങ്ങിയ രാജന്‍ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ അധ്യപകനായി പ്രവര്‍ത്തിക്കുകയാണ്.

Comments

comments

Categories: Slider, Top Stories