ഒലയാന്‍ ഗ്രൂപ്പ് സൗദി ഐപിഒ നീക്കം ഉപേക്ഷിക്കുന്നുവോ?

ഒലയാന്‍ ഗ്രൂപ്പ് സൗദി ഐപിഒ നീക്കം ഉപേക്ഷിക്കുന്നുവോ?

അഞ്ച് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഹോള്‍ഡിംഗ് കമ്പനിയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഭാവിയില്‍ തീരുമാനിക്കും

റിയാദ്: രാജ്യത്തിന്റെ മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച പരിഗണിച്ചുകൊണ്ട് പ്രാദേശിക ആസ്തിയിലെ ചില ഓഹരികള്‍ വില്‍ക്കാനുള്ള പദ്ധതി സൗദി അറേബ്യയുടെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഗ്രൂപ്പുകളിലൊന്നായ ഒലയാന്‍ കുടുംബം നിര്‍ത്തി വച്ചു.

മിഡില്‍ ഈസ്റ്റില്‍ കുടുംബത്തിന്റെ നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്ന ഒലയാന്‍ ഫിനാന്‍സിംഗ് കമ്പനി 20 പ്രാദേശിക യൂണിറ്റുകളുള്ള ഹോള്‍ഡിംഗ് കമ്പനിയുടെ ഐപിഒ(പ്രഥമ ഓഹരി വില്‍പ്പന)യുമായി മുന്നോട്ട് പോകില്ലെന്നു തീരുമാനിച്ചു. അഞ്ച് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഹോള്‍ഡിംഗ് കമ്പനിയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഭാവിയില്‍ തീരുമാനിക്കും.

ബര്‍ഗര്‍ കിംഗ് ഫ്രാഞ്ചൈസി ഉള്‍പ്പടെ മിഡില്‍ ഈസ്റ്റില്‍ 40 കമ്പനികളാണ് ഒലയാന്‍ ഫിനാന്‍സിംഗ് മാനേജ് ചെയ്യുന്നത്

അടുത്ത വര്‍ഷമാദ്യം നടക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ഐപിഒയ്ക്കുവേണ്ടി സൗദി ഫ്രാന്‍സി കാപ്പിറ്റലുമായി ചേര്‍ന്ന് ഒലയാന്‍ പ്രവര്‍ത്തിച്ചിരുന്നു. ഒലയാന്‍ ഹെല്‍ത്ത് വാട്ടര്‍ ബോട്ടിലിംഗ് കമ്പനിയുടെ 30 ശതമാനം ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ് പിഎല്‍സിയുടെ പ്രാദേശിക യൂണിറ്റുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. വാട്ടര്‍ ബിസിനസുമായി ബന്ധപ്പെട്ട ഐപിഒയുമായി മുന്നോട്ട് പോകാന്‍ കുടുംബം തീരുമാനിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ക്ക് ഇവര്‍ മറുപടി പറഞ്ഞിട്ടില്ല.

ഈ വര്‍ഷം തുടര്‍ച്ചയായ രണ്ടു പാദത്തിലും സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയാണ് നേരിട്ടത്. ഇതിന്റെ ഭാഗമായി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്‍ സബ്‌സിഡികള്‍ വെട്ടിച്ചുരുക്കുക, അടിസ്ഥാന സൗകര്യവികസന ചെലവുകള്‍ കുറയ്ക്കുക തുടങ്ങിയ നിര്‍ണായക നടപടികള്‍ സ്വീകരിച്ചു. ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ നൂറ് കണക്കിന് ആസ്തികള്‍ വില്‍ക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. അരാംകോ ഐപിഒ ഉള്‍പ്പടെ ഇതിന്റെ ഭാഗമാണ്.

1947ല്‍ സുലൈമാന്‍ ഒലയാന്‍ സ്ഥാപിച്ച ഒലയാന്‍ ഗ്രൂപ്പിന്റെ മൂല്യം 2015ലെ ബ്ലൂംബര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡെക്‌സ് പ്രകാരം 10 ബില്യണ്‍ ഡോളറാണ്. കുടുംബത്തിന്റെ അന്താരാഷ്ട്ര ബിസിനസുകള്‍ നിയന്ത്രിക്കുന്ന ഒലയാന്‍ ഗ്രൂപ്പ,് ക്രെഡിറ്റ് സ്യൂസി ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഓഹരിയുടമകള്‍ കൂടിയാണ്. ന്യൂയോര്‍ക്ക് സിറ്റിയിലെ 550 മാഡിസണ്‍ അവന്യു, സെന്‍ട്രല്‍ ലണ്ടനിലെ നൈറ്റ്‌സ്ബ്രിഡ്ജ് എസ്‌റ്റേറ്റ്, പാരീസിലെ റസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകള്‍ തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് ആസ്തികളും ഇവര്‍ക്കുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബര്‍ഗര്‍ കിംഗ് ഫ്രാഞ്ചൈസി ഉള്‍പ്പടെ മിഡില്‍ ഈസ്റ്റില്‍ 40 കമ്പനികളാണ് ഒലയാന്‍ ഫിനാന്‍സിംഗ് മാനേജ് ചെയ്യുന്നത്.

Comments

comments

Categories: Arabia