ഒലാ മൈക്രോസോഫ്റ്റുമായി സഹകരിക്കും

ഒലാ മൈക്രോസോഫ്റ്റുമായി സഹകരിക്കും

ആഗോളതലത്തിലുള്ള കാര്‍ നിര്‍മാതാക്കളെ പരസ്പരം ബന്ധപ്പെടുത്തുന്നതിനുള്ള വാഹന പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നതിനായി ഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ മൊബൈല്‍ ആപ്പ് ഒലാ, ടെക്‌നോളജി ഭീമനായ മൈക്രോസോഫ്റ്റുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു. കാറുകള്‍ക്കു സംഭവിക്കാന്‍ സാധ്യതയുള്ള അറ്റകുറ്റപ്പണികള്‍ മുന്‍കൂട്ടി അറിയുന്നതിനും യാത്രക്കാരനു മെച്ചപ്പെട്ട യാത്രാനുഭവം പകരുന്നതിനുമായി ഒലാ, മൈക്രോസോഫ്റ്റിന്റെ ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രൊഡക്ടിവിറ്റി ടൂള്‍സ് തുടങ്ങിയവ പ്രയോജനപ്പെടുത്തുമെന്നും അറിയിച്ചു.

‘ഇത് കൂട്ടായ പ്രവര്‍ത്തനമാണ്. രണ്ട് സ്ഥാപനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ മൊബിലിറ്റിയുടെ ഭാവിയെ ത്വരിതപ്പെടുത്താനാവുമെന്ന് ഒലാ സഹസ്ഥാപകനും സിഇഒയുമായ ഭവീഷ് അഗര്‍വാള്‍’ പറഞ്ഞു. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമ ഗ്രൂപ്പ് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുക്കവേയാണ് ഭവീഷ് ഇക്കാര്യം പറഞ്ഞത്. ചടങ്ങില്‍ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പങ്കെടുത്തിരുന്നു. നിലവില്‍ ഒലാ പ്ലേ എന്ന പേരില്‍ കണക്റ്റഡ് കാര്‍ പ്ലാറ്റ്‌ഫോം ഉണ്ട്. മൈക്രോസോഫ്റ്റിന്റെ അസൂര്‍ ക്ലൗഡ് പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്നതോടെ ഒലായുടെ പ്ലാറ്റ്‌ഫോം കൂടുതല്‍ കരുത്തുറ്റതാകും.

ഒലാ പ്ലേ, മൈക്രോസോഫ്റ്റിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് തുടങ്ങിയവയിലൂടെ ഡ്രൈവറിനു ടെലിസ്മാക്‌സും നാവിഗേഷന്‍ ഗൈഡന്‍സും നല്‍കി കൊണ്ട് മെച്ചപ്പെട്ട അനുഭവങ്ങള്‍ സമ്മാനിക്കും. ഒലാ പ്ലേ കസ്റ്റമേഴ്‌സിനു മൈക്രോസോഫ്റ്റിന്റെ പ്രൊഡക്റ്റിവിറ്റി ഉപകരണങ്ങളായ ഓഫീസ് 365, സ്‌കൈപ്പ് എന്നിവ യാത്രയ്ക്കിടെ ഉപയോഗിക്കാനുള്ള സൗകര്യവുമൊരുക്കും.

Comments

comments

Categories: FK Special