ഇന്‍ഫോസിസ് യുഎസില്‍ ഇന്നൊവേഷന്‍ ഹബ്ബ് തുറക്കും: നന്ദന്‍ നിലേകനി

ഇന്‍ഫോസിസ് യുഎസില്‍ ഇന്നൊവേഷന്‍ ഹബ്ബ് തുറക്കും: നന്ദന്‍ നിലേകനി

യുഎസിലെ ഇന്ത്യാനയില്‍ ആരംഭിക്കുന്ന ഇന്നൊവേഷന്‍ ഹബ്ബില്‍ 2,000ത്തോളം പേരെ നിയമിക്കും

ബെംഗളൂരു : സോഫ്റ്റ്‌വെയര്‍ ഭീമനായ ഇന്‍ഫോസിസ് യുഎസിലെ ഇന്ത്യാനയില്‍ ഇന്നൊവേഷന്‍ ഹബ്ബ് തുറക്കുമെന്നും ഹബ്ബില്‍ 2,000 പേരെ നിയമിക്കുമെന്നും ഇന്‍ഫോസിസിന്റെ നോണ്‍-എക്‌സിക്യുട്ടീവ് ചെയര്‍മാനായ നന്ദന്‍ നിലേകനി വ്യക്തമാക്കി. യുഎസില്‍ ഇത്തരത്തില്‍ നിരവധി ഹബ്ബുകള്‍ സ്ഥാപിക്കാന്‍ ഇന്‍ഫോസിസിന് പദ്ധതിയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ , അറ്റ്‌ലാന്റിക് കൗണ്‍സില്‍ സൗത്ത് ഏഷ്യ സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിച്ച അണ്‍ലോക്കിംഗ് യുഎസ്- ഇന്ത്യ ട്രേഡ് പൊട്ടന്‍ഷ്യല്‍ എന്ന ദിദ്വിന ട്രേഡ് സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു നിലേകനി.

ഇന്ത്യാന സര്‍ക്കാരുമായി ചേര്‍ന്നാണ് കമ്പനി പ്രവര്‍ത്തിക്കുക. സര്‍വകലാശാലകളില്‍ നിന്നും സമാന മേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ളവരെയും ഹബ്ബില്‍ നിയമിക്കും. ഇന്‍ഫോസിസ് യുഎസില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന നിരവധി ഹബ്ബുകളില്‍ ഒന്നായിരിക്കും ഇന്ത്യാനയില്‍ പടത്തുയര്‍ത്തുന്നത്. നിരവധി സംസ്ഥാനങ്ങളുമായി ഇതുസംബന്ധിച്ച് സംസാരിച്ചിട്ടുണ്ട്. രാജ്യത്ത് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയും യുഎസും തമ്മില്‍ വലിയ ബിസിനസ് പങ്കാളിത്ത സാധ്യതകള്‍ കാണുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

നിലവിലെ സാങ്കേതികവിദ്യകളേയും വികസനങ്ങളെയുംകുറിച്ച് അറിവുള്ളവരേയും, ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ എങ്ങനെ പഠിക്കാനാകുമെന്നതിനെക്കുറിച്ച് ജ്ഞാനമുള്ളവരെയും ലഭിക്കുക എന്നതാണ് ഇന്‍ഫോസിസ് പോലുള്ള കമ്പനികള്‍ നേരിടുന്ന വെല്ലുവിളിയെന്ന് നിലേകനി അഭിപ്രായപ്പെട്ടു. യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുപിഐ) ആദ്യത്തെ ചെയര്‍മാനാണ് നിലേകനി. യുപിഐയാണ് ആധാര്‍ പദ്ധതി നടപ്പിലാക്കിയത്. ഇന്ത്യയില്‍ നിന്നുള്ള കോളേഴ്‌സിനെ തിരിച്ചറിയുന്നതിനായി മൈക്രോസോഫ്റ്റ് തങ്ങളുടെ സ്‌കൈപ് വീഡിയോ ഇന്ററാക്ഷന്‍ സൗകര്യത്തെ ആധാറുമായി സമന്വയിപ്പിച്ചിട്ടുണ്ട്. നിരവധി കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കുന്നതിനായി സിസ്റ്റംസ് ആപ്ലിക്കേഷന്‍സ് ആന്‍ഡ് പ്രൊഡക്ട്‌സ് (എസ്എപി) ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

എല്ലാവര്‍ക്കും ബാങ്ക് എക്കൗണ്ടുള്ള ഒരു കാലഘട്ടത്തിലേക്ക് ഇന്ത്യ എത്തിയിട്ടുണ്ട്. ബാങ്ക് എക്കൗണ്ടും മൊബീല്‍ഫോണും ഡിജിറ്റല്‍ തിരിച്ചറിയലും എല്ലാവര്‍ക്കുമുണ്ട്. ഫോണിലൂടെ വളരെ എളുപ്പത്തില്‍ ഒരു ബില്ല്യണ്‍ ആളുകള്‍ക്ക് സേവനങ്ങള്‍ എത്തിക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഫോണിലൂടെ പണം സ്വീകരിക്കുകയും അയയ്ക്കുകയും കഴിയുന്നതോടൊപ്പം കരാറുകള്‍ ഒപ്പുവെക്കാനും സാധിക്കുന്നുണ്ടെന്ന് നിലേകനി വ്യക്തമാക്കി.

Comments

comments

Categories: More