മുന്‍ സാമ്പത്തിക വര്‍ഷം വില്‍പ്പന 30% ഇടിഞ്ഞെന്ന് ഇന്റെക്‌സ്

മുന്‍ സാമ്പത്തിക വര്‍ഷം വില്‍പ്പന 30% ഇടിഞ്ഞെന്ന് ഇന്റെക്‌സ്

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ പകുതിയില്‍ അധികവും നിയന്ത്രിക്കുന്നത് ചൈനീസ് കമ്പനികളാണ്

മുംബൈ: റിലയന്‍സ് ജിയോയുടെ കടന്നുവരവും നോട്ട് അസാധുവാക്കല്‍ നയവും സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ കാരണം 2016-2017 കാലയളവില്‍ വില്‍പ്പന 30 ശതമാനം ഇടിഞ്ഞെന്ന് ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാണ കമ്പനിയായ ഇന്റെക്‌സ് ടെക്‌നോളജീസ്. രാജ്യത്തെ രണ്ടാമത്തെ വലിയ മൊബീല്‍ നിര്‍മാണ കമ്പനിയാണ് ഇന്റെക്‌സ്.
ഇന്ത്യന്‍ ടെലികോം വ്യവസായത്തെ 2ജി/3ജി സേവനങ്ങളില്‍ നിന്നും 4ജിയിലേക്ക് പരിവര്‍ത്തനം ചെയ്തുകൊണ്ടുള്ള ജിയോയുടെ കടന്നുവരവാണ് കമ്പനിയുടെ വരുമാനം കുറയാന്‍ പ്രധാനമായും കാരണമായതെന്ന് ഇന്റെക്‌സ് പറഞ്ഞു. പുതിയ 4ജി ഹാന്‍ഡ്‌സെറ്റ് മോഡലുകള്‍ അവതരിപ്പിക്കുന്നതിന് കുറച്ച് സമയമെടുക്കുമെന്നും കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള വില്‍പ്പനയില്‍ നോട്ട് അസാധുവാക്കല്‍ നയം സ്വാധീനം ചെലുത്തിയതായും കമ്പനി അറിയിച്ചു. റെഗുലേറ്ററി ഫയലിംഗ്‌സിലാണ് ഇന്റെക്‌സ് ടെക്‌നോളജീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 4,363.08 കോടി രൂപയുടെ വരുമാനമാണ് ഇന്റെക്‌സ് രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷം 6,233.42 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. അറ്റാദായം 17 ശതമാനം ഇടിഞ്ഞ് 127.3 കോടി രൂപയായതായും ഇന്റെക്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വില്‍പ്പനയിലെ ഇടിവും പുതിയ നിയമന പ്രവര്‍ത്തനങ്ങളും മറ്റു ചെലവുകളുമാണ് വരുമാനം കുറഞ്ഞതിന്റെ കാരണമായി കമ്പനി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്‍ നിന്നുള്ള മത്സരവും ഇന്റെക്‌സ് ഉള്‍പ്പടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.

ഇക്കഴിഞ്ഞ സെപ്റ്റംബറിലെ കണക്ക് പ്രാകാരം ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ പകുതിയില്‍ അധികവും നിയന്ത്രിക്കുന്നത് ചൈനീസ് കമ്പനികളാണെന്നാണ് കൗണ്ടര്‍പോയിന്റ് ടെക്‌നോളജി മാര്‍ക്കറ്റ് റിസര്‍ച്ചില്‍ നിന്നുള്ള വിവരം. ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ പങ്കാളിത്തം 33 ശതമാനത്തില്‍ നിന്നും 14 ശതമാനമായി ചുരുങ്ങിയിട്ടുണ്ടെന്നും കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് വ്യക്തമാക്കുന്നുണ്ട്. അതേസമയം, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് ബിസിനസിന്റെയും മറ്റ് സര്‍വീസസുകളുടെയും സഹായത്തോടെ മൊബീല്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ നിന്നും ഈ സാമ്പത്തിക വര്‍ഷം മികച്ച വരുമാനം നേടാനാകുമെന്ന പ്രതീക്ഷയാണ് ഇന്റെക്‌സ് പങ്കുവെചച്ചിട്ടുള്ളത്. കമ്പനിയുടെ കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് ബിസിനസില്‍ നിന്നുള്ള പങ്കാളിത്തം മുന്‍ സാമ്പത്തിക വര്‍ഷം 24 ശതമാനത്തില്‍ നിന്നും 36 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ ലാഭത്തില്‍ 18 ശതമാനത്തിന്റെ വര്‍ധന നിരീക്ഷിക്കാനായിട്ടുണ്ടെന്നും ഇന്റെക്‌സ് വക്താവ് അറിയിച്ചു. തങ്ങളുടെ വിവിധ ശ്രേണിയിലുള്ള വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ പങ്കാളിത്തത്തിലൂടെ അവതരിപ്പിക്കുന്നതിന് വിവിധ ടെലികോം കമ്പനികളുമായും ഇന്റെക്‌സ് ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. 500 മില്യണ്‍ ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ ഈ ഡിവൈസുകള്‍ ആകര്‍ഷിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy