ഡല്‍ഹിയില്‍ 18 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

ഡല്‍ഹിയില്‍ 18 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

ന്യൂഡെല്‍ഹി: കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് വീര്‍പ്പുമുട്ടി ഡെല്‍ഹി നഗരം. പുകമഞ്ഞ് അപകടകരമായ രീതിയല്‍ ശക്തമായതിനെ തുടര്‍ന്ന് നഗരത്തിലെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഫീസുകളില്‍ പോകുന്നതിനടക്കം യാത്ര ചെയ്യുന്നവര്‍ റോഡുകളിലെ കുറഞ്ഞ ദൃശ്യത മൂലം നിരവധി പ്രശ്‌നങ്ങളാണ് നേരിടുന്നത്. ആഗ്ര-നോയ്ഡ യമുന എക്‌സ്പ്രസ്‌ ഹൈവേയില്‍ 18 ഓളം കാറുകളാണ് ഇന്നലെ കൂട്ടിയിടിച്ചത്. മഞ്ഞിന്റെ കാഠിന്യം കൂടിയതോടെയാണ് കാറുകള്‍ ഒന്നിന് പിറകേ ഒന്നായി കൂട്ടിയിടിച്ചത്. കാറുകള്‍ക്ക് പകരം മെട്രോഗതാഗതമാണ് നിലവില്‍ കൂടുതല്‍ പേരും ആശ്രയിച്ചിരിക്കുന്നത്.

വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശ്വാസതടസമടക്കമുള്ള രോഗങ്ങള്‍ ആളുകള്‍ക്ക് അനുഭവപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഡെല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. ഡെല്‍ഹിയിലെ വായുവിന്റെ ഗുണനിലവാര സൂചിക ഏറ്റവും മോശമായ അവസ്ഥയിലാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നത്. ഡല്‍ഹിക്കു പുറമെ ഹരിയാനയിലും പഞ്ചാബിലും മലിനീകരണതോത് വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Comments

comments

Categories: Slider, Top Stories