വിയ്യാട്ട് പവര്‍ എന്ന ചരിത്രം

വിയ്യാട്ട് പവര്‍ എന്ന ചരിത്രം

കേരളത്തില്‍ ആദ്യമായി ബി ഒ ടി വ്യവസ്ഥയില്‍ ജലവൈദ്യുത നിലയം നിര്‍മിച്ച വിയ്യാട്ട് പവര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സാരഥി പി ദാമോദരന്‍നായര്‍ എന്ന പി ഡി നായരുടേത് കേരളത്തിന്റെ സംരംഭകത്വ ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടാണ്.

എല്ലാവരും വിശ്രമത്തിന് തിരഞ്ഞെടുക്കുന്ന റിട്ടയര്‍മെന്റ് ലൈഫില്‍ പി ദാമോദരന്‍ നായര്‍ എന്ന ടെക്‌നോക്രാറ്റ് വിശ്രമമില്ലാതെ പൊരുതാനാണ് ഇറങ്ങിത്തിരിച്ചത്. ആ പോരാട്ടമാകട്ടെ ഔദ്യോഗികജീവിതത്തില്‍ ലഭിച്ചതിനും എത്രയോ അപ്പുറമുള്ള ചരിത്ര നേട്ടത്തിലേക്കാണ് ആ മനുഷ്യനെ കൈപിടിച്ചുയര്‍ത്തിയത്. കേരളത്തില്‍ ആദ്യമായി സ്വകാര്യ മേഖലയില്‍ ജലവൈദ്യുതി നിലയം സ്ഥാപിച്ചത് ആരാണെന്ന് ചരിത്രം ചോദിച്ചാല്‍ ഉത്തരം പി ഡി നായര്‍ എന്നാണ്. തിരുവനന്തപുരം ശ്രീകാര്യത്തുള്ള വിയ്യാട്ട് പവര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സാരഥിയായ പി ഡി നായര്‍ സംരംഭകത്വത്തിന്റെ വഴിയില്‍ നടത്തിയത് ഒരു മലയാളിക്കും പരിചിതമല്ലാത്ത കടുത്ത വെല്ലുവിളികള്‍ നിറഞ്ഞ യാത്രയാണ്. ഓരോ സംരംഭകനും പാഠപുസ്തകം പോലെ പഠിക്കാനുള്ള ഏറെ കാര്യങ്ങളുണ്ട് അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ ഏടുകളില്‍. പ്രതിബന്ധങ്ങളുടെ മാറാലക്കുരുക്ക് തീര്‍ക്കുന്ന ഉദ്യോഗസ്ഥ സംവിധാനങ്ങളോട്, അവരുടെ അഹന്തയും നിഷേധവും നിറഞ്ഞ സമീപനങ്ങളോട്, സംരംഭകന് എന്നും വെല്ലുവിളി ഉയര്‍ത്തുന്ന രാഷ്ട്രീയ- സാമൂഹ്യാന്തരീക്ഷത്തിലുയര്‍ന്ന പ്രതിരോധങ്ങളോട് പി ഡി നായര്‍ നിരന്തരം പൊരുതി. സെക്രട്ടേറിയറ്റ് വരെയുള്ള സര്‍ക്കാര്‍ ഓഫീസുകളും മന്ത്രിമന്ദിരങ്ങളും മജിസ്‌ട്രേറ്റ് കോടതി മുതല്‍ സുപ്രീം കോടതിവരെയുള്ള കോടതികളും കയറിയിറങ്ങി ഈ ചെറിയ വലിയ മനുഷ്യന്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് കെ എസ് ഇ ബിക്ക് 55 കോടിയുടെ ലാഭം നേടിക്കൊടുത്ത ഇടുക്കി ജില്ലയിലെ ഇരുട്ടുകുളത്തു പ്രവര്‍ത്തിക്കുന്ന വിയ്യാട്ട് വൈദ്യുതി നിലയം.

യാതൊരു ബിസിനസ് പശ്ചാത്തലവുമില്ലാത്ത സാധാരണ കുടുംബത്തില്‍ നിന്ന് വരുന്ന പി ഡി നായര്‍ തന്റെ ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം സ്വരുക്കൂട്ടിയാണ് വൈദ്യുതി നിലയം എന്ന സ്വപ്‌നത്തിലേക്കുള്ള യാത്രക്കിറങ്ങിയത്. ബന്ധുക്കളും സുഹൃത്തുക്കളും വരെ ഇവന് വട്ടാണോ എന്ന് ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ചൂടും ചൂരുമറിയുന്ന ഭാര്യ എസ് ശ്യാമളാ നായര്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുകയല്ല, ഭര്‍ത്താവിന് സ്വപ്‌നത്തിനായി സ്വയം സമര്‍പ്പിക്കുകയാണ് ചെയ്തത്. വിയ്യാറ്റില്‍ പവര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ ശ്യാമളയും മാനേജിംഗ് ഡയറക്ടര്‍ പി ഡി നായരുമാണ്. പദ്ധതിയുടെ തുടക്കം മുതല്‍ പൂര്‍ത്തീകരണം വരെ നിഴല്‍പോലെ ഭര്‍ത്താവിന്റെ മുന്നിലും പിന്നിലും അരികിലും വിടാതെ ചേര്‍ന്നു നിന്ന ശ്യാമളയുടെ ആത്മസമര്‍പ്പണത്തിന്റെ കൂടി വിജയമാണ് ഇരുട്ടുകുളം പവര്‍ പ്രോജക്ട്.

പോളിടെക്‌നിക് ഡിപ്ലോമ ഒന്നാം റാങ്കോടെ പാസായ ശേഷം അസിസ്റ്റന്റ് ലക്ചറര്‍ ജോലി വേണ്ടെന്ന് വെച്ച് ഭോപ്പാല്‍ ഹെവി ഇലക്ട്രിക്കല്‍സില്‍ ടെക്‌നിക്കല്‍ അപ്രന്റീസായി ചേര്‍ന്നു. 1962 മുതല്‍ 1969 വരെ ഭോപ്പാല്‍ ഹെവി ഇലക്ട്രിക്കല്‍സില്‍ തുടര്‍ന്നു. ഇതിനോടകം ഇലക്ട്രോണിക്‌സിലും മെക്കാനിക്‌സിലും എഞ്ചിനീയറിംഗ് ബിരുദം നേടി. എ എം ഐ കണ്‍സള്‍ട്ടിംഗ് എഞ്ചിനീയറുമായി. 1967ല്‍ ബി എച്ച് ഇ എല്‍ അത്‌ലറ്റിക് ചാമ്പ്യനായിരുന്നു. മലയാളിയായ ബോസ് അര്‍ഹമായ പ്രമോഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് 1969 ജൂലൈയില്‍ ബി എച്ച് ഇ എല്‍ വിട്ട് ബറോഡയിലെ ജ്യോതി ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയില്‍ ചേര്‍ന്നു. അവിടെ സീനിയര്‍ ജനറല്‍ മാനേജര്‍ വരെയായി. 30 വര്‍ഷം അവിടെ ജോലി ചെയ്തു. നിരവധി പ്രമുഖ കമ്പനികളിലും വൈദ്യുതി നിലയങ്ങളിലും പി ഡി നായര്‍ ഡിസൈന്‍ ചെയ്ത എഞ്ചിനുകളുണ്ട്. ജ്യോതിയില്‍ വി എ ടെക് കമ്പനിയുടെ അഡൈ്വസറായി പ്രവര്‍ത്തിച്ചു. ഇക്കാലത്ത് വി എ ടെക് കേരളത്തില്‍ നടത്തിയ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിലും പുനരുദ്ധാരണത്തിലും ഉപദേശകന്‍ എന്ന നിലയില്‍ പങ്കാളിയായിരുന്നു. ജലവൈദ്യുതി നിലയങ്ങളുടെ ജനറേറ്ററുകള്‍ ഡിസൈന്‍ ചെയ്യുന്നതില്‍ ജ്യോതിയില്‍ നിന്ന് ലഭിച്ച പരിചയമാണ് 2003ലെ ആഗോള നിക്ഷേപക സംഗമത്തില്‍ ഹൈഡല്‍ പവര്‍ പ്രോജക്ട് വെക്കാന്‍ പ്രേരണയായത്. നാലര കോടി ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലും ഒരു കോടി രൂപ പ്രിഫറന്‍ഷ്യല്‍ ഷെയര്‍ ക്യാപിറ്റലുമായി 2003ല്‍ രജിസ്റ്റര്‍ ചെയ്ത വിയ്യാട്ടില്‍ പവര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി പങ്കാളികള്‍ സതീഷ് ജി പിള്ള, ബാലകൃഷ്ണന്‍ എന്നിവരാണ്.

2003 ജനുവരിയില്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് സ്വകാര്യ മേഖലയില്‍ ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍ (ബി ഒ ഒ ടി) വ്യവസ്ഥയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ 61 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. 2003 ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള പബ്ലിക് ടെന്‍ഡര്‍ ഇറക്കി. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് 2003ല്‍ 13 പ്രോജക്ടുകള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ കാര്യവട്ടത്തെ വിയ്യാറ്റില്‍ പവര്‍ ഏറ്റെടുത്ത ഇടുക്കി ഇരുട്ടുകുളം വൈദ്യുത പദ്ധതി മാത്രമാണ് യാഥാര്‍ഥ്യമായത്. മറ്റ് 12 പദ്ധതികളും കടലാസിലൊതുങ്ങി.

ഇടുക്കി ജില്ലയിലെ ഇരുട്ടുകുളത്ത് കല്ലാറിന്റെ പടിഞ്ഞാറ് ഭാഗത്ത് അമ്പഴച്ചാലില്‍ എട്ട് മീറ്റര്‍ ഉയരത്തിലും 49 മീറ്റര്‍ നീളത്തിലും തടയണ നിര്‍മിച്ച് 2.8 മീറ്റര്‍ വ്യാസമുള്ള ഭൂഗര്‍ഭ ടണല്‍ സ്ഥാപിച്ച് പെന്‍സ്റ്റോക്ക് പൈപ്പ് വഴി താഴെയുള്ള പവര്‍ ഹൗസിലെത്തിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുകയും വെള്ളം വീണ്ടും കല്ലാറിലേക്ക് ഒഴുക്കി വിടുകയും ചെയ്യുന്നതാണ് പദ്ധതി. മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാണ് വിയ്യാട്ടിന് കരാര്‍ ലഭിച്ചത്. 30 വര്‍ഷത്തേക്കുള്ളതാണ് ബി ഒ ഒ ടി കരാര്‍. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെ എസ് ഇ ബി വിലക്ക് വാങ്ങും. കിലോ വാട്ടിന് 2.40 രൂപയാണ് തുടക്കത്തില്‍ നിശ്ചയിച്ച താരിഫ്.

സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചയുടനെ ഇടുക്കി മൂന്നാറിലുള്ള ഇരുട്ടുകുളത്ത് നിലയം സ്ഥാപിക്കുന്നതിന് ഭൂമി വാങ്ങുകയാണ് ആദ്യം ചെയ്തത്. ചോദിച്ച വില കൊടുത്ത് ഭൂമി വാങ്ങി. അതിന് ശേഷമാണ് റഗുലേറ്ററി കമ്മീഷന്റെ ക്ലിയറന്‍സിനായി സമീപിക്കുന്നത്. റെഗുലേറ്ററി കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് വന്ന പുതിയ ആള്‍ അപേക്ഷ സ്വീകരിക്കാന്‍ പോലും തയ്യാറായില്ല. അന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദാണ്. വി എ ടെക് കമ്പനിയുടെ അഡൈ്വസറായിരിക്കെ ശബരിഗിരി പദ്ധതി പുനരുദ്ധാരണവും നേര്യമംഗലം എക്സ്റ്റന്‍ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുത്ത് അദ്ദേഹവുമായി പരിചയമുണ്ട്. റെഗുലേറ്ററി കമ്മീഷനെ ഉടന്‍ ഫോണില്‍ വിളിച്ച ആര്യാടന്‍ ഈ പദ്ധതിക്ക് വിലങ്ങുതടിയാകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി. അപേക്ഷ വാങ്ങിവെച്ചെങ്കിലും ഒരു മാസം കൊണ്ട് തരാവുന്ന ക്ലിയറന്‍സ് 15 മാസം കമ്മീഷന്‍ വെച്ചു താമസിപ്പിച്ചു. 2006 ഡിസംബറിലാണ് ക്ലിയറന്‍സ് ലഭിച്ചത്. ലോക്കല്‍ പഞ്ചായത്ത്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ദേശീയ പാത അതോറിട്ടി, സ്‌റ്റേറ്റ് ഹൈവേ അതോറിട്ടി, ഇറിഗേഷന്‍ വകുപ്പ്, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ്, പവര്‍ ടെലിഫോണ്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നിവയില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നേടേണ്ടിയിരുന്നു.

പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് ഒപ്പുവെച്ചാലെ പദ്ധതിക്കായി ബാങ്ക് വായ്പയെടുക്കാന്‍ സാധിക്കു. സാധാരണ ഗതിയില്‍ റെഗുലേറ്ററി കമ്മീഷന്റെ ക്ലിയറന്‍സ് വെച്ചുതന്നെ പി പി എ ഒപ്പുവെക്കാന്‍ കെ എസ് ഇ ബിക്ക് സാധിക്കും. എന്നാല്‍ തീരുമാനം മന്ത്രിസഭക്ക് വിടാന്‍ കെ എസ് ഇ ബിയിലെ ഒരു ഉദ്യോഗസ്ഥന്‍ തീരുമാനിച്ചു. അതിന് 2007 ജൂണ്‍ വരെ കാത്തിരിക്കേണ്ടിവന്നു. എസ് ബി ഐയില്‍ നിന്നാണ് വായ്പയെടുത്തത്. 10 കോടി രൂപയുടെ വായ്പക്കാണ് അപേക്ഷിച്ചിരുന്നതെങ്കിലും ബാങ്ക് 11 കോടി രൂപ വായ്പ അനുവദിച്ചു. അപ്രൈസല്‍ നടത്തിയ വര്‍ഗീസ് എന്ന ഉദ്യോഗസ്ഥന്‍ നിങ്ങള്‍ക്ക് ഈ പദ്ധതിക്ക് 10 കോടി മതിയാകില്ലെന്നും 11 കോടിയെടുക്കണമെന്നും പറഞ്ഞാണ് കൂടുതല്‍ തുക വായ്പ നല്‍കിയത്.

പദ്ധതി ടണല്‍ നിര്‍മിക്കുന്നതിലാണ് വലിയ പ്രതിസന്ധിയുണ്ടായത്. കല്ലാറില്‍ നിന്ന് 200 മീറ്റര്‍ ആഴത്തിലാണ് പെന്‍സ്‌റ്റോക്ക് വരെ ടണല്‍ സ്ഥാപിക്കേണ്ടിയിരുന്നത്. ടണല്‍ കടന്നു പോകുന്ന ഭാഗത്തെ കുടുംബങ്ങളില്‍ ചിലര്‍ പ്രതിഷേധവുമായി വന്നു. വിഷയം കോടതിയിലെത്തി. കോടതി തടഞ്ഞതോടെ പദ്ധതി നിലച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ പോയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. സി കെ വിദ്യാസാഗറായിരുന്നു വിയ്യാട്ടിന്റെ അഭിഭാഷകന്‍. ഭൂമിയുടെ ഉപരിതലം മാത്രമല്ല ഭൂമധ്യഭാഗം വരെ ഉടമയുടെ സ്വന്തമാണെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. ഈ വാദം ഹര്‍ജിക്കാര്‍ക്ക് പ്രതികൂലമായി മാറി. കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം നഷ്ട പരിഹാരം നല്‍കാന്‍ കമ്പനി തയ്യാറായെങ്കിലും ഒരു കോടി വീതമാണ് ഹര്‍ജിക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഹര്‍ജിക്കാര്‍ പണത്തിനായി വിലപേശുകയാണെന്ന് ബോധ്യമായ കോടതി സര്‍ക്കാര്‍ സ്ഥലമെടുപ്പ് നടത്തി പദ്ധതി നടപ്പിലാക്കാന്‍ ഉത്തരവു നല്‍കി. ഒരു പൊതുതാല്‍പര്യമുള്ള പദ്ധതി ഇത്തരത്തില്‍ അട്ടിമറിക്കപ്പെടാന്‍ അനുവദിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിലെത്തി. ഹൈക്കോടതി വിധിയിലെ ശക്തമായ പരാമര്‍ശങ്ങള്‍ സുപ്രീംകോടതിയില്‍ വിയ്യാട്ടിന് തുണയായി. സുപ്രീം കോടതി വിധി എതിരായിരുന്നുവെങ്കില്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമായിരുന്നുവെന്ന് ശ്യാമള നായര്‍ ഓര്‍മിക്കുന്നു.

സെക്രട്ടേറിയറ്റ് വരെയുള്ള സര്‍ക്കാര്‍ ഓഫീസുകളും മന്ത്രിമന്ദിരങ്ങളും മജിസ്‌ട്രേറ്റ് കോടതി മുതല്‍ സുപ്രീം കോടതിവരെയുള്ള കോടതികളും കയറിയിറങ്ങി ഈ ചെറിയ വലിയ മനുഷ്യന്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് കെ എസ് ഇ ബിക്ക് 55 കോടിയുടെ ലാഭം നേടിക്കൊടുത്ത ഇടുക്കി ജില്ലയിലെ ഇരുട്ടുകുളത്തു പ്രവര്‍ത്തിക്കുന്ന വിയ്യാട്ട് വൈദ്യുതി നിലയം.

സ്ഥലമെടുപ്പിനായി റവന്യു വകുപ്പുമായി ബന്ധപ്പെട്ട നൂലാമാലകളിലേക്ക് കാര്യങ്ങള്‍ നീങ്ങി. അക്വിസിഷന്‍ ഓര്‍ഡര്‍ നല്‍കാന്‍ ജില്ലാ കളക്ടര്‍ തയ്യാറായില്ല. സെക്രട്ടേറിയറ്റില്‍ മന്ത്രി എ കെ ബാലനെ കണ്ടു കാര്യങ്ങള്‍ പറഞ്ഞതോടെ ഒരു മാസത്തിനകം വൈദ്യുതി വകുപ്പ് അക്വിസിഷന്‍ ഓര്‍ഡര്‍ ഇറക്കി. പക്ഷെ റവന്യു വകുപ്പിന്റെ ഓര്‍ഡര്‍ വേണമെന്ന് കളക്ടര്‍ ശഠിച്ചു. മന്ത്രി എ കെ ബാലനെ തന്നെ വീണ്ടും ശരണം പ്രാപിച്ചു. റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി നിവേദിത പി ഹരന്റെ ഉത്തരവ് എത്തിച്ച ശേഷമാണ് കളക്ടര്‍ ലാന്റ് അക്വിസിഷനുള്ള നടപടിയിലേക്ക് നീങ്ങാന്‍ തയ്യാറായത്. 2010ല്‍ പദ്ധതി കമ്മീഷന്‍ ചെയ്തുവെങ്കിലും ലാന്റ് അക്വിസിഷന്‍ ഇതുവരെ നടന്നിട്ടില്ലെന്നതാണ് ഇതിലെ മറ്റൊരു വിരോധാഭാസം.

2008 ഡിസംബര്‍ 16ന് മന്ത്രി എ കെ ബാലന്‍ തറക്കല്ലിട്ടു. കന്നിമൂല കല്ല് വെച്ച് സിമന്റ് ചെയ്ത് വാങ്ങി. അത്ര കൈപ്പുണ്യമുള്ള കൈയാണ് അദ്ദേഹത്തിന്റേതെന്ന് പി ഡി നായര്‍ പറയുന്നു. എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് 1.5 മെഗാവാട്ടിന്റെ രണ്ടാം ഘട്ടത്തിന് 2011 മെയ് 25ന് അനുമതി നല്‍കി. ഫണ്ടിന്റെ ലഭ്യത ഉറപ്പാക്കുന്ന ഫിനാന്‍ഷ്യല്‍ ക്ലോഷര്‍ മുതല്‍ 36 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. 2011 നവംബര്‍ 8ന് എസ് ബി ഐയില്‍ നിന്ന് ലോണ്‍ ഉറപ്പാക്കിയതോടെ രണ്ടാം ഘട്ടം കമ്മീഷന്‍ ചെയ്യാനുള്ള 36 മാസം തികയുന്നത് 2014 നവംബര്‍ 7 നാണ്. എന്നാല്‍ മികച്ച ആസൂത്രണത്തിലൂടെയും നടത്തിപ്പിലൂടെയും 2012 ഏപ്രില്‍ നാലിന് രണ്ടാം ഘട്ടം കമ്മീഷന്‍ ചെയ്യാന്‍ സാധിച്ചു. രണ്ടര വര്‍ഷം അധികമായി വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിച്ചതിലൂടെ കെ എസ് ഇ ബിക്ക് അധിക നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ വിയ്യാറ്റില്‍ പവറിന് സാധിച്ചു.

എന്നാല്‍ ഇതിന് സര്‍ക്കാരില്‍ നിന്ന് ലഭിച്ച പ്രതിഫലം പി ഡി നായരെ അങ്ങേയറ്റം നിരാശനാക്കി. രണ്ടാം ഘട്ടം കമ്മീഷന്‍ ചെയ്യുമ്പോള്‍ നിലവിലിരുന്ന താരിഫ് പ്രകാരം കിലോവാട്ടിന് 2.94 രൂപയാണ് വിയ്യാറ്റില്‍ പവര്‍ പ്രൈവറ്റ് ലിമിറ്റഡിന് ലഭിക്കുന്നത്. എന്നാല്‍ വ്യവസ്ഥയനുസരിച്ച പദ്ധതി പൂര്‍ത്തിയാക്കേണ്ടിയിരുന്ന 2014 നവംബര്‍ 7ന് മുമ്പായി റെഗുലേറ്ററി കമ്മീഷന്‍ സ്വകാര്യ വൈദ്യുത പദ്ധതികള്‍ക്കുള്ള താരിഫ് കിലോവാട്ടിന് 5.25 രൂപയായി വര്‍ധിപ്പിച്ചു. തങ്ങള്‍ പദ്ധതി നേരത്തെ പൂര്‍ത്തിയാക്കിയതുകൊണ്ട് പുതുക്കിയ നിരക്ക് നിഷേധിക്കപ്പെടുന്നത് അനീതിയാണെന്ന് കാണിച്ച് സ്‌റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയെ പി ഡി നായര്‍ സമീപിച്ചെങ്കിലും ആവശ്യം പരിഗണിക്കാന്‍ പോലും തയ്യാറായില്ല. കേന്ദ്ര അതോറിട്ടിയും ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതിനെതിരെ പി ഡി നായര്‍ നല്‍കിയ ഹര്‍ജി ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

പവര്‍ എക്‌സ്‌ചേഞ്ചില്‍ വില്‍പന നടത്താന്‍ കഴിയുന്ന റിന്യുവബിള്‍ എനര്‍ജി സര്‍ട്ടിഫിക്കറ്റ് വിയ്യാറ്റില്‍ പവര്‍ കമ്പനിക്ക് അനര്‍ട്ട് നിഷേധിച്ചതിനെതിരെയും പി ഡി നായര്‍ നിയമപോരാട്ടത്തിലാണ്. ഇതുസംബന്ധിച്ച അദ്ദേഹത്തിന്റെ പരാതി ഡല്‍ഹിയിലെ അപ്പലറ്റ് ട്രൈബ്യൂണലില്‍ പെന്‍ഡിംഗിലാണ്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് 11 കേസുകള്‍ അഭിമുഖീകരിക്കേണ്ടിവന്നു. ഏഴ് കേസുകള്‍ കീഴ്‌കോടതിയിലും മൂന്ന് കേസുകള്‍ ഹൈക്കോടതിയിലും ഒരു കേസ് സുപ്രീം കോടതിയിലുമാണ് നടന്നത്. കോടതി ഇടപെടലുകളെതുടര്‍ന്ന് ഒരു വര്‍ഷത്തോളം വൈദ്യുതി നിലയത്തിന്റെ നിര്‍മാണം നിര്‍ത്തിവെക്കേണ്ടിവന്നു. പവര്‍ ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതി വൈകിയത് വലിയ സാമ്പത്തിക നഷ്ടത്തിന് കഴിവെച്ചു. ഒരു കോടി രൂപയുടെ നാല് മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ച് കൈമാറാന്‍ ഇതുമൂലം സാധിക്കാതെ വന്നു.

കെ എസ് ഇ ബിക്ക് പത്തുവര്‍ഷം കൊണ്ട് വിയ്യാറ്റില്‍ പവര്‍ പ്രോജക്ട് നേടിക്കൊടുത്ത ലാഭം 55.8 കോടി രൂപയാണ്. 31 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് വൈകീട്ട് ആറ് മണി മുതല്‍ 10 മണി വരെ നിലയത്തില്‍ ഉല്‍പാദിപ്പിക്കുന്നത്. പീക്ക് ടൈമില്‍ കിലോവാട്ടിന് 16 രൂപ നിരക്കില്‍ ഇത്രയും വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്ന ഇനത്തില്‍ 49.6 കോടിയും ആവറേജ് പവര്‍ പര്‍ച്ചേസിംഗ് ഇനത്തില്‍ 45.9 കോടി രൂപയും വൈദ്യുതി ബോര്‍ഡിന് നേടാന്‍ കഴിയുന്നു. ഇതില്‍ വിയ്യാറ്റില്‍ കമ്പനിക്ക് നല്‍കിയ 39.7 കോടി രൂപ കിഴിച്ച്് (കിലോവാട്ടിന് 2.70 രൂപ നിരക്ക്) 55.8 കോടി രൂപയാണ് ഈ ചെറുകിട വൈദ്യുത പദ്ധതികൊണ്ട് കെ എസ് ഇ ബിക്ക് ലാഭിക്കാന്‍ കഴിഞ്ഞത്.

2010 സെപ്തംബര്‍ മുതല്‍ 2017 സെപ്തംബര്‍ വരെയുള്ള ഏഴ് വര്‍ഷം കൊണ്ട് 147 ദശലക്ഷം യൂണിറ്റ് ഗ്രീന്‍ എനര്‍ജിയാണ് പദ്ധതി നാടിന് വേണ്ടി നിര്‍മിച്ചത്. 1,32,300 ടണ്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് അന്തരീക്ഷത്തില്‍ കലരുന്നത് ഒഴിവാക്കാന്‍ സാധിച്ചുവെന്നത് പദ്ധതി മൂലം പരിസ്ഥിതിക്കുണ്ടായ നേട്ടമാണ്. ക്ലീന്‍ ഡെവലപ്‌മെന്റ് മെക്കാനിസം (സി ഡി എം) പദവി കിട്ടുന്ന കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ നാലാമത്തെയും പദ്ധതിയാണ് ഇരുട്ടുകുളം ജല വൈദ്യുത പദ്ധതി. ഇതിന്റെ ഭാഗമായി കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം നേടുകയും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട യുണൈറ്റഡ് നേഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷനില്‍ രജിസ്‌ട്രേഷന്‍ നേടുകയും ചെയ്തു. 2010ല്‍ ബെല്‍ജിയം ഗവണ്‍മെന്റുമായി എമിഷന്‍ റിഡക്ഷന്‍ പര്‍ച്ചേസ് എഗ്രിമെന്റും ഒപ്പുവെച്ചു. ഇതിന്‍ പ്രകാരം 2013 മാര്‍ച്ചില്‍ 6496 കാര്‍ബണ്‍ ക്രെഡിറ്റ് യൂണിറ്റുകളും അതേ വര്‍ഷം ഒക്ടോബറില്‍ 13,884 കാര്‍ബണ്‍ ക്രെഡിറ്റ് യൂണിറ്റുകളും വില്‍പന നടത്തി. ഒരു കോടിയോളം രൂപയാണ് കാര്‍ബണ്‍ ക്രെഡിറ്റിലൂടെ കമ്പനി നേടിയത്.

2017 മാര്‍ച്ചില്‍ ഡല്‍ഹിയിലെ സ്‌കോച്ച് ഫൗണ്ടേഷന്‍ രാജ്യത്തെ ഏറ്റവും മികച്ച എം എസ് എം ഇകള്‍ക്ക് നല്‍കിയ അവാര്‍ഡിന് വിയ്യാറ്റില്‍ പവര്‍ അര്‍ഹരായി. ചെയര്‍പേഴ്‌സന്‍ എസ് ശ്യാമള നായരും എം ഡി പി ഡി നായരും ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ആക്‌സിസ് ബാങ്ക് 2016ല്‍ നല്‍കിയ മികച്ച 100 എം എസ് എം ഇകള്‍ക്കുള്ള പുരസ്‌കാരത്തിനും വിയ്യാറ്റില്‍ പവര്‍ അര്‍ഹരായി. കമ്പനി ഡയറക്ടറായ സതീഷ് ജി പിള്ളയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

 

Comments

comments

Categories: FK Special, Slider