പ്രീമിയം ബൈക്കുകള്‍ക്കായി ഹീറോ പ്രത്യേക റീട്ടെയ്ല്‍ ശൃംഖല തുടങ്ങും

പ്രീമിയം ബൈക്കുകള്‍ക്കായി ഹീറോ പ്രത്യേക റീട്ടെയ്ല്‍ ശൃംഖല തുടങ്ങും

150 സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകള്‍ വില്‍ക്കുന്നതിനാണ് പുതിയ വഴി തേടുന്നത്

ന്യൂ ഡെല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ് പ്രീമിയം ബൈക്കുകള്‍ വില്‍ക്കുന്നതിന് പ്രത്യേക റീട്ടെയ്ല്‍ ശൃംഖല തുടങ്ങും. 150 സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകള്‍ വില്‍ക്കുന്നതിനാണ് കമ്പനി പുതിയ വഴി തേടുന്നത്. സ്‌പ്ലെന്‍ഡര്‍, എച്ച്എഫ് ഡീലക്‌സ്, ഗ്ലാമര്‍ തുടങ്ങിയ കമ്യൂട്ടര്‍ ബൈക്കുകളാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ ബ്രെഡ് ആന്‍ഡ് ബട്ടര്‍. രാജ്യത്തെ ആറായിരത്തിലധികം ഡീലര്‍ഷിപ്പുകളിലൂടെയാണ് നിലവില്‍ ഈ ബൈക്കുകള്‍ വില്‍ക്കുന്നത്. ഹീറോയുടെ പെര്‍ഫോമന്‍സ് ബൈക്കുകളും ഇതേ ഷോറൂമുകളിലൂടെ വിറ്റഴിക്കുന്നു.

വരുംവര്‍ഷങ്ങളില്‍ ഉയര്‍ന്ന എന്‍ജിന്‍ ശേഷിയുള്ള കൂടുതല്‍ മോഡലുകള്‍ പ്രീമിയം സെഗ്‌മെന്റില്‍ ഉണ്ടാകുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍, എംഡി, സിഇഒ പവന്‍ മുഞ്ജാല്‍ അറിയിച്ചു. 100 സിസി മോട്ടോര്‍സൈക്കിള്‍ വാങ്ങുന്നയാളും പ്രീമിയം ബൈക്ക് വാങ്ങുന്ന വ്യക്തിയും രണ്ടും രണ്ടാണ്. അതിനാല്‍ പ്രീമിയം ഉപയോക്താക്കള്‍ക്കായി പ്രത്യേക റീട്ടെയ്ല്‍ ശൃംഖല ആരംഭിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഹീറോ മോട്ടോകോര്‍പ്പ് ഈ സാമ്പത്തിക വര്‍ഷം അര ഡസന്‍ മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കും

ഹീറോ മോട്ടോകോര്‍പ്പ് ഈ സാമ്പത്തിക വര്‍ഷം അര ഡസന്‍ മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കും. ഇതില്‍ പ്രീമിയം മോഡലുകള്‍ ഉണ്ടായിരിക്കുമെന്ന് പവന്‍ മുഞ്ജാല്‍ വ്യക്തമാക്കി. സ്‌കൂട്ടര്‍ മോഡലുകളും പുറത്തിറക്കും. മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ കഴിഞ്ഞ ദിവസം ഹീറോ മോട്ടോകോര്‍പ്പ് പ്രീമിയം സെഗ്‌മെന്റില്‍ വരുന്ന എക്‌സ്പള്‍സ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. മറ്റ് മോഡലുകള്‍ അണിയറയിലുണ്ടെന്ന് പവന്‍ മുഞ്ജാല്‍ പറഞ്ഞു.

150 സിസിക്ക് മുകളിലുള്ള കൂടുതല്‍ ബൈക്കുകളും സ്‌കൂട്ടറുകളും കമ്പനി വിപണിയിലെത്തിക്കും. ഹീറോ മോട്ടോകോര്‍പ്പിന് ചെറിയ വിപണി വിഹിതം മാത്രമുള്ള സ്‌കൂട്ടര്‍, പ്രീമിയം സെഗ്‌മെന്റുകളില്‍ വലിയ വളര്‍ച്ച പ്രകടമാണ്. അതേസമയം തങ്ങള്‍ക്ക് ഏറ്റവുമധികം വരുമാനമുണ്ടാക്കിത്തരുന്ന കമ്യൂട്ടര്‍ ബൈക്ക് സെഗ്‌മെന്റിനെ അവഗണിക്കാന്‍ കഴിയില്ലെന്ന് പവന്‍ മുഞ്ജാല്‍ പറഞ്ഞു. എങ്കിലും സ്‌കൂട്ടറുകളിലും പ്രീമിയം ബൈക്കുകളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

Comments

comments

Categories: Auto