ഉല്‍സവ സീസണിലും സ്വര്‍ണ ആവശ്യകതയില്‍ ഇടിവ്

ഉല്‍സവ സീസണിലും സ്വര്‍ണ ആവശ്യകതയില്‍ ഇടിവ്

ഇറക്കുമതിയില്‍ 25% ഇടിവെന്ന് വിലയിരുത്തല്‍

മുംബൈ: ഈ വര്‍ഷം നാലാം പാദത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ 25 ശതമാനം ഇടിവുണ്ടായേക്കുമെന്ന് വ്യാവസായിക മേഖലയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെയും അനലിസ്റ്റുകളുടെയും നിരീക്ഷണം. രാജ്യത്ത് ഉത്സവസീസണിലും സ്വര്‍ണ ആവശ്യകതയില്‍ ഇടിവ് അനുഭവപ്പെട്ടതും ഉയര്‍ന്ന നേട്ടം ലക്ഷ്യമിട്ട് നിക്ഷേപകര്‍ ഓഹരികളുള്‍പ്പെടെയുള്ള ആസ്തികളില്‍ ശ്രദ്ധകേന്ദ്രീകരിച്ചതുമാണ് ഇറക്കുമതി ഇടിയാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ദീപാവലി, ദസറ തുടങ്ങിയ ആഘോഷങ്ങളുടെയും വിവാഹസീസണിന്റെ ഭാഗമായി സാധാരണ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ സ്വര്‍ണ ആവശ്യകത ഉയരാറാണ് പതിവ്. എന്നാല്‍, ഈ വര്‍ഷം ദീപാവലിയോടനുബന്ധിച്ചുള്ള സ്വര്‍ണത്തിന്റെ ഉപഭോഗം സാധാരണ ഇക്കാലയളവില്‍ ഉള്ളതിനേക്കാല്‍ കുറവായിരുന്നുവെന്നാണ് വ്യാവസായിക വൃത്തങ്ങള്‍ പറയുന്നത്. സ്വര്‍ണ ഉപഭോഗത്തിന്റെ കാര്യത്തില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാമതു നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ സ്വര്‍ണ ഉപഭോഗത്തില്‍ അനുഭവപ്പെടുന്ന ഇടിവ് ആഗോള സ്വര്‍ണ വിലയിലും സ്വാധീനം ചെലുത്തുമെന്നാണ് ഈ മേഖലയില്‍ നിന്നുള്ളവരുടെ നിരീക്ഷണം.

ആഗോള തലത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നിന്നും സ്വര്‍ണ വില ഇതിനോടകം ആറ് ശതമാനം ഇടിഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ സ്വര്‍ണ ഇറക്കുമതിയാണ് ഈ വര്‍ഷം ഒക്‌റ്റോബറില്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലും ഇറക്കുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് താഴേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് ജിഎഫ്എംഎസില്‍ നിന്നുള്ള മുതിര്‍ന്ന അനലിസ്റ്റ് സുധീഷ് നമ്പ്യാത്ത് പറഞ്ഞു.

മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇറക്കുമതി ചെയ്ത 234 ടണ്ണില്‍ നിന്നും ഈ വര്‍ഷം ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 175 ടണ്ണായി ചുരുങ്ങുമെന്നാണ് സുധീഷിന്റെ വിലയിരുത്തല്‍. ജിഎഫ്എംഎസില്‍ നിന്നുള്ള കണക്കുപ്രകാരം, നടപ്പു വര്‍ഷത്തിന്റെ ആദ്യ ഒന്‍പതുമാസ കാലയളവില്‍ രാജ്യത്തേക്കുള്ള സ്വര്‍ണ ഇറക്കുമതി 131 ശതമാനം വര്‍ധിച്ച് 638.4 ടണ്ണിലെത്തിയിരുന്നു. ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് (അതായത് വില്‍പ്പന നികുതി വര്‍ധിപ്പിക്കുന്നതിനു മുന്‍പ്) ജുവല്‍റികള്‍ മൂന്‍കൂറായി സ്വര്‍ണം വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതാണ് ഇക്കാലയളവില്‍ സ്വര്‍ണ ഇറക്കുമതിയിലുണ്ടായ വര്‍ധനവിന് കാരണം.

Comments

comments

Categories: Slider, Top Stories